‘ചിന്നമ്മ’ വിളികൾ വീണ്ടും: ചരടുവലിച്ച് ബിജെപി; ശശികലയ്ക്കായി ശബ്ദമുയർത്തി അണികൾ

vk-Sasikala
വി.കെ.ശശികല (ഫയൽ ചിത്രം)
SHARE

ചെന്നൈ ∙ ജയലളിതയുടെ വലംകയ്യും അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികലയുടെ ജയിൽമോചനത്തിനു ദിവസങ്ങൾ ബാക്കിനിൽക്കെ, ‘ചിന്നമ്മ’യെ പ്രകീർത്തിച്ചു പാർട്ടിയിൽ സ്വരങ്ങളുയർന്നു. ജയലളിതയ്ക്കൊപ്പം ത്യാഗപൂർണമായ ജീവിതം നയിച്ച ശശികലയെ അപമാനിക്കാൻ ആരെയും അനുവദിക്കില്ലെന്നു മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഗോകുല ഇന്ദിര പറഞ്ഞു.

ശശികല അണ്ണാ ഡിഎംകെയെ പിന്തുണയ്ക്കുമെന്നും അവരുടെ സഹോദരീപുത്രൻ ടി.ടി.വി. ദിനകരൻ സ്ഥാപിച്ച ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ തങ്ങളുടെ സഹോദരന്മാരാണെന്നും മന്ത്രി രാജേന്ദ്ര ബാലാജിയും വ്യക്തമാക്കി. ദിനകരൻ– അണ്ണാഡിഎംകെ ലയനത്തിനു ബിജെപി കരുക്കൾ നീക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണു ശശികലയ്ക്കുള്ള പരസ്യ പിന്തുണ. അനധികൃത സ്വത്തുകേസിലെ 4 വർഷത്തെ ശിക്ഷ പൂർത്തിയാക്കി 27നു ശശികല ബെംഗളൂരു ജയിലിൽ നിന്നു പുറത്തിറങ്ങും.

പാർട്ടിയിൽ പുതിയ അധികാര കേന്ദ്രം രൂപപ്പെടുമെന്നതിനാൽ ശശികലയെ തിരിച്ചെടുക്കുന്നതിനോടു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനും താൽപര്യമില്ല. 

എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശശികല സീറ്റ് നൽകിയ നേതാക്കൾക്ക് ഇപ്പോഴും അവരോടു കൂറുണ്ട്. മധുരയുൾപ്പെടുന്ന തെക്കൻ മേഖലയിലെ ഭൂരിഭാഗം നേതാക്കളും ശശികല വിഭാഗത്തെ തിരിച്ചെടുക്കണമെന്ന അഭിപ്രായക്കാരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 5 % വോട്ടു പിടിച്ച ദിനകരന്റെ പാർട്ടി നിയമസഭാ തിരഞ്ഞെടുപ്പിലും നിർണായകമാകാമെന്ന് അവർ ഭയപ്പെടുന്നു. 12 ജില്ലകളിലെ അറുപതോളം മണ്ഡലങ്ങളിൽ ശശികല പക്ഷത്തിനു ഫലത്തെ സ്വാധീനിക്കാനാകും. ഇതു കൂടി കണക്കിലെടുത്താണു ബിജെപിയുടെ കരുനീക്കം.

English Summary: Voice raise in Anna DMK for VK Sasikala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA