ADVERTISEMENT

മുംബൈ ∙ കോവിഡ് വാക്സീൻ നിർമിക്കുന്ന പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പണി നടക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചു. തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ‌9 പേരെ രക്ഷിച്ചു. കോവിഷീൽഡ് വാക്സീൻ പ്ലാന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് തീപിടിത്തം. വാക്സീൻ ഉൽപാദനത്തെയോ, ശേഖരണ സംവിധാനങ്ങളെയോ അപകടം ബാധിക്കില്ലെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല അറിയിച്ചു. 

പുണെ മാഞ്ജരി മേഖലയിൽ 100 ഏക്കറിലുള്ള ക്യാംപസിൽ റോട്ട വൈറസ് വാക്സീൻ നിർമിക്കുന്ന യൂണിറ്റിലെ കെട്ടിടത്തിന്റെ 4, 5 നിലകളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണു തീ പടർന്നത്. മേഖലയാകെ പുക മൂടി. രണ്ടു മണിക്കൂറിനകം തീയണച്ചു. വെൽഡിങ് ജോലികൾക്കിടയിലെ ഷോർട്ട് സർക്യൂട്ടാണെന്നാണു പ്രാഥമിക നിഗമനം. 

വാക്സീൻ ഉൽപാദനവുമായി ബന്ധപ്പെട്ട യന്ത്രങ്ങളോ വസ്തുക്കളോ കെട്ടിടത്തിന്റെ ഇൗ നിലകളിൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. 

ലോക ‘വാക്സീൻ’ ഫാക്ടറി 

ഇന്ത്യയുടെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സീൻ ഉൽപാദക കമ്പനികളിലൊന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഡ് പ്രതിസന്ധിക്കു മുൻപുതന്നെ ഈ മേഖലയിൽ സീറം നിർണായകസാന്നിധ്യമാണ്. പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല തുടങ്ങി ഇരുപതിൽപരം വാക്സീനുകളുടെ 150 കോടി ഡോസ് പ്രതിവർഷം ഉൽപാദിപ്പിക്കുന്നു.  ലോകത്തെ 65% കുട്ടികളും സീറം ഉൽപാദിപ്പിക്കുന്ന വാക്സീനുകളിൽ ഏഒന്നെങ്കിലും സ്വീകരിച്ചിട്ടുള്ളവരാണ്. 

Content Highlights: Serum institute fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com