ADVERTISEMENT

ചെന്നൈ ∙ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇന്നു വിരാമമായേക്കും. അടിയന്തരമായി രജനി മക്കൾ മൻട്രം ജില്ലാ ഭാരവാഹികളുടെ യോഗം ഇന്നു വിളിച്ചതോടെ രാഷ്ട്രീയ ചർച്ചകളും ചൂടുപിടിച്ചു. പാർട്ടി പ്രഖ്യാപനത്തിൽ നിന്നു പിന്നോട്ടു പോയാലും നിയമസഭാ തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്ന സൂചന കാത്തിരിക്കുകയാണ് തമിഴകം. രാവിലെ 10നു കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡലത്തിലാണു നിർണായക യോഗം. 

സ്വന്തം പാർട്ടി രൂപീകരിക്കുമെന്നും ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യമെന്നും താരം പ്രഖ്യാപിച്ചിട്ടു 2 വർഷം പിന്നിട്ടു. ആരാധക സംഘടനയായ രജനി മക്കൾ മൻട്രം രാഷ്ട്രീയ സംഘടനാ സംവിധാനത്തിലേക്ക് പരിവർത്തനം തുടങ്ങിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. സംസ്ഥാന പര്യടനത്തിനു  തയാറെടുക്കുകയാണെന്ന അഭ്യൂഹം പുറത്തു വന്നതിനു പിന്നാലെ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോവിഡ് സാഹചര്യത്തിൽ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചന നൽകി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ മുൻനിർത്തി കൂടിക്കാഴ്ച ഒഴിവാക്കി. അന്തിമ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടിലാണു മൻട്രം ഭാരവാഹികൾ. രജനിയെ മുന്നിൽ നിർത്തി തമിഴ്നാട്ടിൽ ചലനമുണ്ടാക്കാനുള്ള ശ്രമം ബിജെപി നേരത്തേ ആരംഭിച്ചിരുന്നു. പാർട്ടി പ്രഖ്യാപന വിഷയത്തിൽ താരത്തിനു മേൽ കടുത്ത സമ്മർദമുണ്ട്. ഇന്നത്തെ യോഗത്തിൽ മക്കൾ മൻട്രം ഭാരവാഹികളുടെ മുന്നിൽ സൂപ്പർ സ്റ്റാർ നിലപാടു പ്രഖ്യാപിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary: Rajinikanth politics entry decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com