ADVERTISEMENT

ന്യൂഡൽഹി ∙ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ അനുരഞ്ജന ശ്രമങ്ങൾ വഴിമുട്ടിയതോടെ, കേന്ദ്ര സർക്കാരും കർഷക സംഘടനകളും തുറന്ന പോരിലേക്ക്. ഇന്നലെ നടന്ന 11–ാം ചർച്ചയും പരാജയപ്പെട്ടു. അടുത്ത ചർച്ച എന്നു വേണമെന്ന കാര്യത്തിൽ പോലും തീരുമാനമെടുക്കാതെ ഇരുകൂട്ടരും പിരിഞ്ഞു.

പ്രക്ഷോഭം അവസാനിപ്പിച്ചാൽ നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന വാഗ്ദാനം കർഷകർ തള്ളിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കേന്ദ്രം, കൂടുതൽ വിട്ടുവീഴ്ചകൾക്കില്ലെന്നു വ്യക്തമാക്കി. അടുത്ത ചർച്ചയുടെ തീയതി നിശ്ചയിക്കുന്നില്ലെന്നും ആവശ്യമെങ്കിൽ കർഷകർ അറിയിച്ചാൽ മതിയെന്നും കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പീയൂഷ് ഗോയലും വ്യക്തമാക്കി. 3 നിയമങ്ങളും പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പുമില്ലെന്നു കർഷകർ ആവർത്തിച്ചു.

നിയമങ്ങൾ മരവിപ്പിക്കാമെന്ന വാഗ്ദാനം തള്ളാനുള്ള തീരുമാനം കർഷകർ ആദ്യം മാധ്യമങ്ങളെ അറിയിച്ചതിൽ കേന്ദ്രം എതിർപ്പ് അറിയിച്ചു. പരമാവധി വഴങ്ങിയെന്നും കൂടുതലൊന്നും ചെയ്യാനില്ലെന്നും മന്ത്രിമാർ പറഞ്ഞു. വാഗ്ദാനങ്ങൾ നൽകി പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നു കർഷകരും പ്രതികരിച്ചു.

അര മണിക്കൂറോളം നീണ്ട തർക്കത്തിനൊടുവിൽ മന്ത്രിമാർ പുറത്തിറങ്ങി. മൂന്നര മണിക്കൂറിനു ശേഷം തിരിച്ചെത്തിയ അവർ, കർഷകരുടെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ആരാഞ്ഞു. ഇല്ലെന്ന് അറിയിച്ചതോടെ 10 മിനിറ്റിൽ യോഗം അവസാനിപ്പിച്ചു മന്ത്രിമാർ മടങ്ങി.

റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച കിസാൻ പരേഡുമായി മുന്നോട്ടുപോകുമെന്നും പരമാവധി കർഷകരോടു ട്രാക്ടറുകളുമായി ഡൽഹി അതിർത്തിയിലെത്താൻ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും പിന്നാലെ സംഘടനകൾ അറിയിച്ചു.

English Summary: No breakthrough as government offers to stay laws but farmers want repeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com