ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പുതിയ ദേശീയ പ്രസിഡന്റിനെ ജൂൺ അവസാനം തിരഞ്ഞെടുക്കും. ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിലാണു തീരുമാനം. മേയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്താനാകുമെന്നു സംഘടനാ തിരഞ്ഞെടുപ്പു സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി അറിയിച്ചെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ജൂണിലേക്കു നീട്ടി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം പ്രവർത്തകസമിതിയും പുനഃസംഘടിപ്പിക്കുമെന്ന് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. 12 പേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും. ബാക്കി 11 പേരെ പുതിയ പ്രസിഡന്റ് നാമനിർദേശം ചെയ്യും. പ്രസിഡന്റ്, പാർലമെന്റിലെ കോൺഗ്രസ് കക്ഷി നേതാവ് എന്നിവരടക്കം 25 പേരാണു പ്രവർത്തക സമിതിയിലുള്ളത്. പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എഐസിസി സമ്മേളനവും നടക്കും. 

അടുത്ത വർഷം ഡിസംബർ വരെയായിരിക്കും പുതിയ പ്രസിഡന്റിന്റെ കാലാവധി. സാധാരണ 5 വർഷമാണു കാലാവധിയെങ്കിലും ഏറ്റവുമൊടുവിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്ന 2017 ഡിസംബർ മുതലുള്ള 5 വർഷം കണക്കാക്കി, അതിൽ ശേഷിക്കുന്ന കാലയളവിലേക്കാകും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ രാഹുൽ ഗാന്ധി പ്രസിഡന്റ് പദം രാജിവച്ചതിനെത്തുടർന്ന് ആ വർഷം ഓഗസ്റ്റ് മുതൽ സോണിയ ഗാന്ധി ഇടക്കാല പ്രസിഡന്റായി പ്രവർത്തിക്കുകയാണ്. 

മനസ്സു തുറക്കാതെ രാഹുൽ; വിട്ടുകൊടുക്കാതെ വിമതർ 

കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന രീതിക്കെതിരെ മുൻപു രംഗത്തുവന്ന 23 വിമത നേതാക്കളും നെഹ്റു – ഗാന്ധി കുടുംബത്തിലെ വിധേയരും തമ്മിൽ പ്രവർത്തക സമിതി യോഗത്തിൽ വാക്പോര്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നു വിമതരുടെ പ്രതിനിധിയായ ആനന്ദ് ശർമ വാദിച്ചപ്പോൾ, സമവായമാണു വേണ്ടതെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വാദിച്ചു. 

എത്രയും വേഗം പ്രസിഡന്റിനെ കണ്ടെത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ രാഹുൽ പക്ഷേ, താൻ മത്സരിക്കുമോ എന്ന കാര്യത്തിൽ മൗനം പാലിച്ചു. രാഹുൽ, പ്രിയങ്ക ഗാന്ധി എന്നിവരിലൊരാൾ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചാൽ വിമത പക്ഷം സ്ഥാനാർഥിയെ നിർത്തില്ല. എന്നാൽ, നെഹ്റു – ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം പരിഗണിച്ച് ഏതെങ്കിലും ഡമ്മി സ്ഥാനാർഥിയെ ആ പദവിയിലേക്കു നിർത്തിയാൽ എതിർസ്ഥാനാർഥിയുണ്ടാകും. പ്രവർത്തക സമിതിയിലെ 12 ഒഴിവുകളിലേക്കും വിമതപക്ഷം സ്ഥാനാർഥികളെ നിർത്തും.

English Summary: Congress president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com