ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ കർഷക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ‘ദില്ലി ചലോ’ മുദ്രാവാക്യവുമായി രാജ്യതലസ്ഥാനത്തേക്കു പ്രകടനം നയിച്ചെത്തിയ കർഷകർ നിലപാട് കടുപ്പിക്കുന്നു. ഹരിയാന അതിർത്തിയോടു ചേർന്ന് വടക്കൻ ഡൽഹിയിലെ ബുറാഡി നിരങ്കാരി മൈതാനത്തു സമരം അനുവദിക്കാമെന്ന ഡൽഹി പൊലീസിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി. 

മണ്ണിന്റെ പോരാട്ടവീര്യവും ‘ധർത്തീമാതാ കീ ജയ്’ ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനു പേർ ഹരിയാന – ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി എന്നിവിടങ്ങളിൽ രാത്രി നിലയുറപ്പിച്ചിരിക്കുകയാണ്. മധ്യ ഡൽഹിയിലെ ജന്തർ മന്തറിൽ സമരത്തിന് അനുമതി ലഭിക്കും വരെ ഇവിടെ തങ്ങുമെന്നറിയിച്ച കർഷകർ, താൽക്കാലിക താമസ സൗകര്യങ്ങളും സജ്ജമാക്കി. 6 മാസം വരെ ഡൽഹിയിൽ തങ്ങാൻ ലക്ഷ്യമിട്ട് ഭക്ഷ്യസാധനങ്ങളും വിറകുമടക്കം ട്രാക്ടറുകളിൽ കൊണ്ടുവന്നിട്ടുണ്ട്. 

ജന്തർ മന്തറിലേക്കു പോകാൻ അനുവദിച്ചില്ലെങ്കിൽ ദേശീയപാതയിൽ ഗതാഗതം സ്തംഭിപ്പിക്കുമെന്നു നേതാക്കൾ മുന്നറിയിപ്പു നൽകി. ബാരിക്കേഡുകൾ നിരത്തി അതിർത്തിയിലുടനീളം പൊലീസും സന്നാഹങ്ങൾ ശക്തമാക്കി. കർഷകർ തെരുവിൽനിന്നു മാറിയാൽ ഡിസംബർ മൂന്നിനു മുൻപു തന്നെ ചർച്ചയ്ക്കു തയാറാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 

പ്രധാനമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നാണു കർഷകരെത്തിയിരിക്കുന്നത്. ഇവർക്കു പിന്തുണയുമായി വരും ദിവസങ്ങളിൽ കൂടുതൽ പേരെത്തും. പഞ്ചാബിൽനിന്നു പതിനായിരത്തോളം സ്ത്രീകൾ ഇന്നലെ ബസുകളിൽ പുറപ്പെട്ടു. യുപിയിൽ നിന്നുള്ള ആയിരക്കണക്കിനു കർഷകരും ഡൽഹി അതിർത്തിയിലെ ഗാസിപ്പുരിലെത്തി. 

അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയുടെ നേതൃത്വത്തിൽ സിംഘു അതിർത്തിയിൽ ഉച്ചയ്ക്കു യോഗം ചേർന്ന ശേഷമാണു കർഷകർ നിലപാട് കടുപ്പിച്ചത്. വെള്ളിയാഴ്ച രാത്രി നിരങ്കാരി മൈതാനത്തേക്കു പോയ കർഷകരെയും ഇവർ അതിർത്തിയിലേക്കു തിരിച്ചുവിളിച്ചു. തുടർ സമരപരിപാടികൾക്കു രൂപം നൽകാൻ ഇന്നു 11നു വീണ്ടും യോഗം ചേരും. 

പ്രധാനമന്ത്രി ഇടപെടണം

പ്രധാനമന്ത്രി തന്നെ കർഷകരോടു സംസാരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. മറ്റു പ്രതിപക്ഷ കക്ഷികളായ സിപിഎം, സിപിഐ, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, അകാലിദൾ, ഡിഎംകെ, ആർജെഡി, സിപിഐ എംഎൽ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നിവയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. കർഷകർക്കെതിരായ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. ബിഎസ്പി മൗനം പാലിച്ചു. 

പൊലീസിന് ഭക്ഷണം വിളമ്പി  കർഷകർ

കഴിഞ്ഞദിവസം ജലപീരങ്കിയും ലാത്തിയുമായി തങ്ങളെ നേരിട്ട പൊലീസിനു കർഷകർ ഇന്നലെ റൊട്ടിയും പരിപ്പുകറിയും വിളമ്പി. ഡൽഹി – ഹരിയാന അതിർത്തിയിലെ റോഡിൽ കർഷക യാത്ര തടയാൻ പൊലീസ് കുഴിച്ച കുഴിയിൽ തന്നെ അടുപ്പ് കൂട്ടി. ഹരിയാനയിലെ കർണാലിലുള്ള സിഖ് ഗുരുദ്വാരയിലെ അംഗങ്ങളും പൊലീസിനു ഭക്ഷണവുമായെത്തി.

English Summary: Another Night Of Farmer Protests - At Delhi's Edges And Beyond Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com