ADVERTISEMENT

മധുര∙‘‘നിങ്ങളുടെ വീരത്തെയും വീരവിളയാട്ടിനെയും സംരക്ഷിക്കാൻ എന്നും ഞാൻ ഒപ്പമുണ്ടാകും’’ അവനിയാപുരത്ത് ഇന്നലെ ജല്ലിക്കെട്ട് കാണാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാക്കുകൾ ജല്ലിക്കെട്ട് വേദിയെ ആവേശക്കടലാക്കി. 

‘രാഹുലിൻ തമിഴ് വണക്കം’ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം ജല്ലിക്കെട്ട് വേദിയിലെത്തിയത്. ‘‘തമിഴിനെയും സംസ്കാരത്തെയും ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. തമിഴ്നാട് ഇല്ലാതെ ഇന്ത്യയുടെ ചരിത്രമെഴുതാൻ സാധിക്കില്ല. നിങ്ങളുടെ പോരാട്ടത്തിൽ ഞാനും കോൺഗ്രസും ഒപ്പമുണ്ടാവും’’– രാഹുൽ പറഞ്ഞു.

4 വർഷം മുൻപ് ഈ വേദിയിലെത്തിയിരുന്നെങ്കിൽ ജല്ലിക്കെട്ട് നിരോധിക്കണമെന്ന് കോൺഗ്രസ് മുൻപ് ആവശ്യപ്പെടില്ലായിരുന്നു എന്ന് തമാശ കലർന്ന ഓർമപ്പെടുത്തലോടെയാണ് രാഹുലിനെ ജല്ലിക്കെട്ട് വേദിയിലേക്ക് ജനക്കൂട്ടം സ്വീകരിച്ചത്. ജല്ലിക്കെട്ട് നിങ്ങളുടെ രക്തത്തിലലിഞ്ഞ വികാരമാണെന്ന് ഞാൻ മനസ്സിലാക്കുന്നു എന്ന് രാഹുൽ മറുപടിയും നൽകി. 

ജല്ലിക്കെട്ടിൽ ഏറ്റവും അധികം പോരുകാളകളെ കീഴ്പ്പെടുത്തിയ വീരനും ആരും കീഴ്പ്പെടുത്താത്ത കാളയുടെ ഉടമയ്ക്കും രാഹുൽ സമ്മാനം നൽകി. 

തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവർ ഒപ്പമുണ്ടായിരുന്നു. 

തമിഴ്നാട്ടിലെ സഖ്യകക്ഷിയായ ഡിഎംകെയുടെ യുവനേതാവ് ഉദയനിധി സ്റ്റാലിനുമായി സൗഹൃദം പങ്കിട്ട ശേഷമാണ് രാഹുൽ ജല്ലിക്കെട്ട് വേദി വിട്ടത്. 

സാധിക്കുമെങ്കിൽ അടുത്ത വർഷവും താൻ ജല്ലിക്കെട്ടിനെത്തുമെന്ന ഉറപ്പും രാഹുൽ തമിഴ് മക്കൾക്കു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com