ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൂടുതൽ കർഷകരെ തലസ്ഥാനത്തേക്ക് എത്തിക്കാൻ കർഷകരുടെ സംയുക്ത സമര സമിതി. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്കെത്താൻ സമിതി ആഹ്വാനം ചെയ്തു.

ഹരിയാന, യുപി അതിർത്തികളിൽ ആയിരക്കണക്കിനു കൃഷിക്കാരാണ് തമ്പടിച്ചിരിക്കുന്നത്. ഇവരിൽ ചിലർ ബുറാഡിയിലുമുണ്ട്. അതിർത്തികളിലെ ഹൈവേയിൽ തുടരാനുള്ള തീരുമാനത്തെത്തുടർന്ന് ചിലർ ഇന്നലെ വൈകിട്ട് സിംഘു, തിക്രി അതിർത്തികളിലേക്കു മടങ്ങി. യുപിയിൽ നിന്നുള്ളവർ ഗാസിപ്പുരിൽ തങ്ങുന്നു.

കടുത്ത തണുപ്പിനെ അതിജീവിക്കാൻ വാഹനങ്ങൾക്കുള്ളിൽ വൈക്കോലും അതിനു മുകളിൽ കമ്പിളിയും വിരിച്ചാണു കർഷകർ രാത്രിയിൽ ഉറങ്ങുന്നത്. ആവശ്യത്തിന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ട്രാക്ടറുകളിൽ സംഭരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുന്നുമെന്ന് അവർ പറയുന്നു. 

ഇന്നലെ പ്രക്ഷോഭം സമാധാനപരമായിരുന്നു. റോഡിൽ കുത്തിയിരുന്ന കർഷകർ നിയമത്തിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും മുദ്രാവാക്യങ്ങളുയർത്തി. ഡൽഹി സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അവർക്ക് ഭക്ഷണവും വെള്ളവും നൽകി. കോർപറേറ്റുകൾക്കെതിരെ പോരാടുന്ന എല്ലാവരും കർഷക സമരത്തെ പിന്തുണയ്ക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാക്കളായ ഭൂട്ടാസിങ് ബുർജ്ഗിൽ, ഹർമീത് സിങ് കാദിയാൻ എന്നിവർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളും സമരത്തിന് അനുകൂലമായി രംഗത്തുണ്ട്. ഇതുവരെ പ്രതികരിക്കാതിരുന്ന ബിഎസ്പി നേതാവ് മായാവതി, ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

സമരം ബുറാഡിയിലേക്കു മാറ്റി മറ്റൊരു ‘ഷഹീൻ ബാഗ്’ സൃഷ്ടിക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

3 നിയമങ്ങളും ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 1200 കിലോമീറ്റർ അപ്പുറത്തുള്ള ഹൈദരാബാദിൽ റാലിക്കു പോയ അമിത് ഷായ്ക്ക് 15 കിലോമീറ്റർ അകലെ സമരം ചെയ്യുന്ന കർഷകരെ കാണാൻ സമയമില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ബിജെപി, കർഷകരെ ഭീകരർ എന്നു വിളിച്ചതു പോലൊരു അപമാനം വേറെയില്ലെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തും എസ്പി നേതാവ് അഖിലേഷ് യാദവും പറഞ്ഞു.

കർഷക നിയമങ്ങൾ കൃഷിക്കാർക്കു ഗുണകരമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം അധികാരം തലയ്ക്കു പിടിച്ചതിന്റെ തെളിവാണ്.

ബുറാഡിയിലേക്ക് മാറണമെന്ന് കേന്ദ്രം വീണ്ടും

കോവിഡും കടുത്ത തണുപ്പും കണക്കിലെടുത്ത് കർഷകർ ബുറാഡിയിലെ മൈതാനത്തേക്കു മാറണമെന്നു കേന്ദ്രസർക്കാർ വീണ്ടും. മാറിയാൽ അടുത്തദിവസം വിജ്ഞാൻഭവനിൽ ഉന്നതതല മന്ത്രിസംഘം ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്കുമാർ ഭല്ല 32 കർഷക സംഘടനകൾക്ക് അയച്ച കത്തിൽ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഹൈവേ ഉപരോധിക്കുന്നതു ബുദ്ധിമുട്ടുകളുണ്ടാക്കും. കർഷകർക്കു വേണ്ട എല്ലാ സൗകര്യങ്ങളും നിരങ്കാരി മൈതാനത്ത് ഒരുക്കാമെന്നും കത്തിൽ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ മന്ത്രിതലത്തിൽ ചർച്ച ചെയ്തു കഴിഞ്ഞതായും സെക്രട്ടറി വ്യക്തമാക്കി.

English Summary: More farmers reaching Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com