ADVERTISEMENT

ന്യൂഡൽഹി ∙ ഓക്സ്ഫഡ് വാക്സീന്റെ യുകെയിലെ പരീക്ഷണനടപടികളിൽ സംഭവിച്ച പിഴവിൽ ആശങ്കപ്പെടേണ്ടെന്ന് ഉൽപാദന കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട്. ഡോസേജിൽ വന്ന ചെറിയ പിഴവു മാത്രമാണതെന്നും സുരക്ഷയോ ഫലപ്രാപ്തിയോ സംബന്ധിച്ച് ആശങ്കയില്ലെന്നും കമ്പനി പ്രതികരിച്ചു. ഇന്ത്യയിലെ പരീക്ഷണം സുഗമമായി മുന്നോട്ടു പോകുന്നു. കുറഞ്ഞത് 60–70% ഫലപ്രാപ്തി ഉറപ്പാണ്. പ്രായ വ്യത്യാസത്തിനനുസരിച്ചു ഫലപ്രാപ്തിയിൽ മാറ്റങ്ങളുണ്ടാകാമെന്ന വിവരമാണ് യുകെ ട്രയലിൽ ലഭിച്ചത്. ഇക്കാര്യം തുടർ പരീക്ഷണങ്ങളിൽ പരിശോധിക്കുമെന്നാണു കരുതുന്നതെന്നും കമ്പനി വ്യക്തമാക്കി.

രാജ്യത്തെ വാക്സീൻ പരീക്ഷണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുണെ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെത്തും. സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, സൈഡസ് കാഡില എന്നിവ സന്ദർശിക്കും.ഇതിനിടെ, ഭാരത് ബയോടെക്കിന്റെ കോവാക്സീൻ മൂന്നാം ഘട്ട പരീക്ഷണത്തിനു ഭോപാലിലും തുടക്കമായി. രാജ്യത്തെ 22 ഇടങ്ങളിലായി 26,000 പേരിലാണ് മൂന്നാം ഘട്ടം.

റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ ഉൽപാദനത്തിനു ഹൈദരാബാദ് ആസ്ഥാനമായ ഹെറ്റിറോ ലാബും രംഗത്തെത്തി. 10 കോടി വാക്സീൻ ഡോസ് തയാറാക്കാൻ റഷ്യൻ സോവ്റിൻ വെൽത്ത് ഫണ്ടുമായി ധാരണയുണ്ടാക്കിയതായി കമ്പനി അറിയിച്ചു. ഹൈദരാബാദിലെ തന്നെ ഡോ. റെഡ്ഡീസ് നേതൃത്വം കൊടുക്കുന്ന സ്പുട്നിക് വാക്സീൻ ട്രയൽ വൈകാതെ തുടങ്ങും. ‌

മികച്ച ഫലപ്രാപ്തി അവകാശപ്പെടുന്ന ഫൈസർ വാക്സീൻ വാർത്തകളിൽ ഇടംപിടിക്കവേ, കോവിഡിനെതിരെ വാക്സീൻ തന്നെ ആവശ്യമില്ലെന്ന വാദവുമായി ഫൈസർ കമ്പനി മുൻ ഉപാധ്യക്ഷനും ചീഫ് സയിന്റിസ്റ്റുമായ ഡോ.മൈക്കിൾ യീഡൻ രംഗത്തെത്തി. കോവിഡ് ബാധിക്കാനിടയില്ലാത്തവർക്കു വാക്സീൻ എടുക്കേണ്ടതില്ലെന്നു പറഞ്ഞ അദ്ദേഹം, കാര്യമായി പരീക്ഷിക്കാത്ത വാക്സീൻ ആരോഗ്യവാന്മാരായ ആളുകളിൽ വ്യാപകമായി കുത്തിവയ്ക്കുന്നത് എങ്ങനെയെന്നും സംശയമുന്നയിച്ചു.

English Summary: PM Modi To Visit Serum Institute That's Making Oxford Vaccine, On Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com