ജെറ്റിന് പുതിയ നിക്ഷേപച്ചിറകുകൾ; നടത്തിപ്പിന് വിദേശ കൺസോർഷ്യം

JET AIRWAYS-RESULTS/
SHARE

ന്യൂഡൽഹി ∙ ജെറ്റ് എയർവേയ്സിന് ഇനി പുതിയ ഉടമകൾ.യുകെ കമ്പനിയായ കാർലോക് ക്യാപ്പിറ്റലും യുഎഇ വ്യവസായി മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യമാണ് കമ്പനി ഏറ്റെടുക്കുന്നത്. 

സാമ്പത്തിക പരാധീനതയിൽ വീണുപോയ ജെറ്റിനു പുതിയ ചിറകുകൾ നൽകാനുള്ള ഇവരുടെ പദ്ധതി കമ്പനിക്കു കടബാധ്യതയുള്ള സ്ഥാപനങ്ങളുടെ കമ്മിറ്റി ഇ–വോട്ടിങ്ങിലൂടെ അംഗീകരിച്ചു. ജെറ്റ് എയർവേയ്സിലേക്കു കൂടുതൽ ഫണ്ട്, കടം നൽകിയവർക്ക് ഓഹരി, പഴയ വിമാനങ്ങൾ വിറ്റു പുതിയ വിമാനങ്ങൾ തുടങ്ങിയവ കൺസോർഷ്യത്തിന്റെ പദ്ധതിയിലുണ്ടെന്നറിയുന്നു.

പാപ്പരായി 2019 ഏപ്രിൽ 17നാണ് ജെറ്റ് എയർവേയ്സ് നിലത്തിറങ്ങിയത്. ജെറ്റിന്റെ കടത്തിൽ 24 ശതമാനവും എസ്ബിഐക്കാണ്.

കാത്തിരിക്കുന്നത് ബാധ്യതകൾ

പുതിയ ഉടമകൾക്ക് 40,000 കോടിയോളം വരുന്ന ബാധ്യതകളും ഏറ്റെടുക്കേണ്ടി വരും. എസ്ബിഐ, യെസ് ബാങ്ക്, പിഎൻബി, ഐ‍ഡിബിഐ എന്നിവയ്ക്ക് കോടികൾ നൽകാനുണ്ട്. ജീവനക്കാരുടെ കുടിശിക, എയർപോർട്ടുകൾക്കും ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗത്തിനും നൽകാനുള്ള തുക എന്നിവയും കോടികളുണ്ട്. 22,000ത്തോളം ജീവനക്കാരുണ്ടായിരുന്ന ജെറ്റിൽ ഇപ്പോൾ ഏകദേശം 3300 പേരുണ്ട്. 

ഉടമകൾ

റിയൽ എസ്റ്റേറ്റ് അടക്കം വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്ന കമ്പനികളാണ് ഫ്ലോറിയൻ ഫ്രിറ്റ്ഷ് എന്ന വ്യവസായിയുടെ കാർലോക് ക്യാപിറ്റലും മുരാരി ലാൽ ജലാനും. കാർലോക് 2008ൽ ടെസ്‌ലയിൽ അടക്കം നിക്ഷേപം നടത്തിയതായി സ്ഥാപനത്തിന്റെ വെബ്സൈറ്റ് പറയുന്നു.

ഉഡാൻ സർവീസിന് ഫ്ലൈ ബിഗ് 

കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധികളിൽ ഉഴറുന്ന ആഭ്യന്തര വ്യോമയാന രംഗത്തേക്ക് പുതിയ വിമാനക്കമ്പനിയും വരുന്നു. ജെറ്റ് എയർവേയ്സ് ഏറ്റെടുക്കാനുള്ള ശ്രമത്തിൽ മുൻപിലുണ്ടായിരുന്ന ഇംപീരിയൽ ക്യാപിറ്റൽ–എഫ്എസ്ടിസി കൺസോർഷ്യത്തിന്റെ ഫ്ലൈ ബിഗ് എന്ന എയർലൈൻ ഉടൻ സർ‌വീസ് തുടങ്ങും. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിക്കു കീഴിലുള്ള വിമാനത്താവളങ്ങളിലേക്കാവും സർവീസ്. 6 എടിആർ വിമാനങ്ങളുപയോഗിച്ചാവും സർവീസ് തുടങ്ങുക.

Content Highlights: Kalrock Capital-Murari Jalan plan to revive Jet Airways

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA