ADVERTISEMENT

ചെന്നൈ ∙ മരണം മുൻകൂട്ടിക്കണ്ട് ചെന്നൈ സ്വദേശിയായ എജ്ജി കെ. ഉമാമഹേഷ് 2 ചരമക്കുറിപ്പെഴുതി; ഒന്ന് പത്രത്തിലേക്കും മറ്റൊന്നു ഫെയ്സ്ബുക്കിലേക്കും. സങ്കീർണമായ ഹൃദയ ശസ്ത്രക്രിയയെത്തുടർന്നു എജ്ജി (72) കഴിഞ്ഞ ദിവസം ജീവിതത്തോടു വിട പറഞ്ഞു. ഉടൻ അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ വാർത്ത വന്നു. സ്വയമെഴുതിയ ചരമക്കുറിപ്പ് എന്ന അറിയിപ്പോടെ പ്രമുഖ ഇംഗ്ലിഷ് പത്രത്തിലെ പരസ്യക്കോളത്തിൽ ഇന്നലെയും. 

അവയവങ്ങൾ അർഹരായർവക്കു മാറ്റിവയ്ക്കാൻ സംഭാവന നൽകുന്നുവെന്നും ബാക്കി വരുന്ന ശരീരം പരീക്ഷണങ്ങൾക്കായി വിട്ടുനൽകുന്നുവെന്നും കുറിപ്പിലുണ്ട്. 2 ആഗ്രഹങ്ങളും കുടുംബം നിറവേറ്റി.

ഭൂമി എന്ന ഗ്രാമത്തിൽ, മതരഹിതനായി, സ്വന്തം നിയമങ്ങളോടെ ജീവിച്ചവൻ എന്നാണു എജ്ജി ചരമക്കുറിപ്പിൽ സ്വയം വിശേഷിപ്പിക്കുന്നത്. നടൻ, കാർ റാലി ഡ്രൈവർ, സംഘാടകൻ, മാനവികതാവാദി, യുക്തിവാദി, മുഴുവൻ സമയ ഭർത്താവും ഹോം മേക്കറും എന്നിങ്ങനെ പോകുന്നു സ്വയം നൽകുന്ന വിശേഷണങ്ങൾ. 

പ്രിയ സുഹൃത്തുക്കൾക്കും ശത്രുക്കൾക്കും അതിനിടയിലുള്ളവർക്കുമായി നൽകുന്ന ഉപദേശവും കുറിപ്പിലുണ്ട്: ‘‘എന്റെ പാർട്ടി കഴിഞ്ഞു. സമയം അതിവേഗം കടന്നുപോകുകയാണ്. അതിനാൽ, നന്നായി ജീവിക്കുക, ആസ്വദിക്കുക, ആഘോഷം തുടരുക.’’

ഫെയ്സ്ബുക്കിലെഴുതിയ ചരമക്കുറിപ്പിൽ സ്വന്തം ശരീരത്തെ വിന്റേജ് കാറിനോടാണ് അദ്ദേഹം ഉപമിച്ചത്. കാർ നന്നാക്കാൻ ഇന്ത്യയിലെ ഏറ്റവും മിടുക്കരായ മെക്കാനിക്കുകൾ ഏറ്റവും മികച്ച ഉപകരണങ്ങൾ കൊണ്ടു ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും അതുകൊണ്ട് ഉപേക്ഷിക്കുകയാണെന്നും കൊള്ളാവുന്ന പാർട്സ് ഇതേപോലെ പഴയ കാറുള്ളവർക്ക് ഉപയോഗിക്കാനായി നൽകുകയാണെന്നും കുറിപ്പിലുണ്ട്.

ചെന്നൈയിൽ സിനിമാ തിയറ്ററിലെ ജീവനക്കാരനായി ജോലി തുടങ്ങിയ എജ്ജി സ്വപ്രയത്നത്തിലൂടെ വിജയം നേടിയ ആളാണ്. സ്വന്തം ബിസിനസ്സിനൊപ്പം ഇഷ്ടവിനോദമായ കാർ റാലിയിലും സജീവമായി. ബുദ്ധ ഇന്റർനാഷനൽ സർക്യൂട്ടിലെ ഫോർമുല വൺ ഇന്ത്യൻ ഗ്രാൻഡ് പ്രീ ഡപ്യൂട്ടി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ശ്യാമളയാണു ഭാര്യ. മക്കൾ: രസിക, സരിക.

Content Highlights: Ejji writes self obituary note

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com