വിവാദ കൃഷിനിയമങ്ങൾ; സ്റ്റേ എതിർപ്പുകൾ തണുപ്പിക്കാനോ

Farmers
SHARE

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾ തൽക്കാലം മരവിപ്പിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു പല തവണ ആവശ്യപ്പെട്ടതാണ്, നടപടിയുണ്ടായില്ല. സർക്കാരും കർഷകരുമായി 8 തവണ ചർച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. ഇതാണു സുപ്രീം കോടതിയുടെ ഇന്നലത്തെ നടപടികളുടെ പശ്ചാത്തലം.

എന്നാൽ, കോടതി നടപടി ഉയർത്തുന്ന പ്രധാന ചോദ്യമിതാണ്: പാർലമെന്റ് പാസാക്കി, രാഷ്ട്രപതി അംഗീകാരം നൽകി പ്രാബല്യത്തിലാക്കിയ നിയമങ്ങൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാതെ, എതിർപ്പു തണുപ്പിക്കാനെന്നോണം കോടതി സ്റ്റേ ചെയ്യുന്നതു ശരിയോ?

നിയമനിർമാണങ്ങളിൽ സുപ്രീം കോടതിയും ഹൈക്കോടതികളും പല വിധത്തിൽ ഇടപെടാറുണ്ട്. നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത സംബന്ധിച്ച ഹർജികളിൽ തീരുമാനമെടുക്കുംവരെ സ്റ്റേ, ഭരണഘടനാ സാധുത പരിശോധിച്ച് നിയമം റദ്ദാക്കൽ, നിയമമുണ്ടാക്കുംവരെ തങ്ങളുടെ വിധി പ്രാബല്യത്തിലെന്നു വ്യക്തമാക്കൽ തുടങ്ങിയവയാണു കോടതിയുടെ രീതികൾ.

ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത കോടതി പരിശോധിച്ചതു നിയമം സ്റ്റേ ചെയ്യാതെയാണ്. പൗരത്വ നിയമ ഭേദഗതിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഭരണഘടനാ ഭേദഗതിയും സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. നരസിംഹ റാവു സർക്കാർ ഇറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യുകയാണു മണ്ഡൽ കമ്മിഷൻ ശുപാർശകൾ സംബന്ധിച്ച കേസിൽ കോടതി ചെയ്തത്.

ജുഡീഷ്യൽ നിയമന കമ്മിഷൻ രൂപീകരണത്തിനുള്ള ഭരണഘടനാ ഭേദഗതി, വാദം കേട്ടശേഷം റദ്ദാക്കി. നിയമമുണ്ടാക്കുംവരെ എന്നു വ്യക്തമാക്കിയാണു പ്രഫഷനൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള തലവരിപ്പണം നിരോധിച്ചുള്ള വിധി കോടതി നൽകിയത്.

വ്യവസ്ഥകൾ സംബന്ധിച്ച് പ്രാഥമിക വാദം കേട്ട്, പ്രത്യക്ഷത്തിൽതന്നെ നിയമങ്ങൾ കുഴപ്പംപിടിച്ചതെന്നു വിലയിരുത്തിയല്ല ഇന്നലത്തെ സ്റ്റേ നടപടി. എന്നാൽ, നിയമങ്ങളെക്കുറിച്ചുള്ള ചില വിമർശനങ്ങളിൽ കഴമ്പുണ്ടെന്ന ഊഹവും കോടതി മുന്നോട്ടുവയ്ക്കുന്നുവെന്ന് ഉത്തരവിൽ വ്യക്തമാണ്. 

മിനിമം താങ്ങുവില സംവിധാനം തുടരുമെന്നും കർഷക ഭൂമി സംരക്ഷിക്കുമെന്നും ഉത്തരവിൽ പറയുന്നു.

നിയമങ്ങളുടെ വിശദമായ പരിശോധനയില്ലാതെ അവ സ്റ്റേ ചെയ്യുമ്പോൾ, നിയമനിർമാണ സഭകളുടെ അധികാരത്തിൽ കോടതി ഇടപെടുന്ന നടപടിയാകുന്നുവെന്ന വിമർശനം സുപ്രീം കോടതിയിൽനിന്നു വിരമിച്ച ചില ജഡ്ജിമാർ ഉന്നയിച്ചിട്ടുണ്ട്.നിയമങ്ങൾ ഉണ്ടാക്കും മുൻപു വേണ്ടത്ര ചർച്ചയുണ്ടായില്ല, സർക്കാർ തിടുക്കം കാട്ടി തുടങ്ങിയ വിമർശനങ്ങൾ കോടതി നേരത്തേ ഉന്നയിച്ചിരുന്നു; പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും.

