ADVERTISEMENT

ന്യൂഡൽഹി ∙ ‌പെൺകുട്ടികളുടെ ഭാവിക്കായി, അവൾ കുഞ്ഞായിരിക്കുമ്പോഴേ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്നും അതിനു നല്ല പലിശ കിട്ടുമെന്നും അറിയുന്നവർ എത്രപേരുണ്ട് ? ഇതുപോലെ വർഷങ്ങളായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികളുണ്ട്.  അത്തരം കേന്ദ്രപദ്ധതികളിൽ ചിലത്.

സുകന്യ സമൃദ്ധി യോജന

10 വയസ്സ് തികയാത്ത പെൺകുഞ്ഞിന്റെ പേരിൽ രക്ഷിതാവിനു സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. ഒരു കുഞ്ഞിന്റെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ പാടുള്ളൂ. കുറഞ്ഞ തുക 250 രൂപ. ഒരു സാമ്പത്തിക വർഷംപരമാവധി നിക്ഷേപം 1.50 ലക്ഷം രൂപ. അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 15 വർഷം പൂർത്തിയാക്കുന്നതു വരെ തുടർന്നുള്ള നിക്ഷേപം തുടരാം. 21 വർഷം പൂർത്തിയാകുമ്പോൾ അക്കൗണ്ട് കാലാവധി കഴിയും. 

പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നതു വരെ അക്കൗണ്ട് രക്ഷിതാവിന് പ്രവർത്തിപ്പിക്കാം. അതിനുശേഷം പെൺകുട്ടിക്ക് അക്കൗണ്ട് പ്രവർത്തിപ്പിക്കാം. നിലവിലെ പലിശനിരക്ക് 7.6%.  കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള തപാൽ ഓഫിസുമായി ബന്ധപ്പെടണം.കേരളത്തിൽ മാത്രമുള്ളത് 7 ലക്ഷത്തിലധികം അക്കൗണ്ടുകൾ. 

ബാലികാ സമൃദ്ധി  യോജന

ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർക്ക്. പെൺകുട്ടി ജനിച്ചയുടൻ സർക്കാർ 500 രൂപയുമായി കുഞ്ഞുങ്ങളുടെ പേരിൽ ലഘുസമ്പാദ്യ പദ്ധതി തുടങ്ങും. കുഞ്ഞുങ്ങളെ സ്‌കൂളിൽ ചേർക്കുമ്പോൾ വാർഷിക സ്‌കോളർഷിപ്പും ലഭിക്കും. 18 വയസ്സായാൽ തുക പിൻവലിക്കാം. അങ്കണവാടി വഴിയാണ് അപേക്ഷ.

 ഇന്ദിരാഗാന്ധി സ്കോളർഷിപ്

ഏകമകൾക്കു പിജി കോഴ്സുകൾക്കു പഠിക്കാൻ (2 വർഷം). 30 വയസ്സുവരെ അർഹത. പ്രതിവർഷം 36200 രൂപയാണു സ്കോളർഷിപ്.

സിബിഎസ്ഇ ഉഡാൻ

ഏകമകൾക്കുള്ള മെറിറ്റ് സ്കോളർഷിപ്. 60% മാർക്കോടെ പത്താം ക്ലാസ് പാസായി, സിബിഎസ്ഇ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ‌ക്ക് വർഷം 6000 രൂപ ലഭിക്കും. 

വിവേകാനന്ദ  ഫെലോഷിപ്

കുടുംബത്തിലെ ഒറ്റപെൺകുട്ടിക്ക്. സാമൂഹികശാസ്ത്രത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നു പിഎച്ച്ഡി ചെയ്യാൻ. 5 വർഷത്തേക്കാണ് (ആദ്യ 2 വർഷം പ്രതിമാസം 25000 രൂപയും തുടർന്ന് 28000 രൂപയും) ഫെലോഷിപ്. പ്രായപരിധി:40.

പ്രഗതി സ്കോളർഷിപ്

വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബത്തിലെ ഒറ്റപെൺകുട്ടിക്ക് എഐസിടിഇ നൽകുന്നത്. എഐസിടിഇ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാംവർഷ ഡിഗ്രി–ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.

ഇൻസെന്റീവ് സ്കീം

എസ്‍സി, എസ്‍ടി വിഭാഗത്തിലെ 8–ാംക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് 3000 രൂപ സർക്കാർ സ്ഥിരനിക്ഷേപമായി നൽകും. 

പത്താംക്ലാസ് കഴിയുമ്പോഴോ 18 വയസ്സ് പൂർത്തിയാകുമ്പോഴോ പണം പിൻവലിക്കാം. പട്ടികവിഭാഗ, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പെൺകുട്ടികൾക്കായി കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങളും (റസിഡൻഷ്യൽ സ്കൂൾ) ഒരുക്കിയിട്ടുണ്ട്. 

ഈ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഇൻസെന്റീവിന് അർഹതയുണ്ട്.

ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്

ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന 9 മുതൽ 12 ക്ലാസുകളുകളിലെ പെൺകുട്ടികൾക്കു പ്രതിവർഷം 6000 രൂപവരെ അനുവദിക്കുന്ന പദ്ധതി. 

തൊട്ടു മുൻപത്തെ ക്ലാസിൽ 50% കുറയാതെ മാർക്കുണ്ടാവണം. കുടുംബവാർഷികവരുമാനം 2 ലക്ഷത്തിൽ കൂടരുത്. 

ബേട്ടി ബചാവോ ബേട്ടി പഠാവോ

സ്ത്രീശാക്തീകരണം ഉറപ്പാക്കാനുള്ള പദ്ധതി. ഓരോ ജില്ലയ്ക്കും നിശ്ചിത തുക നൽകി വിദ്യാലയങ്ങൾ പെൺസൗഹൃദമാക്കുക, പെൺകുട്ടികൾക്കു ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ നടപ്പാക്കും.

പോഷകാഹാര പദ്ധതി

സ്കൂളിലെത്താത്ത 11–14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കു വർഷത്തിൽ 300 ദിവസം പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതി. സംസ്ഥാന സർക്കാരുകൾ വഴി നടപ്പാക്കുന്നു.

ബാലികാദിനം

കേന്ദ്ര വനിതാ–ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ 2008മുതൽ ജനുവരി 24 ദേശീയ  ബാലികാദിനം ആയി ആചരിക്കുന്നു.

രാജ്യത്തെ പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കലാണു പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം, സാമൂഹികജീവിതം, ആരോഗ്യം , പോഷകാഹാരം തുടങ്ങിയ മേഖലകളിൽ പെൺകുട്ടികൾ നേരിടുന്ന അസമത്വങ്ങൾ തിരിച്ചറിയാനും നേരിടാനുമുളള ബോധവൽക്കരണവും ദിനാചരണം ലക്ഷ്യം വയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com