ADVERTISEMENT

ന്യൂഡൽ‍ഹി ∙ കർഷക പ്രക്ഷോഭത്തിനു കാരണമായ കേന്ദ്ര സർക്കാരിന്റെ 3 കൃഷി നിയമങ്ങൾക്കും സുപ്രീം കോടതിയുടെ സ്റ്റേ. കർഷകരോടും സർക്കാരിനോടും ചർച്ച നടത്തി കോടതിക്കു റിപ്പോർട്ട് നൽകാൻ നാലംഗ സമിതിയെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിയോഗിച്ചു. മിനിമം താങ്ങുവില സംവിധാനം നിയമങ്ങൾ പാസാക്കുംമുൻപുള്ള രീതിയിൽ തൽക്കാലം തുടരും. കർഷകരുടെ ഭൂമിയുടെ ഉടമസ്ഥത സംരക്ഷിക്കുമെന്നും ജഡ്ജിമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവരും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

എന്നാൽ സമിതി അംഗങ്ങൾ നിയമങ്ങൾക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാൽ ചർച്ചയ്ക്കില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. സമരം തുടരും. നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ സമാന്തര പരേഡ് നടത്താനുള്ള തീരുമാനത്തിൽ മാറ്റമില്ല. 

കോടതിയെ മാനിക്കുന്നുവെന്നും സമിതി അംഗങ്ങൾ നിഷ്പക്ഷരാണെന്നുമായിരുന്നു കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയുടെ പ്രതികരണം. സമിതി 10 ദിവസത്തിനകം ചർച്ച തുടങ്ങണമെന്നു കോടതി നിർദേശിച്ചു. 2 മാസത്തിനകം റിപ്പോർട്ട് നൽകണം. ഹർജികൾ എട്ടാഴ്ച കഴിഞ്ഞു പരിഗണിക്കും. കക്ഷികളിൽ നിന്നു പേരു പരിഗണിക്കാതെ കോടതി തന്നെയാണ് സമിതി അംഗങ്ങളെ തീരുമാനിച്ചത്. മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനാകണമെന്നു കർഷകർ നിർദേശിച്ചിരുന്നു.

പാർലമെന്റ് പാസാക്കിയ നിയമങ്ങൾ സ്റ്റേ ചെയ്യാൻ പാടില്ലെന്നു കോടതിയിൽ സർക്കാർ വാദിച്ചിരുന്നു. സ്റ്റേ ഉത്തരവ് അസാധാരണമെന്നു കോടതി തന്നെ വിശേഷിപ്പിച്ചു. പറഞ്ഞ കാരണങ്ങൾ ഇവ: കർഷക വികാരത്തിനു മുറിവേറ്റു. അത് പരിഹരിക്കാൻ സ്റ്റേ ഉപകരിക്കും. സമരത്തിന്റെ നേട്ടമാണെന്നും കരുതപ്പെടും. ഇനിയൊരു ഉത്തരവു വരെയാണു സ്റ്റേ.

sc-committe
ഭൂപീന്ദർ സിങ് മൻ , അനിൽ ഘൻവത്, ഡോ. പ്രമോദ് കുമാർ ജോഷി, അശോക് ഗുലാത്തി

സമിതി അംഗങ്ങളും അവരുടെ നിലപാടും

ഭൂപീന്ദർ സിങ് മൻ: ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ്: കൃഷി നിയമങ്ങളെ പിന്തുണച്ച് കേന്ദ്ര കൃഷി മന്ത്രിക്കു കത്തയച്ചു.

അനിൽ ഘൻവത്: മഹാരാഷ്ട്രയിലെ ക്ഷേത്കരി സംഘടൻ പ്രസിഡന്റ്: നിയമങ്ങൾ പിൻവലിക്കരുതെന്നും ഭേദഗതികൾ മതിയെന്നും മന്ത്രിക്കു കത്തയച്ചു.

ഡോ. പ്രമോദ്: കുമാർ ജോഷി കൃഷി വിദഗ്ധൻ: നിയമങ്ങൾ മൂലം വിളകൾക്കുള്ള താങ്ങുവില ഇല്ലാതാകുമെന്ന വാദം തള്ളുന്നു.

അശോക് ഗുലാത്തി: കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ: മാറ്റങ്ങളെ അനുകൂലിച്ചു ലേഖനങ്ങളെഴുതി. കൃഷി നിയമങ്ങൾ കർഷകർക്കു കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ലഭ്യമാക്കുമെന്നു വാദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com