ഈ പശ്ചാത്തലത്തിൽ, നിയമങ്ങൾ സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിർത്തെങ്കിലും കോടതിയുടെ ഇടപെടൽ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായി. രൂപീകരിച്ചിട്ടുള്ള സമിതി ജുഡീഷ്യൽ നടപടികളുടെ ഭാഗമായിരിക്കുമെന്നാണു കോടതി പറഞ്ഞത്. ഇത്തരം ഇടപെടൽ പരിധിവിട്ടുള്ളതെന്ന വിമർശനം ഉന്നയിച്ച് കോടതിയെ മുഷിപ്പിക്കാനാവാതെ സർക്കാർ വിഷമവൃത്തത്തിലായിരിക്കുന്നു. എന്നാൽ, മുൻ സുപ്രീം കോടതി ജഡ്ജിയെ സമിതി അധ്യക്ഷനാക്കുകയെന്ന വാദം അംഗീകരിച്ചതുമില്ല. മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ, ജസ്റ്റിസ് കുര്യൻ ജോസഫ് തുടങ്ങിയവരെയാണു ചില കക്ഷികൾ നിർദേശിച്ചത്.

ഖലിസ്ഥാൻ: ആരോപണത്തെ പിന്തുണച്ച് എജി

ന്യൂഡൽഹി ∙ സമരക്കാർക്കിടയിൽ ഖലിസ്ഥാൻ വാദികൾ കടന്നുകയറിയിട്ടുണ്ടെന്നും ‘സിഖ്സ് ഫോർ ജസ്റ്റിസ്’ സംഘടനയാണു സമരത്തിനു പണം നൽകുന്നതെന്നും ഇന്ത്യൻ കിസാൻ യൂണിയൻ എന്ന സംഘടന സുപ്രീം കോടതിയിൽ ആരോപിച്ചു. ഇതിനെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും പിന്തുണച്ചു.

ഇക്കാര്യത്തിൽ ഇന്നു സത്യവാങ്മൂലം നൽകാൻ അറ്റോർണി ജനറലിനോടു കോടതി നിർദേശിച്ചു. സമരക്കാർ റിപ്പബ്ലിക് ദിനത്തിൽ നടത്താനുദ്ദേശിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ അപേക്ഷയിൽ എതിർകക്ഷികൾക്ക് നോട്ടിസിനും ഉത്തരവുണ്ട്. ഈ വിഷയം 18നു പരിഗണിക്കും.

നിലപാടിലെ വൈരുധ്യങ്ങൾ

പ്രതിഷേധം തണുപ്പിക്കുക, സമരക്കാരെ ചർച്ചയ്ക്കു പ്രേരിപ്പിക്കുക എന്നിവയാണു നിയമങ്ങൾ സ്റ്റേ ചെയ്യുന്നതിനു സുപ്രീം കോടതി പറഞ്ഞ കാരണങ്ങൾ. സമരത്തിന്റെ പേരിൽ ഇപ്പോൾ ഇങ്ങനെ ഇടപെടുമ്പോൾ, പൗരത്വ നിയമത്തിലും കശ്മീർ വിഷയത്തിലും സ്വീകരിച്ച നിലപാടിലെ വൈരുധ്യം പരിഗണിക്കണം.

സർക്കാരിന്റെ പ്രതിസന്ധി: സ്റ്റേ വന്നു, ചർച്ചയുമില്ല

ന്യൂഡൽഹി ∙ സുപ്രീം കോടതി രൂപീകരിച്ച സമിതിയുമായി ചർച്ചയ്ക്കില്ലെന്നു സമരത്തിലുള്ള കർഷക സംഘടനകൾ തീരുമാനിച്ചതു പുതിയ പ്രതിസന്ധിക്കാണു വഴിയൊരുക്കുന്നത്. നിയമങ്ങളെ അനുകൂലിക്കുന്നവരാണു സമിതി അംഗങ്ങളെന്നു സന്തോഷിച്ച കേന്ദ്ര സർക്കാരിനു സമരക്കാരുടെ നിലപാട് തിരിച്ചടിയാണ്. നിയമങ്ങൾ സ്റ്റേ ചെയ്യപ്പെട്ടു; സമരക്കാരുമായി ചർച്ചയുമില്ല എന്നതാണു ഇപ്പോൾ സ്ഥിതി.

