ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി വാക്സീൻ സ്വീകരിച്ചു രാജ്യത്തിനു കൂടുതൽ ആത്മവിശ്വാസം നൽകണമെന്ന വാദത്തിനു പിറകേ പോകാത്തതു വാക്സീനെക്കുറിച്ച് ആത്മവിശ്വാസമുള്ളതു കൊണ്ടെന്ന് ആരോഗ്യമന്ത്രാലയം. വാക്സീന്റെ സുരക്ഷയിലും ശേഷിയിലും ആത്മവിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ വാക്സീൻ അടിയന്തരമായി നൽകേണ്ടവർക്കു മുൻഗണനയെന്ന രീതിയാണു കേന്ദ്രം നിശ്ചയിച്ചത്. കോവിഡ് പിടിപെടാനുള്ള ഉയർന്ന സാധ്യത കൂടി കണക്കിലെടുത്താണ് ആരോഗ്യപ്രവർത്തകർക്ക് ആദ്യം നൽകിയത്.

എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, വാക്സീൻ വിദഗ്ധസമിതി അധ്യക്ഷൻ ഡോ. വി.കെ.പോൾ തുടങ്ങിയവർ ഡൽഹി എയിംസിൽ വാക്സീൻ സ്വീകരിച്ചെങ്കിലും ആദ്യം നൽകിയത് മനീഷ് കുമാർ എന്ന ശുചീകരണത്തൊഴിലാളിക്കാണ്.

സംസ്ഥാനങ്ങളിലും സമാന രീതി പിന്തുടർന്നു. വാക്സീനെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിലും വിഐപി സംസ്കാരം ഒഴിവാക്കി ആത്മവിശ്വാസത്തോടെ വിതരണം തുടങ്ങാമെന്നു നിർദേശിച്ചതു പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. ഡോക്ടറായ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ വാക്സീൻ സ്വീകരിക്കാതെ മാറിനിന്നതും ഇതുകൊണ്ടാണത്രേ.

തെലങ്കാനമന്ത്രിയുടെ ശ്രമം തടഞ്ഞു

തെലങ്കാനയിൽ ആദ്യം വാക്സീൻ സ്വീകരിക്കാനുള്ള  സംസ്ഥാന ആരോഗ്യമന്ത്രിയുടെ തീരുമാനം കേന്ദ്ര സർക്കാർ തടഞ്ഞു. ജനങ്ങൾക്കു കൂടുതൽ ധൈര്യം പകരാൻ സംസ്ഥാനത്ത് ആദ്യം താൻ വാക്സീൻ സ്വീകരിക്കുമെന്ന് മന്ത്രി ഇ.രാജേന്ദർ പറഞ്ഞിരുന്നു.

ഇക്കാര്യം വാർത്തയായതോടെ കേന്ദ്രം ഇടപെടുകയായിരുന്നു. ഒടുവിൽ, വാക്സീൻ കേന്ദ്രം ഉദ്ഘാടനം കൊണ്ടു മന്ത്രി തൃപ്തിപ്പെട്ടു. ശുചീകരണത്തൊഴിലാളിയായ കൃഷ്ണമ്മയാണ് ആദ്യം വാക്സീൻ സ്വീകരിച്ചത്.

മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഉൾപ്പെടെ പദവി ഉപയോഗിച്ചു വാക്സീനു ശ്രമിക്കരുതെന്നും ആദ്യ പരിഗണന ആരോഗ്യപ്രവർത്തകർക്കാണെന്നും മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞിരുന്നു. 

ജനപ്രതിനിധികളെയും കോവിഡ് പോരാളികളായി പരിഗണിക്കണമെന്നു ബിഹാറും ഒഡീഷയും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തയാറായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com