ADVERTISEMENT

ന്യൂഡൽഹി ∙ യുകെയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിയവരെ ക്വാറന്റീനിൽ അയയ്ക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം. സർവീസുകൾ ഭാഗികമായി പുനരാരംഭിച്ച ശേഷം യുകെയിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഇന്നലെ രാവിലെ പത്തരയോടെ എത്തിയ മലയാളികളടക്കമുള്ളവർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങി. ആശയക്കുഴപ്പം മൂലം ഇരുന്നൂറിലധികം മലയാളികൾക്കു കൊച്ചിയിലേക്കു തുടർയാത്രയ്ക്കുള്ള വിമാനം നഷ്ടമായി.

ലണ്ടനിൽ നിന്ന് ആർടി പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർ‌ട്ടിഫിക്കറ്റുമായി എത്തിയവരോട് വീണ്ടും പരിശോധന നടത്തണമെന്നും നെഗറ്റീവ് ആണെങ്കിലും ക്വാറന്റീൻ നിർബന്ധമാണെന്നും പറഞ്ഞതാണു യാത്രക്കാരും വിമാനത്താവള അധികൃതരും തമ്മിലുള്ള തർ‌ക്കത്തിൽ കലാശിച്ചത്.

കോവിഡിന്റെ വകഭേദം കണ്ടെത്തിയ യുകെയിൽ നിന്നുള്ള യാത്രക്കാർ നെഗറ്റീവ് ആണെങ്കിലും 7 ദിവസം സർക്കാർ നിരീക്ഷണത്തിലുള്ള ക്വാറന്റീനിലും തുടർന്നുള്ള 7 ദിവസം വീട്ടിലും കഴിയണമെന്ന ചട്ടം കഴിഞ്ഞ ദിവസമാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. പോസിറ്റീവ് ആയവർ 14 ദിവസം സർക്കാർ ക്വാറന്റീനിൽ കഴിയണം.

ഇക്കാര്യമറിയിച്ച ശേഷം യാത്രക്കാരിൽ നിന്ന് പാസ്പോർട്ട് വാങ്ങിയ അധികൃതർ അവരെ വിമാനത്താവളത്തിൽ ആർടി പിസിആർ പരിശോധനയ്ക്കു വിധേയരാക്കി. ഇതിനായി 3400 രൂപ വീതം ഈടാക്കി. ഒരാൾ പോലും പോസിറ്റീവ് അല്ലെന്നു പരിശോധനയിൽ സ്ഥിരീകരിച്ചെങ്കിലും ക്വാറന്റീൻ നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.

യുകെ വിമാന സർവീസ് പുനരാരംഭിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്ത്യ ഭാഗികമായി പുനരാരംഭിച്ചു. ഈ മാസം 23 വരെ 30 വിമാനങ്ങൾ ഓരോ ആഴ്ചയും സർവീസ് നടത്തും. 23നു ശേഷം സർവീസുകളുടെ എണ്ണം ഉയർത്തുന്നതു പരിഗണിക്കും.

English Summary: People from UK stuck in Delhi over quarantine issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com