ADVERTISEMENT

കൊൽക്കത്ത ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125–ാം ജന്മവാർഷികാഘോഷച്ചടങ്ങിൽ 30 സെക്കൻഡിൽ പ്രസംഗം അവസാനിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിഷേധം. സദസ്സിൽനിന്നു ‘ജയ് ശ്രീറാം’ വിളികളുമായി പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമമാണു കാരണം.

കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗവർണർ ജഗ്ദീപ് ധൻകറുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം.

വിക്ടോറിയ മെമ്മോറിയൽ ഹാളിലെ ചടങ്ങിൽ, മമത പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണു ‘ജയ് ശ്രീറാം’ വിളികൾ ഉയർന്നത്. ‘പരിപാടി ഏതെങ്കിലും പാർട്ടിയുടേതല്ല, സർക്കാരിന്റേതാണ്. അന്തസ്സു കാട്ടണം. ക്ഷണിച്ചുവരുത്തി അധിക്ഷേപിക്കരുത്’ – മമത പറഞ്ഞു. കൊൽക്കത്തയിൽ പരിപാടി സംഘടിപ്പിച്ചതിനു പ്രധാനമന്ത്രിക്കും സാംസ്കാരിക മന്ത്രാലയത്തിനും നന്ദി പറഞ്ഞു വാക്കുകൾ അവസാനിപ്പിച്ചു. ജയ് ശ്രീറാം വിളിയോടല്ല, മതവും രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നതിനോടാണ് എതിർപ്പെന്ന് ഏതാനും മാസം മുൻപു മമത പറഞ്ഞിരുന്നു. മമതയുടെ പ്രതിഷേധം ട്വിറ്ററിൽ ബിജെപി–‍തൃണമൂൽ വാക്പോരിനു കളമൊരുക്കി.

വേദിയിൽ പ്രധാനമന്ത്രി എത്തിയപ്പോൾ സ്വീകരിക്കാൻ മമതയുണ്ടായിരുന്നില്ല. മന്ദിരത്തിൽ നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രദർശനം പ്രധാനമന്ത്രി ചുറ്റിനടന്നു കണ്ടപ്പോൾ മമതയെത്തി. പ്രധാനമന്ത്രിയുടെ ഒപ്പം നടക്കാൻ മമതയെ ഗവർണർ പല തവണ നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രിയുമായി സംസാരിക്കാനും കൂട്ടാക്കിയില്ല.

തൃണമൂൽ റാലിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത

കൊൽക്കത്ത ∙ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനു മുൻപു തൃണമൂൽ സംഘടിപ്പിച്ച നേതാജി ജന്മദിനാഘോഷ റാലിയിൽ കേന്ദ്ര സർക്കാരിനെതിരെ മമത ബാനർജിയുടെ അതിനിശിത വിമർശനം.

‘തിരഞ്ഞെടുകാലത്തു മാത്രമല്ല നേതാജിയെ സ്മരിക്കേണ്ടത്. പാർലമെന്റ് നിർമിക്കാനും വിമാനങ്ങൾ വാങ്ങാനും ആയിരക്കണക്കിനു കോടികൾ ചെലവാക്കുന്ന സർക്കാരിന് നേതാജി സ്മാരകമുണ്ടാക്കാൻ പണമില്ല. നേതാജിയുടെ ജന്മദിനം ദേശീയ അവധി പോലുമല്ല.’ ആസൂത്രണ കമ്മിഷൻ നേതാജിയുടെ ആശയമായിരുന്നു. കമ്മിഷനെ ഇല്ലാതാക്കി സർക്കാർ നിതി ആയോഗുണ്ടാക്കി–മമത പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com