ആവേശം കൊമ്പുകോർത്തു; ജല്ലിക്കെട്ടിന്റെ വീര്യം പകർന്ന് അവനിയാപുരം

jallikkett
മധുര അവനിയാപുരം ജെല്ലിക്കെട്ടിൽ കാളയെ കീഴടക്കാൻ ശ്രമിക്കുന്നവർ. ചിത്രം: മനോരമ
SHARE

അവനിയാപുരം (തമിഴ്നാട്) ∙ തെളിഞ്ഞുകത്തുന്ന കണ്ണുകളിലും കൂർത്തുമിനുത്ത കൊമ്പുകളിലും ശൗര്യം നിറച്ച് കാളക്കൂറ്റന്മാർ... അമറിക്കുതിച്ചെത്തുന്ന പോരുകാളകളെ പിടിച്ചുനിർത്താൻ ജീവൻ പോലും പണയംവച്ച് നൂറുകണക്കിനു ചെറുപ്പക്കാർ.

മനുഷ്യമതിൽക്കെട്ടുകളെ കൊമ്പിൽ കോർത്തു കുടഞ്ഞെറിഞ്ഞ് കാളകൾ പാഞ്ഞു. തമിഴ് വീരന്മാരുടെ മെയ്‌ക്കരുത്തിനു മുന്നിൽ ചില കാളകൾ കൊമ്പുകുത്തി. കാർഷിക സമൃദ്ധിയും സാംസ്കാരിക ചരിത്രവും വിളിച്ചോതി തമിഴ്നാട്ടിൽ ജല്ലിക്കെട്ട്.

ഈ വർഷത്തെ ആദ്യ ജല്ലിക്കെട്ടിന് മധുര അവനിയാപുരത്തു തുടക്കം കുറിച്ചു. 

കാളയുടെ മുതുകിൽ നിന്നു പിടിവിടാതെ ശക്‌തിമാന്മാർ പോരാടിയപ്പോൾ ഇടയ്‌ക്കൊക്കെ ചോര ചിന്തി. കാളയുടെ കുത്തും ചവിട്ടുമേറ്റ് 58 പേരെയാണു മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. 

അവനിയാപുരം കോവിലിനു മുന്നിൽ പ്രത്യേകം തയാറാക്കിയ അങ്കത്തട്ടിലായിരുന്നു ജല്ലിക്കെട്ട്.  മധുരയിൽ നിന്നു 10 കിലോമീറ്റർ അകലെയുള്ള ഈ കാർഷിക ഗ്രാമത്തിലെ, പ്രത്യേക പരിശീലനം നൽകി വളർത്തിയ 570 കാളക്കൂറ്റന്മാർ റജിസ്റ്റർ ചെയ്തിരുന്നു. 450 കാളകൾ മത്സരത്തിനെത്തി. കാളകളെ കൊമ്പുകുത്തിക്കാൻ 420 യുവാക്കളും തട്ടിലിറങ്ങി. 

അവനിയാപുരം കോവിലിലെ കാളകളാണ് ആദ്യം ഇറങ്ങിയത്. വാടി വാസൽ എന്നറിയപ്പെടുന്ന കളത്തിലെത്തുന്ന അമ്പലക്കാളകളെ പിടിച്ചുനിർത്താൻ പാടില്ല. അവയ്ക്കു പിന്നാലെ പോരുകാളകളുടെ വരവായി. കാളയുടെ മുതുകിൽ പിടിച്ചുകിടന്ന് 50 മീറ്റർ ദൂരം പോകുന്നവരാണു വിജയി. 

322 കാളകൾ ആർക്കും പിടിച്ചുകെട്ടാനാവാതെ വിജയികളായി. മധുര സ്വദേശി വിജയ്‌യും തിരുനാവുക്കരശും ആണ് മികച്ച വീരന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. 26 കാളകളെ വീതം പിടിച്ചുകെട്ടിയ ഇവർക്ക് പ്രത്യേക സമ്മാനങ്ങളും കാഷ് പ്രൈസും ലഭിച്ചു.  കാളകളെ കൊമ്പുകുത്തിച്ചവർക്കു സ്‌റ്റീൽ പാത്രങ്ങൾ, സ്വർണമോതിരം, സ്വർണനാണയം മുതൽ ബൈക്കുകൾ വരെ സമ്മാനം ലഭിച്ചു. വില്ലാപുരം കാർത്തിക്കിന്റെ കാളയാണ് മികച്ച മാട്.

കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ തമിഴ്നാട് ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും മേൽനോട്ടമുണ്ടായിരുന്നു. 

കോവിഡ് പരിശോധനയ്ക്കും കർശനമായ വൈദ്യപരിശോധനയ്ക്കും ശേഷമാണു പോരാളികളെയും കളത്തിലിറക്കിയത്. 

കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത കൊടി ഉയർത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA