ADVERTISEMENT

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായി ചർച്ചയ്ക്ക് സമിതിയെ നിയോഗിച്ച സുപ്രീം കോടതി തീരുമാനത്തിനു തിരിച്ചടി. സമിതിയിൽ അംഗമായിരിക്കാൻ താൽപര്യമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഭൂപിന്ദർ സിങ് മാൻ വ്യക്തമാക്കി.

സമിതിയിലെ 4 പേരും വിവാദ നിയമങ്ങളെ അനുകൂലിക്കുന്നവരാണെന്ന ആരോപണങ്ങൾക്കിടെയാണ് പിന്മാറ്റം. ഇതോടെ സമിതിയുടെ പ്രവർത്തനം വഴിമുട്ടി.

ഇതിനിടെ, കർഷകരുമായി ഇന്നു നേരിട്ടു ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 8 തവണ ചർച്ച നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സ്ഥിതിയിലാണ് നാലംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നത്. ഒൻപതാംവട്ട ചർച്ച വിജ്ഞാൻ ഭവനിൽ ഇന്ന് ഉച്ചയ്ക്ക് 12നു നടക്കും.

നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നു കർഷകസംഘടനകൾ വ്യക്തമാക്കി.

പഞ്ചവത്സര സമരം

കൃഷിനിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ കാലാവധി അവസാനിക്കുംവരെ പ്രക്ഷോഭം നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ. സർക്കാരുകൾ 5 വർഷത്തേക്കാണെങ്കിൽ അത്രകാലം പ്രക്ഷോഭം നയിക്കാൻ കർഷകർക്കും സാധിക്കുമെന്നു ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.

നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിലവിലെ കേന്ദ്ര സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2024 വരെ പ്രക്ഷോഭം തുടരാൻ ഒരുക്കമാണെന്നും ടികായത് വ്യക്തമാക്കി.  ഈ മാസം 26നു സമാന്തര റിപ്പബ്ലിക് പരേഡ് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

കേരള കർഷകർ ഇന്ന് എത്തും

അഖിലേന്ത്യാ കിസാൻ സഭയുടെ ഭാഗമായ കേരള കർഷക സംഘത്തിൽ അംഗങ്ങളായ അഞ്ഞൂറോളം പേർ ഇന്നു രാവിലെ പ്രക്ഷോഭവേദിയിലെത്തും.

കർഷക സംഘം സെക്രട്ടറി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ 7 ബസുകളിലായാണു സംഘം ഹരിയാന – രാജസ്ഥാൻ അതിർത്തിയിലെ ഷാജഹാൻപുരിലെത്തുക. രണ്ടാം സംഘം വരും ദിവസങ്ങളിലെത്തും. 26നു സമാന്തര പരേഡിൽ കേരളത്തിൽ നിന്ന് ആയിരത്തോളം കർഷകർ പങ്കെടുക്കും.

പിന്മാറ്റം സർക്കാരിന് അവസരം

സുപ്രീം കോടതി നിയോഗിക്കുന്ന സമിതിയുമായി കർഷകരും സർക്കാരും ചർച്ച നടത്തണമെന്നായിരുന്നു ഉത്തരവ്. പട്ടികയിലെ ആദ്യവ്യക്തി തന്നെ പിന്മാറിയതോടെ സമിതിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായി.

അതോടെ, കോടതിയുത്തരവു ലംഘിക്കാതെ കർഷകരുമായി നേരിട്ടു ചർച്ച തുടരാൻ സർക്കാരിന് അവസരമൊരുങ്ങി. സമിതി അംഗങ്ങളെല്ലാം സർക്കാർ അനുകൂലികൾ ആയതിനാൽ അവരുമായി ചർച്ചയ്ക്കില്ലെന്ന് കർഷകരും നിലപാടെടുത്തിരുന്നു.

കർഷകതാൽപര്യം അടിയറ വയ്ക്കില്ല

ഉന്നയിക്കപ്പെട്ട ആശങ്കകൾ കണക്കിലെടുത്ത് സമിതിയിൽ നിന്നു ഞാൻ പിന്മാറുന്നു. പഞ്ചാബിന്റെയും രാജ്യത്തെ കർഷകരുടെയും താൽപര്യങ്ങൾ അടിയറവയ്ക്കാനാവില്ല; അതിനായി ഏതു പദവിയും വേണ്ടെന്നു വയ്ക്കും. 

ഭൂപിന്ദർ സിങ് മാൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com