സ്വതന്ത്ര സമിതിയെ നിയോഗിക്കുമെന്നാണു കോടതി മുൻപു പറഞ്ഞത്. എന്നാൽ, ഇപ്പോഴത്തെ സമിതിക്ക് വിവാദ നിയമങ്ങളെക്കുറിച്ചുള്ള ഏകപക്ഷീയ നിലപാടാണെന്നു വിമർശനമുള്ള സ്ഥിതിക്ക് പുനഃസംഘടിപ്പിക്കാൻ കോടതി തയാറാകുമോയെന്ന ചോദ്യമുണ്ട്. 

എന്നാൽ, സമിതി മുൻപാകെ നിലപാടുകൾ പറയാൻ ഇരുപക്ഷവും തയാറാകണമെന്നതും കോടതിയുടെ ഉത്തരവിന്റെ ഭാഗമാണ്. ഈ ഉത്തരവ് അംഗീകരിക്കില്ലെന്ന സമരക്കാരുടെ നിലപാടിനെ കോടതി എങ്ങനെ വ്യാഖ്യാനിക്കുമെന്നും വ്യക്തമാകേണ്ടതുണ്ട്. നിയമത്തെ എതിർക്കുന്ന സംഘടനകളിൽ ചിലത് ചർച്ചയ്ക്കു തയാറാണെന്നു കോടതി ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.

15നു സംഘടനകളും സർക്കാരുമായി ഒൻപതാം വട്ട ചർച്ചയ്ക്കു തീരുമാനിച്ചിരുന്നതാണ്. എന്നാൽ, കോടതി ചർച്ചയ്ക്കു സമിതിയെ തീരുമാനിച്ച സ്ഥിതിക്ക് സമാന്തര ചർച്ച സാധ്യമല്ല. 

ഒരർഥത്തിൽ, നിലവിലുള്ള ചർച്ചാ സംവിധാനത്തിലേക്കു മൂന്നാം കക്ഷിയായി സമിതി കടന്നുവരികയാണ്. ചർച്ചയ്ക്കുശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന സ്ഥിതി മാറി. പുതിയ സമിതി ഇരുപക്ഷങ്ങളും കേട്ടശേഷം നൽകുന്ന റിപ്പോർട്ട് കോടതിയാകും പരിഗണിക്കുക.

സമരക്കാരുടെ പിന്നിലുള്ളതും അവർക്കു പണം നൽകുന്നതും വിഘടനവാദികളെന്ന അതീവ ഗൗരവമുള്ള ആരോപണമാണ് ചില കക്ഷികൾക്കൊപ്പം കേന്ദ്ര സർക്കാരും കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഇന്നു സർക്കാർ നൽകുന്ന സത്യവാങ്മൂലത്തെ കോടതി എങ്ങനെ പരിഗണിക്കുമെന്നതും പ്രസക്തമാണ്.

ബദൽ കൃഷി നിയമം: കരട് തയാറാക്കുന്നതായി മന്ത്രി 

തിരുവനന്തപുരം ∙ കേന്ദ്രത്തിന്റെ 3 കൃഷി നിയമങ്ങൾക്കെതിരെ കർഷക താൽപര്യം സംരക്ഷിച്ചു സംസ്ഥാനത്തു ബദൽ നിയമം കൊണ്ടുവരുമെന്നു മന്ത്രി വി.എസ്. സുനിൽ കുമാർ നിയമസഭയിൽ അറിയിച്ചു. സി.കെ. ശശീന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകുകയായിരുന്നു.

കാർഷികോൽപാദന കമ്മിഷണർ അധ്യക്ഷനും നിയമ സെക്രട്ടറി കൺവീനറുമായ സമിതി കരടു തയാറാക്കുകയാണ്. മന്ത്രിസഭയിൽ വച്ചശേഷം നിയമസഭയിൽ അവതരിപ്പിക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടങ്ങുന്നതിനാൽ സങ്കീർണമായ പ്രക്രിയയാണ്. കർഷകദ്രോഹ കേന്ദ്ര നിയമങ്ങൾ കേരളത്തിൽ നടപ്പാക്കാതിരിക്കാനാണു ശ്രമിക്കുന്നത്. കേരളം നിരോധിച്ച ജനിതകമാറ്റം വന്ന വിളകളും കേന്ദ്ര നിയമത്തിന്റെ ഭാഗമായി ഇവിടെ വരുമെന്ന ആശങ്കയുണ്ട്.

താങ്ങുവില തന്നെ ഇല്ലാതാകുമോ എന്നും സംശയമുണ്ട്. റേഷൻ സമ്പ്രദായത്തെ കേന്ദ്രനിയമം ബാധിക്കും. സംസ്ഥാനങ്ങളുടെ പല അധികാരത്തെയും ഈ നിയമങ്ങൾ ഹനിക്കും. ഇതെല്ലാം കണക്കിലെടുത്തുള്ള നിയമ നിർമാണത്തിനാണ് ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA