ADVERTISEMENT

ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾക്കെതിരെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ പരേഡ് നടത്താൻ കർഷകർക്ക് ഒടുവിൽ പൊലീസിന്റെ അനുമതി. ഒരു ലക്ഷത്തിലേറെ ട്രാക്‌ടറുകൾ അണിനിരത്തുമെന്നാണു കർഷക പ്രഖ്യാപനം.

രാവിലെ റിപ്പബ്ലിക് ദിന പരേഡ് ഉള്ളതിനാൽ, ഉച്ചയ്ക്കു രണ്ടിനു പരേഡ് തുടങ്ങാനാണ് അനുമതി. ഗാസിപ്പുർ, സിംഘു, തിക്രി, പൽവൽ, ഷാജഹാൻപുർ അതിർത്തികളിലെ ബാരിക്കേഡുകൾ നീക്കും. എവിടെ വരെ ട്രാക്ടറുകൾ അനുവദിക്കാമെന്ന കാര്യത്തിൽ നേതാക്കളുമായി പൊലീസ് ചർച്ച നടത്തി. പരേഡിന്റെ പാത മാറ്റണമെന്ന് ആവശ്യപ്പെട്ട പൊലീസ് 3 സമാന്തര പാതകൾ നിർദേശിച്ചു.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നു രാവിലെയുണ്ടാകുമെന്നു കർഷകർ അറിയിച്ചു. ഏതായാലും തിരക്കേറിയ ഡൽഹി ഔട്ടർ റിങ് റോഡ് കടന്നു റാലി നഗരത്തിൽ പ്രവേശിക്കുമെന്നു നേതാക്കൾ പറയുന്നു. റിപ്പബ്ലിക് ദിന പരേഡിനെയോ അതിന്റെ സുരക്ഷാ ക്രമീകരണങ്ങളെയോ ബാധിക്കില്ലെന്നും അറിയിച്ചു.

ഒരു ലക്ഷം ട്രാക്ടറുകളുടെ പകുതിയെത്തിയാൽ പോലും ഡൽഹി സ്തംഭിക്കും. ഇത് എത്ര നേരം നീണ്ടുനിൽക്കുമെന്നതിലും അനിശ്ചിതത്വമുണ്ട്. പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമായി ഇന്നലെ 30,000 ട്രാക്ടറുകൾ പുറപ്പെട്ടതായി ഭാരതീയ കിസാൻ യൂണിയൻ (ഏകത– ഉഗ്രഹൻ) നേതാക്കൾ പറഞ്ഞു.

വധ ഗൂഢാലോചന ആരോപിച്ച് കർഷകർ

ന്യൂഡൽഹി ∙ ‌തങ്ങളുടെ നേതാക്കളെ വെടിവച്ചു കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കർഷകർ യുവാവിനെ പിടികൂടി മാധ്യമങ്ങൾക്കും പൊലീസിനും മുന്നിൽ ഹാജരാക്കി. വെള്ളിയാഴ്ച രാത്രി സിംഘു അതിർത്തിയിലെ വാർത്താസമ്മേളനത്തിനിടെയാണു ഹരിയാന സോനിപ്പത്ത് സ്വദേശിയായ 22കാരനെ മുഖംമൂടി ധരിപ്പിച്ചു കർഷകർ ഹാജരാക്കിയത്. റാലിക്കിടയിലേക്കു നുഴഞ്ഞുകയറി, ലാത്തിച്ചാർജും വെടിവയ്പും നടത്താൻ നിർദേശമുണ്ടായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. സമരവേദിയിലുണ്ടായിരുന്ന പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പിടികൂടിയതെന്നു കർഷകർ വിശദീകരിച്ചു. സമരക്കാരുടെ പക്കൽ ആയുധമുണ്ടോയെന്നറിയാൻ ഗൂഢാലോചനാ സംഘം നിർദേശിച്ച പ്രകാരമാണ് പ്രശ്നമുണ്ടാക്കിയതെന്നും പെൺകുട്ടിയും തങ്ങളുടെ സംഘത്തിൽപ്പെട്ടയാളാണെന്നുമാണ് ഇതിന് ഇയാൾ നൽകിയ വിശദീകരണം.

തങ്ങളുടെ സംഘത്തിലെ കൂടുതൽ പേർ സമരക്കാർക്കിടയിലേക്കു നുഴഞ്ഞുകയറുമെന്നും മൊഴിയിൽ പറയുന്നു. 23 കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും നേതാക്കളെ കൊല്ലാമെന്നു നിർദേശം ലഭിച്ചിട്ടുണ്ട്. റാലി നിർത്താൻ പൊലീസ് ആദ്യം കർഷകർക്കു മുന്നറിയിപ്പ് നൽകും. എന്നിട്ടും മുന്നോട്ടുപോയാൽ അവരുടെ മുട്ടിനു നേരെ വെടിയുതിർക്കും. പിന്നാലെ തങ്ങളുടെ സംഘത്തിലുള്ളവരും വെ‌ടിവയ്ക്കും. കർഷകർ തിരിച്ചു വെടിവച്ചെന്ന പ്രതീതി സൃഷ്ടിക്കാനാണിത്. 10,000 രൂപയാണ് വാഗ്ദാനമെന്നും പറഞ്ഞു.

കർഷകർ യുവാവിനെ പിന്നീട് സോനിപ്പത്ത് പൊലീസിനു കൈമാറി. എന്നാൽ, മർദിച്ചും മദ്യം നൽകിയും വ്യാജമൊഴി പറയിക്കുകയായിരുന്നുവെന്ന് ഇയാൾ പിന്നീടു പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഗൂഢാലോചനയ്ക്കു പിന്നിൽ സോനിപ്പത്ത് റായ് പൊലീസ് സ്റ്റേഷനിലെ പ്രദീപ് എന്ന സ്റ്റേഷൻ ഹൗസ് ഓഫിസറാണെന്ന വെളിപ്പെടുത്തലിലും വൈരുധ്യമുണ്ട്. 7 മാസമായി വിവേക് മാലിക് എന്നയാളാണ് ഇവിടെ സ്റ്റേഷൻ ഹൗസ് ഓഫിസർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com