ADVERTISEMENT

ഭോപാ‍ൽ ∙ ജ്യോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെ നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെ മധ്യപ്രദേശ് ഭരണം ബിജെപി അരക്കിട്ടുറപ്പിച്ചു. ഭരണം നിലനിർത്താൻ 8 ജയം മാത്രം വേണ്ടിയിരുന്ന ബിജെപി 28 സീറ്റിൽ 19 എണ്ണം നേടി. കോൺഗ്രസ് എട്ടും ബിഎസ്പി ഒന്നും സീറ്റിൽ മുന്നിലെത്തി.

നേരത്തേ കോൺഗ്രസ് വിജയിച്ചതാണ് 27 സീറ്റുകൾ. ജ്യോതിരാദിത്യ പക്ഷത്തെ 25 എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ വീണത്. ഉപതിരഞ്ഞെടുപ്പു നടന്ന ഗ്വാളിയർ മേഖലയിൽ എല്ലാ ചുമതലയും ജ്യോതിരാദിത്യ സിന്ധ്യയുടെ ചുമലിലായിരുന്നു. മികച്ച വിജയം നേടാനായതോടെ സിന്ധ്യ മധ്യപ്രദേശ് ബിജെപിയിലെ കരുത്തനായി മാറും. ജനവിധി അംഗീകരിക്കുന്നതായി കമൽനാഥ് പറഞ്ഞു. കോൺഗ്രസിന്റെ പ്രതിലോമ രാഷ്ട്രീയത്തെ ജനം നിരസിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പവർപ്ലേ

ഭോപാൽ / ലക്നൗ / അഹമ്മദാബാദ് ∙ ഉപതിരഞ്ഞെടുപ്പു നടന്ന 11 സംസ്ഥാനങ്ങളിലെ 59 നിയമസഭാ സീറ്റുകളിൽ നാൽപതും ബിജെപി നേടി. 8 സീറ്റും നേടി ഗുജറാത്തിൽ സമ്പൂർണവിജയം; ഏഴിൽ ആറു സീറ്റ് നേടി യുപിയിൽ ആധിപത്യം വ്യക്തമാക്കി. 

ഹരിയാനയിലെ ബറോദയിൽ ഒളിംപ്യൻ യോഗേശ്വർ ദത്തിനെ (ബിജെപി) ഇന്ദു രാജ് നർവാൽ തോൽപിച്ചതാണ് കോൺഗ്രസിന്റെ ശ്രദ്ധേയവിജയം.

∙ ഗുജറാത്ത് (8 സീറ്റ്): ബിജെപി എട്ടും ജയിച്ചു. 2017ൽ കോൺഗ്രസ് ജയിച്ചതാണ് ഈ മണ്ഡലങ്ങൾ. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസ് അംഗങ്ങൾ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.

∙ യുപി (7): ആറു സീറ്റ് ബിജെപിയും ഒരു സീറ്റ് സമാജ് വാദി പാർട്ടിയും നേടി. ഉന്നാവ് പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് കുൽദീപ് സിങ് സെൻഗർ രാജിവച്ച ബംഗർമാവിൽ ബിജെപി വിജയിച്ചു.

∙ മണിപ്പുർ (5): നാലിടത്തു ബിജെപിയും മറ്റൊന്നിൽ അവർ പിന്തുണച്ച സ്വതന്ത്രനും ജയിച്ചു. കോൺഗ്രസ് വിട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

∙ കർണാടക (2): കോൺഗ്രസിന്റെയും ജെഡി– എസിന്റെയം ഓരോ സീറ്റ് ബിജെപി നേടി.

∙ ജാർഖണ്ഡ് (2): കോൺഗ്രസും ജെഎംഎമ്മും ഓരോ സീറ്റ് നിലനിർത്തി.

∙ ഒഡിഷ (2): രണ്ടും ബിജെഡിക്ക്.

∙ നാഗാലാൻഡ് (2): എൻഡിപിപിക്കും സ്വതന്ത്രനും ഓരോ സീറ്റ്.

∙ തെലങ്കാന (1): ടിആർഎസ് സീറ്റ് ബിജെപി പിടിച്ചെടുത്തു.

∙ ഹരിയാന (1): കോൺഗ്രസിനു വിജയം

∙ ഛത്തീസ്ഗഡ് (1): മുൻമുഖ്യമന്ത്രി അജിത് ജോഗിയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന മർവാഹി  മണ്ഡലം കോൺഗ്രസ് നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com