ന്യൂഡൽഹി ∙ രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോവിഡ് വാക്സീൻ കുത്തിവയ്പിനു നാളെ തുടക്കം. വാക്സീൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകരിൽ ചിലരുമായും കുത്തിവയ്പു കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ആശയവിനിമയം നടത്തും. വാക്സീൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കോവിൻ ആപ്ലിക്കേഷന്റെ പ്രവർത്തനോദ്ഘാടനവും പ്രധാനമന്ത്രി നാളെ നിർവഹിക്കും.
മുൻഗണനാപട്ടികയിൽ ഒന്നാമതുള്ള ഒരു കോടി ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് നൽകാനുള്ള വാക്സീൻ സംസ്ഥാനങ്ങൾക്കു നൽകിക്കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 4,33,500 ഡോസ് കോവിഷീൽഡ് വാക്സീനാണു കേരളത്തിൽ എത്തിച്ചിരിക്കുന്നത്.