ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു–ശ്രീനഗർ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലിൽ 4 ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. പാക്കിസ്ഥാനിൽ നിന്നു നുഴഞ്ഞുകയറിയ ഭീകരരുമായെത്തിയ ട്രക്ക് ജമ്മു നഗരത്തിനു സമീപം സേന തടയുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. 

ജമ്മു കശ്മീർ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വൻപദ്ധതികളുമായാണു ഭീകരർ എത്തിയതെന്നു ജമ്മു ഐജിപി മുകേഷ് സിങ് അറിയിച്ചു. നഗ്രോത മേഖലയിലെ ബാൻ ടോൾ പ്ലാസയിൽ രാവിലെ അഞ്ചിനാണു ട്രക്ക് പരിശോധനയ്ക്കായി തടഞ്ഞത്. ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് സിആർപിഎഫിനും പൊലീസിനും നേരെ ട്രക്കിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു.

മൂന്നു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു നാലു പേരെയും വധിച്ചത്. 11 എകെ റൈഫിൾ, 29 ഗ്രനേഡുകൾ, 3 കൈത്തോക്കുകൾ, മൊബൈൽ,സാറ്റലൈറ്റ് ഫോണുകൾ എന്നിവയും സ്ഫോടകവസ്തുശേഖരവും പിടിച്ചെടുത്തു. 11 എകെ 47 റൈഫിളുകൾ പിടിച്ചെടുക്കുന്നത് ആദ്യസംഭവമാണെന്നും ഭീകരർ ഏതു മാർഗത്തിലൂടെയാണു നുഴഞ്ഞുകയറിയതെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

ഇന്നലെ പുൽവാമ ജില്ലയിൽ സേനയ്ക്കു നേരെ വെടിയുതിർത്തശേഷം കടന്നുകളഞ്ഞ ഭീകരർക്കായി തിരച്ചിൽ തുടരുന്നു. നവംബർ 28 മുതൽ വിവിധ ഘട്ടങ്ങളായാണു ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പു നടക്കുന്നത്.

English Summary: Four militants killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com