എൻറിക്ക ലെക്സി കേസ്: 10 കോടി നഷ്ടപരിഹാരവുമായി ഒത്തുതീർപ്പ്

Supreme-Court
SHARE

ന്യൂഡൽഹി ∙ മലയാളിയുൾപ്പെടെ 2 മൽസ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്ന എൻറിക്ക ലെക്സി കടൽക്കൊലക്കേസ് മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നൽകി ഒത്തുതീർപ്പാക്കാൻ ധാരണയായെന്നു വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 കോടി വീതവും ബോട്ടുടമയ്ക്കു 2 കോടിയും നൽകാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഉൾപ്പെടെ ധാരണയായെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

രാജ്യാന്തര ട്രൈബ്യൂണൽ കഴിഞ്ഞ മേയ് 21നു നൽകിയ വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നൽകണമെന്നു ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അന്നു വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം ഇറ്റലിയും ഇന്ത്യയും ചർച്ചയിലൂടെ ഒരു വർഷത്തിനകം തീരുമാനിക്കണമെന്നാണു രാജ്യാന്തര ട്രൈബ്യൂണൽ നിർദേശിച്ചത്.

സംഭവത്തിലുൾപ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലെ 8 മൽസ്യത്തൊഴിലാളികൾ, ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മൽസ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവർ കേസിൽ കക്ഷി ചേരാൻ നൽകിയ അപേക്ഷ സുപ്രീം കോടതി റജിസ്ട്രി തള്ളിയിരുന്നു.

ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീലിനു വ്യവസ്ഥയില്ല. നഷ്ടപരിഹാരത്തിന്റെ തോതിനെക്കുറിച്ച് തർക്കമുണ്ടെങ്കിൽ ഒരു വർഷത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാം. സമീപിക്കുന്നില്ലെങ്കിൽ അടുത്ത മേയ് 21ന് കേസ് അവസാനിപ്പിക്കുമെന്നു ട്രൈബ്യൂണൽ വ്യക്തമാക്കിയിരുന്നു. 

കടൽക്കൊള്ളയെന്ന ആശങ്കയിൽ വെടിവച്ച നാവികരെ എന്തു ചെയ്യണമെന്ന് ഇറ്റലിയിലെ കോടതി തീരുമാനിക്കട്ടെയെന്നാണ് ട്രൈബ്യൂണൽ വ്യക്തമാക്കിയത്. ഇതനുസരിച്ചുള്ള നടപടികളല്ല, ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കി വിഷയം ഒത്തുതീർക്കാനാണ് സർക്കാർ താൽപര്യപ്പെടുന്നതെന്നു മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA