യച്ചൂരിക്ക് ഡി. രാജയുടെ മറുപടി: മേൽത്തട്ടിൽ ഐക്യമില്ലാതെ താഴേത്തട്ടിൽ എന്ത് ഒരുമ?

d-raja
ഡി.രാജ
SHARE

ന്യൂഡൽഹി ∙ മേൽത്തട്ടിൽ രാഷ്ട്രീയമായ ഐക്യമില്ലെങ്കിൽ താഴേത്തട്ടിൽ ഒരുമിച്ചുള്ള പ്രവർത്തനം വിജയിക്കില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എഴുത്തുകാരൻ സക്കറിയയുമായി ‘മനോരമ’യ്ക്കു വേണ്ടി നടത്തിയ സംഭാഷണത്തിൽ സിപിഐയെക്കുറിച്ച് ഉന്നയിച്ച വിമർശനങ്ങളോടു പ്രതികരിക്കുകയായിരുന്നു രാജ.

‘ഞങ്ങൾ ’മാത്രം ശരിയെന്ന് കരുതരുത് 

ഞങ്ങൾ ചെയ്യുന്നതു മാത്രമാണ് ശരിയെന്ന് ആരും അവകാശപ്പെടരുത്. ചരിത്രപാഠങ്ങളുൾക്കൊണ്ട് വെല്ലുവിളികൾ മനസ്സിലാക്കി യാഥാർഥ്യബോധത്തോടെ മുന്നോട്ടുപോകണം. പിളർപ്പ് എളുപ്പമാണ്, ഏതു പ്രസ്ഥാനത്തിലും അതു സംഭവിക്കാം. എന്നാൽ, ലയനം പ്രയാസകരമെന്ന് ഞങ്ങൾക്കുമറിയാം. ഞങ്ങൾ പുനരൈക്യത്തെക്കുറിച്ചു പറഞ്ഞപ്പോൾ രണ്ടു പാർട്ടികളുടെയും പരിപാടികളിൽ വ്യത്യാസമുണ്ടെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ വാദം. പിളർപ്പിന്റെ സമയത്ത് അവർ ജനകീയ ജനാധിപത്യ വിപ്ലവം പറഞ്ഞു, ഞങ്ങൾ േദശീയ ജനാധിപത്യ വിപ്ലവമെന്നും. എന്താണ് ഇപ്പോൾ പരിപാടികളിലുള്ള വ്യത്യാസം – ഡി. രാജ ചോദിച്ചു.

ഇടക്കാലത്ത് എ.ബി.ബർദനും ഇ. ബാലാനന്ദനും ചേർന്ന് തൊഴിലാളി യൂണിയനുകളുടെ ലയനത്തിനു ശ്രമിച്ചു. കർഷക സംഘടനകളെ ഒന്നിപ്പിക്കാൻ ‍ഞങ്ങളുടെ നേതാവ് ഭോഗേന്ദ്ര ഝാ ശ്രമിച്ചു. രണ്ടും പരാജയപ്പെട്ടു. എന്തുകൊണ്ട് ഒരുമിച്ചുകൂടായെന്ന് ഇപ്പോൾ ചോദിക്കുന്നത് താഴേത്തട്ടിലുള്ള പ്രവർത്തകരും ബിജെപി–ആർഎസ്എസ് ഭരണത്തെക്കുറിച്ച് ആശങ്കയുള്ള പൗരൻമാരുമാണ്. 

എന്താണ് അവർക്കു നൽകാനുള്ള ഉത്തരം? വിശാലമായ കമ്യൂണിസ്റ്റ് പുനരൈക്യമാണ് സിപിഐ 1986 മുതൽ പറയുന്നതെന്നും രാജ പറഞ്ഞു. എന്നാൽ, ഇപ്പോൾ ലയനം അടിയന്തരമായി അജൻഡയിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം രൂപീകരിച്ചില്ലായിരുന്നെങ്കിൽ, അടിയന്തരാവസ്ഥയ്ക്കു ശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ ഇല്ലാതാകുമായിരുന്നുവെന്നുൾപ്പെടെ യച്ചൂരി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇപ്പോഴത്തെ സ്ഥിതിയെന്ത്?

ഇപ്പോൾ എന്താണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്ഥിതിയെന്നതു വസ്തുതാപരമായി വിലയിരുത്തണമെന്ന് രാജ പറഞ്ഞു. ബംഗാളിൽ എന്താണു സംഭവിച്ചത്? തമിഴ്നാട്ടിൽ ഇപ്പോൾ രണ്ടു പാർട്ടികൾക്കും ഒരു എംഎൽഎ പോലുമില്ല. 1964ലെ പിളർപ്പിനു ശേഷം പല പിളർപ്പുകളുമുണ്ടായി. ഇപ്പോൾ എന്താണ് അവശേഷിക്കുന്നത്? ഒരുമിച്ചായിരുന്നപ്പോൾ മുഖ്യ പ്രതിപക്ഷമായിരുന്നു. ജ്യോതി ബസു പ്രധാനമന്ത്രിപദം സ്വീകരിക്കേണ്ടെന്നു സിപിഎം തീരുമാനിച്ചു. അതു ചരിത്രപരമായ വിഡ്ഢിത്തമെന്ന് ബസു തന്നെ പറഞ്ഞു.

പുതിയ വെല്ലുവിളികൾ കാണണം

ഞങ്ങൾ അടിയന്തരാവസ്ഥയെ ആദ്യം അനൂകൂലിച്ചു.     എന്നാൽ, ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നു കണ്ടപ്പോൾ 1978ൽ ഞങ്ങൾ നിലപാടു തിരുത്തി. തുടർന്നാണ് ഇടതു ജനാധിപത്യ ബദൽ മുന്നോട്ടുവയ്ക്കപ്പെട്ടതും പി.കെ.വാസുദേവൻ നായർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതും. 

പിളർപ്പിനു ശേഷവും മികച്ച നേതാക്കളെ നൽകാൻ സിപിഐയ്ക്കു സാധിച്ചിട്ടുണ്ട്.    ഇപ്പോൾ ചരിത്രം പറഞ്ഞുള്ള അവകാശവാദങ്ങൾ ഉന്നയിക്കുകയല്ല, രാജ്യത്തിന്റെ വൈവിധ്യമുൾക്കൊണ്ട്, ഇക്കാലത്തെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുപോകാൻ ശ്രമമിക്കുകയാണു വേണ്ടത് – രാജ പറഞ്ഞു.

Content Highlights: Interview with D.Raja

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA