ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വേച്ഛാധിപത്യ ശൈലിയിലാണു ഭരിച്ചതെന്ന് അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആത്മകഥയിൽ വിമർശനം. പ്രധാനമന്ത്രിയായിരുന്നപ്പോൾ ഡോ.മൻമോഹൻ സിങ്, സഖ്യം സംരക്ഷിക്കുന്ന തിരക്കിലായത് ഭരണത്തെ ബാധിച്ചെന്നും വിമർശനമുണ്ട്. രാഷ്ട്രപതിയായിരുന്ന 2012–17 കാലഘട്ടമാണ് പ്രണബിന്റെ ആത്മകഥയുടെ 4ാം വാല്യം.

‘ദ് പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന പേരിലുള്ള ആത്മകഥ അടുത്ത മാസം പുറത്തിറങ്ങുമെന്ന് പ്രസാധകരായ രൂപ പബ്ലിക്കേഷൻസ് വ്യക്തമാക്കി. 

മോദിയുടെസ്വേച്ഛാധിപത്യശൈലി സർക്കാരും പാർലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള മോശമായ ബന്ധത്തിൽ ദൃശ്യമായെന്നാണു പ്രണബിന്റെ വിലയിരുത്തൽ. മോദിയുടെ രണ്ടാം സർക്കാരിൽ കാര്യങ്ങളെക്കുറിച്ചു കൂടുതൽ ധാരണയുണ്ടായോ എന്നു കാലം തെളിയിക്കുമെന്നും പ്രണബ് എഴുതുന്നു.

obama
ബാറക് ഒബാമ, സോണിയ ഗാന്ധി

‘2004ൽ ഞാൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ 2014ലെ തിരിച്ചടി പാർട്ടിക്ക് ഒഴിവാക്കാമായിരുന്നു എന്നു കരുതുന്ന കോൺഗ്രസുകാരുണ്ട്. എനിക്ക് ആ അഭിപ്രായമില്ല. എന്നാൽ, ഞാൻ രാഷ്ട്രപതിയായശേഷം പാർട്ടി നേതൃത്വത്തിനു രാഷ്ട്രീയമായ വ്യക്തത നഷ്ടമായെന്നു ഞാൻ കരുതുന്നു. സോണിയ ഗാന്ധിക്ക് പാർട്ടി വിഷയങ്ങൾ കൈകാര്യം ചെയ്യാനായില്ല, ഡോ.സിങ് സഭയിൽനിന്നു ദീർഘകാലം വിട്ടുനിന്നതിനാൽ മറ്റ് എംപിമാരുമായുള്ള വ്യക്തിപരമായ സമ്പർക്കം അവസാനിച്ചു’– പ്രണബ് പറയുന്നു.

2015ൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദർശിച്ചപ്പോൾ ഏതു വാഹനത്തിൽ താനും ഒബാമയും യാത്ര ചെയ്യണമെന്നതു സംബന്ധിച്ചുണ്ടായ തർക്കവും ആത്മകഥയിൽ പ്രണബ് പരാമർശിക്കുന്നു. ഒബാമ യുഎസിൽനിന്നു കൊണ്ടുവരുന്ന സവിശേഷ കവചിത വാഹനത്തിൽ സഞ്ചരിക്കുമെന്ന് അവരുടെ സീക്രട്ട് സർവീസ് നിർബന്ധം പിടിച്ചു; ഇന്ത്യ ലഭ്യമാക്കുന്ന കാറിൽ യാത്ര ചെയ്യില്ലെന്നും.

അതെക്കുറിച്ച് പ്രണബ് പറയുന്നതിങ്ങനെ: ‘ഞാനും ഒബാമയുടെ കാറിൽ യാത്ര ചെയ്യണമെന്ന് അവർ താൽപര്യപ്പെട്ടു. അതിനു ഞാൻ തയാറായില്ല. യുഎസ് പ്രസിഡന്റ്, ഇന്ത്യൻ പ്രസിഡന്റിനൊപ്പം ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹം ഇവിടത്തെ സുരക്ഷാ സംവിധാനങ്ങളെ വിശ്വസിക്കാൻ തയാറാകണമെന്ന് യുഎസ് അധികാരികളോടു വ്യക്തമാക്കണം; മറിച്ചല്ല വേണ്ടതെന്നും – ഞാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.’

Content Highlights: Pranab Mukherjee's autobiography 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com