തിരയടങ്ങാത്ത ഗുരുസാഗരം

swamy-kalam
സംഗീതജ്ഞൻ പി. എസ്. നാരായണസ്വാമി അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിൽനിന്ന് പദ്മഭൂഷൺ സ്വീകരിച്ചപ്പോൾ.
SHARE

രാഗങ്ങൾ പാതിയിൽ നിർത്തി പി.എസ്. നാരായണസ്വാമി നിശ്ശബ്ദമായി. ഈ നിശ്ശബ്ദതയിൽ അനാഥമാവുന്നത് അനേകമനേകം സംഗീതജ്ഞരായ ശിഷ്യരാണ്. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയശിഷ്യൻ പി.എസ്. നാരായണസ്വാമിയെ സംഗീതജ്ഞൻ പാലാ സി.കെ. രാമചന്ദ്രൻ അനുസ്‌മരിക്കുന്നു...

ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ഏറ്റവും മുതിർന്ന ശിഷ്യരിൽ ഒരാളാണ് പി.എസ്. നാരായണസ്വാമി. ഏറ്റവും പ്രിയപ്പെട്ട ശിഷ്യനും. തമിഴ്നാട്ടിൽ കുട്ടികളെ വാത്സല്യത്തോടെ വിളിക്കുന്നത് ‘പിച്ചൈ’ എന്നാണ്. ഗുരുനാഥൻ നാരായണസ്വാമിയെ ‘പിച്ചൈ’ എന്നാണ് വിളിച്ചിരുന്നത്.

1963 ലാണ് ഞാൻ ചെന്നൈയിലെത്തിയത്. നാരായണ സ്വാമിയുമായി അക്കാലം മുതലുള്ള അടുപ്പമാണ്. അദ്ദേഹം എനിക്ക് ജ്യേഷ്ഠനെപ്പോലെയായിരുന്നു. സ്വാമിയും വി.ആർ. കൃഷ്ണനും എന്റെ ഗുരുനാഥൻ ശെമ്മാങ്കുടിയുടെ വീട്ടിൽവന്ന് പഠിക്കുമ്പോൾ ഞാനും അവിടെയുണ്ടായിരുന്നു.

ഏറെ തിരക്കുള്ളയാളാണ് ഗുരുനാഥൻ. ചിലപ്പോൾ ചില പാട്ടുകൾ പഠിപ്പിച്ച ശേഷം കൂടുതൽ പരിശീലിക്കാനും സംശയങ്ങൾ തീർക്കാനുമായി എന്നെ നാരായണസ്വാമിയുടെ അടുത്തേക്ക് പറഞ്ഞുവിടും. നാരായണസ്വാമി ഏറെ സ്നേഹത്തോടെയും കരുതലോടെയും മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ.തഞ്ചാവൂർ സ്വദേശിയാണ് പുലിയൂർ സുബ്രഹ്മണ്യം നാരായണസ്വാമി. 

പന്ത്രണ്ടാംവയസിൽ  ഗാനകലാ രത്ന പുരസ്കാരം നേടിയ അദ്ദേഹത്തെത്തേടി 1999ൽ സംഗീത കലാ ആചാര്യ പുരസ്കാരമെത്തി. 2003ൽ പദ്മഭൂഷൺ ലഭിച്ചു. ആകാശവാണിയിൽ  കുറച്ചുകാലം ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ലോകമെങ്ങും പന്തലിച്ചുകിടക്കുന്ന വലിയ ശിഷ്യസമ്പത്തുണ്ട്.ഗുരുനാഥന്റെ കച്ചേരികളിൽ നാരായണ സ്വാമിയും വി.ആർ കൃഷ്ണനും പാട്ടുകാരായെത്താറുണ്ട്. പക്ഷേ, ഇരുവരും പ്രശസ്തരായതോടെ തിരക്കു വർധിച്ചു. 

അതുകൊണ്ട് അവർക്ക് ഒഴിവുള്ള അവസരങ്ങളിൽ മാത്രമേ ഗുരുനാഥൻ കച്ചേരിക്കു വിളിക്കാറുള്ളൂ.ഗുരുനാഥന്റെ അവസാന നിമിഷങ്ങളിൽ നാരായണസ്വാമിയും ഞാനുമടക്കമുള്ള ശിഷ്യർ അടുത്തുണ്ടായിരുന്നു.

നാരായണ സ്വാമി കോഴിക്കോട്ടും മഞ്ചേരിയിലുമൊക്കെ കച്ചേരിക്കു വരുമ്പോൾ കോഴിക്കോട് നഗരത്തിലെ ഹോട്ടലിലാണ് കുടുംബസമേതം താമസിക്കുക. ചാലപ്പുറത്തെ എന്റെ വീട്ടിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തും.ആറുമാസം മുൻപു വരെ അദ്ദേഹവുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. പ്രായാധിക്യം കാരണം അദ്ദേഹം അവശനായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയാണ് ഫോണെടുത്ത് നമ്മൾ പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാറുള്ളത്. ആ സ്വരഗാംഭീര്യത്തിനു മുന്നിൽ പ്രണാമം!

Content Highlights: Carnatic vocalist P S Narayanaswamy dies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA