ADVERTISEMENT

ന്യൂഡൽഹി ∙ ഭൂമീദേവിയെ വാഴ്ത്തുന്ന പാട്ടുകൾ പാടിയും മുദ്രാവാക്യം വിളിച്ചും കർഷകസമരം തീപാറുന്നു. ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളിൽ നിലയുറപ്പിച്ച ആയിരക്കണക്കിനു കർഷകർ രാത്രിയെ പകലാക്കി. ‘ഹം ഹോംഗേ കാമ്യാബ്’ (അതിജീവിക്കും നമ്മൾ) എന്നു പഞ്ചാബിലെ കർഷകർ തൊണ്ടകീറി പാടിയപ്പോൾ ആയിരങ്ങൾ ഏറ്റുപാടി. യുവാക്കൾ മുഷ്ടി ചുരുട്ടി കേന്ദ്രത്തെ വെല്ലുവിളിച്ചു. എല്ലാറ്റിനും സാക്ഷിയായി നിതാന്ത ജാഗ്രതയോടെ പൊലീസും.

അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള നാൽപതോളം സംഘടനകളും കിസാൻ സഭ, രാഷ്ട്രീയ കിസാൻ മഹാസംഘ് എന്നിവയുമാണു സമരത്തിനു ചുക്കാൻ പിടിച്ചത്. 

കർഷകരെ കോൺഗ്രസാണ് ഇളക്കിവിടുന്നതെന്ന ആരോപണവുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രംഗത്തുവന്നെങ്കിലും കർഷകരെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളിൽ നിന്നു കേന്ദ്ര നേതാക്കൾ വിട്ടുനിന്നു. 

കുതിരയെ നേരിടാൻ ട്രാക്ടർ

ഇന്നലെ രാത്രി കുതിരപ്പൊലീസ് സ്ഥലത്തെത്തിയത് കർഷകരെ ആശങ്കയിലാഴ്ത്തി. തങ്ങൾക്കെതിരെ ബലപ്രയോഗം നടത്താനുള്ള പൊലീസ് നീക്കമായി ഇതിനെ കണ്ട കർഷകർ അതിനെ നേരിടാൻ മറ്റൊരു വഴി കണ്ടെത്തി – ട്രാക്ടർ ! ഇരുട്ടിൽ കുതിരപ്പുറത്തെത്തി ലാത്തിച്ചാർജിനു പൊലീസ് മുതിർന്നാൽ, ട്രാക്ടർ ഒാൺ ചെയ്ത് കുതിരകളെ ഭയപ്പെടുത്താൻ യുവാക്കളെ തയാറാക്കി നിർത്തി. സദാ സമയം പൊലീസിനെ നിരീക്ഷിക്കാൻ പല ഷിഫ്റ്റുകളിലായി യുവാക്കളുടെ ഉറക്കം നിശ്ചയിച്ചു. 

ജലപീരങ്കി ഒാഫാക്കി; വധശ്രമത്തിനു കേസ്

കർഷകർക്കെതിരെ പ്രയോഗിച്ച ജലപീരങ്കി ഒാഫാക്കിയ യുവാവിനെതിരെ ഹരിയാന പൊലീസ് വധശ്രമത്തിനു കേസെടുത്തു. 

പഞ്ചാബ് സ്വദേശി നവ്ദീപിനെതിരെയാണു കേസ്. കുരുക്ഷേത്രയിൽ ലാത്തിച്ചാർജ് വകവയ്ക്കാതെ, പൊലീസ് വാഹനത്തിനു മുകളിൽ കയറിയ നവ്ദീപ് ജലപീരങ്കി ഒാഫാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

കുടുങ്ങി, കേരള കണ്ടെയ്നറുകളും

പ്രകടനമായി നീങ്ങിയ കർഷകരെ തടയാൻ ഹരിയാന പൊലീസ് വഴിയിൽ നിരത്തിയ വാഹനങ്ങളിൽ കേരളത്തിലേക്കു ഭക്ഷ്യസാധനങ്ങളുമായി പോയ കണ്ടെയ്നറുകളും. കേരളമടക്കം പല സംസ്ഥാനങ്ങളിലേക്കുള്ള 45 കണ്ടെയ്നറുകളാണു കഴിഞ്ഞ ദിവസം പൊലീസ്  പിടിച്ചെടുത്ത് റോഡിനു കുറുകെയിട്ടത്.  കർഷക സംഘടനാ നേതാക്കളുടെ നിരന്തര പ്രതിഷേധത്തിനു വഴങ്ങി ഇന്നലെ വൈകിട്ടോടെ വാഹനങ്ങൾ വിട്ടുകൊടുത്തു. 

എതിർപ്പുമായി  എൻഡിഎ ഘടകകക്ഷിയും

ജയ്പുർ ∙ എൻഡിഎ ഘടകകക്ഷിയായ രാജസ്ഥാനിലെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും കാർഷിക നിയമങ്ങൾക്കെതിരെ രംഗത്ത്. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നു പാർട്ടി കൺവീനറും എംപിയുമായ ഹനുമാൻ ബേനിവാൽ ആവശ്യപ്പെട്ടു. 

കർഷകരെ അടിച്ചമർത്തുന്ന നിലപാടിൽനിന്നു ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങൾ പിന്മാറണം. ഇല്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും പറഞ്ഞു. ബിജെപിയെ ശക്തമായി പിന്തുണയ്ക്കുന്ന ജാട്ട് നേതാവാണു ബേനിവാൽ.

∙ വേദനാജനകമായ ചിത്രമാണിത്. ജയ് ജവാൻ, ജയ് കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ, മോദിയുടെ അഹങ്കാരം മൂലം ജവാൻ കിസാനെതിരെ  നിലയുറപ്പിച്ചിരിക്കുന്നു. ഇത് അപകടകരമാണ്.

-രാഹുൽ ഗാന്ധി (കർഷകനെ സുരക്ഷാ ഉദ്യോഗസ്ഥൻ  ലാത്തി കൊണ്ട് അടിക്കുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com