ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തി മേഖലകളിൽ ദ്രുതഗതിയിലുള്ള സേനാ നീക്കത്തിനു വഴിയൊരുക്കാൻ 10 തുരങ്കങ്ങൾ കൂടി ഇന്ത്യ നിർമിക്കും. അടുത്തിടെ ഹിമാചലിലെ മണാലിയിൽ തുറന്ന അടൽ തുരങ്കത്തിനും ശ്രീനഗറിനെ കാർഗിൽ, ലേ എന്നിവയുമായി ബന്ധിപ്പിക്കാൻ സോജി ലായിൽ നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിനും പുറമേയാണിത്. 

അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യം തള്ളിയാണു തുരങ്ക പദ്ധതിയുമായി ഇന്ത്യ മുന്നോട്ടു നീങ്ങുന്നത്. പാക്ക്, ചൈന അതിർത്തി മേഖലകളിൽ വാഹന നീക്കം വേഗത്തിലാക്കാൻ അടുത്തിടെ 44 പാലങ്ങൾ ഇന്ത്യ നിർമിച്ചിരുന്നു. തുരങ്ക നിർമാണത്തിനായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പ്രാരംഭ നടപടികൾ ആരംഭിച്ചു.

പ്രധാനം ഡിബിഒ തുരങ്കം

കിഴക്കൻ ലഡാക്കിൽ ചൈനയോടു ചേർന്ന് ഇന്ത്യൻ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡിയിലേക്കുള്ള (ഡിബിഒ) തുരങ്കമാണ് ഇതിൽ പ്രധാനം. ഡിബിഒയെ ഡെപ്സാങ് താഴ്‌വരയുമായി ബന്ധിപ്പിച്ച് 17,800 അടി ഉയരത്തിലുള്ള പ്രദേശത്താണു തുരങ്കം നിർമിക്കുക. ഡിബിഒ – ഡെപ്സാങ് റോഡ് കയ്യടക്കി വ്യോമതാവളത്തിലേക്കുള്ള ഇന്ത്യൻ സേനാനീക്കം തടസ്സപ്പെടുത്താൻ ചൈന ശ്രമം നടത്തിയേക്കുമെന്ന വിലയിരുത്തലിലാണ് ബദൽ പാതയായി തുരങ്കം നിർമിക്കുന്നത്.

ചൈനയുടെ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഡെപ്സാങ്, ഡിബിഒ എന്നിവിടങ്ങളിൽ ഇന്ത്യയുടെ വൻ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തിയിലുള്ള നൂബ്ര താഴ്‌വര, ഖാർദുങ് ലാ, ചാങ് ലാ എന്നിവിടങ്ങളിലും തുരങ്കം നിർമിക്കും.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്  നാളെ അതിർത്തിയിൽ

ചൈനയോടു ചേർന്ന് നിർമിച്ച റോഡുകളും പാലങ്ങളും ഉദ്ഘാടനം ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെയും മറ്റന്നാളും സിക്കിമിലെ അതിർത്തി മേഖലകൾ സന്ദർശിച്ചേക്കും. ചൈനീസ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന ജവാൻമാരുമായി കൂടിക്കാഴ്ച നടത്തുന്നതും പരിഗണനയിലുണ്ട്. കിഴക്കൻ ലഡാക്കിൽ കാവൽ നിൽക്കുന്നജവാൻമാരെ അദ്ദേഹം മുൻപു സന്ദർശിച്ചിരുന്നു.

പുതിയ 10 തുരങ്കങ്ങൾ

ലഡാക്ക് – 8

ദൗലത് ബേഗ് ഒാൾഡി, നൂബ്ര താഴവര, ഖാർദുങ് ലാ, ചാങ് ലാ എന്നിവ ഉൾപ്പെടെ

കശ്മീർ –  2

പ്രയോജനം: ശൈത്യ മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്ന ഇവിടെ, തുരങ്കം തുറന്നാൽ വർഷം മുഴുവൻ സേനാ നീക്കം സാധ്യമാകും. 

നിർമാണം: ബോർഡർ റോഡ്സ് ഒാർഗനൈസേഷൻ (ബിആർഒ) 

ആകെ നീളം: 100 കിലോമീറ്റർ

Content highlights: India to build 10 tunnels

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com