ADVERTISEMENT

പട്ന ∙ ബിഹാർ മന്ത്രിസഭാ രൂപീകരണ വിഷയം ചർച്ച ചെയ്യാൻ ഇന്ന് എൻഡിഎ സംസ്ഥാന നേതൃയോഗം ചേരുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. സത്യപ്രതിജ്ഞയുടെ തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥികൾക്കെതിരെ മത്സരിച്ച എൽജെപിയെ ദേശീയതലത്തിൽ മുന്നണിയിൽ നിന്നു പുറത്താക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബിജെപി കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയുടെ ഘടനയും വകുപ്പു വിഭജനവും ഇന്നത്തെ നേതൃയോഗത്തിൽ ചർച്ച ചെയ്യുന്നതിനു മുൻപു ബിജെപി കേന്ദ്ര നേതാക്കളുമായി നിതീഷ് കുമാർ അനൗപചാരിക ചർച്ച നടത്തും. സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി ഇന്നലെ നിതീഷുമായി ചർച്ച നടത്തി. മുൻ മുഖ്യമന്ത്രിയായ മാഞ്ചി മന്ത്രി സ്ഥാനത്തേക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മകനും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ സന്തോഷ് സുമനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി തന്നെ മന്ത്രിസഭയിൽ പാർട്ടിയുടെ പ്രതിനിധിയാകാനാണു സാധ്യത.

ജെ‍ഡിയുവിന്റെ 8 മന്ത്രിമാരും ബിജെപിയുടെ 2 മന്ത്രിമാരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പുതുമുഖങ്ങൾക്കു സാധ്യതയേറി. നിലവിലെ മന്ത്രിസഭയിലുള്ള 29 മന്ത്രിമാരിൽ 5 പേർ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളാണ്. നിയമസഭയിൽ ജെഡിയുവിനേക്കാൾ 31 അംഗങ്ങൾ ബിജെപിക്കുള്ളതിന് ആനുപാതികമായി മന്ത്രിസഭാ പ്രാതിനിധ്യത്തിലും മാറ്റമുണ്ടാകും. ഇരുപതോളം മന്ത്രിമാരെ ബിജെപി ആവശ്യപ്പെട്ടേക്കുമെന്നാണു സൂചന. 

Content highlights: Bihar cabinet: NDA meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com