ADVERTISEMENT

ന്യൂഡൽഹി ∙ ‘ആസാദ് ജി, സഭയിൽ നിന്നു പോയാലും എന്റെ വാതിലുകൾ നിങ്ങൾക്കായി തുറന്നിടും. താങ്കളെ ദുർബലനാകാൻ ഞാൻ അനുവദിക്കില്ല’– നിറകണ്ണുകൾ തുടച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോൾ ഗുലാംനബി ആസാദ് കൈകൂപ്പി.

വേദി: രാജ്യസഭ. സന്ദർഭം: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾപ്പെടെ സഭയിൽനിന്നു വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ്.

കണ്ണുനീരണിഞ്ഞ് പ്രസംഗം അവസാനിപ്പിച്ച മോദിക്കു ശേഷം നല്ല വാക്കുകളിലും സഭയിലെ നല്ല നിമിഷങ്ങളുടെ ഓർമകളിലും വിതുമ്പി ഗുലാംനബി ആസാദും സഭയെ വികാരനിർഭരമാക്കി.

കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട 23 നേതാക്കൾക്കു (ജി–23) നേതൃത്വം നൽകിയ ആസാദിനെ കോൺഗ്രസ് മുൻനിരയിൽനിന്ന് ഒഴിവാക്കുന്നുവെന്ന വാർത്തകൾക്കിടെ മോദിയുടെ പ്രശംസയും കണ്ണീരും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി .

ആസാദിനെക്കുറിച്ചു പറയുന്നതിനിടെ, 2007 ൽ ഗുജറാത്തിൽ താനും കശ്മീരിൽ ആസാദും മുഖ്യമന്ത്രിമാരായിരിക്കെ നടന്ന ഭീകരാക്രമണത്തെക്കുറിച്ചു പ്രധാനമന്ത്രി വിവരിച്ചു. ആക്രമണ വിവരം ഫോണിലൂടെ പറഞ്ഞ ആസാദ് പൊട്ടിക്കരയുകയായിരുന്നുവെന്നു പറഞ്ഞപ്പോൾ മോദിയുടെ കണ്ണു നിറഞ്ഞു. സ്വന്തം കുടുംബത്തെക്കാൾ സ്നേഹത്തോടെയാണ് ആസാദ് ആക്രമണത്തിനിരയായവർക്കു വേണ്ടി പ്രവർത്തിച്ചതെന്നു പറഞ്ഞപ്പോൾ വാക്കുകൾ മുറിഞ്ഞു. ശബ്ദമിടറി. സഭ നിശ്ശബ്ദമായി. അദ്ദേഹത്തെ സല്യൂട്ട് ചെയ്താണ് മോദി നിർത്തിയത്.

പാക്കിസ്ഥാനിലേക്കു പോകാതിരുന്നത് ഭാഗ്യമെന്നു കരുതുന്ന ഹിന്ദുസ്ഥാനി മുസ്‌ലിമാണ് താൻ എന്ന് ആസാദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ‘ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമാണ് രാഷ്ട്രീയത്തിൽ കൈപിടിച്ചുയർത്തിയത്’, വികാരഭരിതനായി ആസാദ് പറ‍ഞ്ഞു. അടൽ ബിഹാരി വാജ്പേയി പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാകണമെന്ന് അടൽജിയിൽ നിന്നാണ് ഞാൻ പഠിച്ചത്’.

ഈ മാസം 15നാണ് ആസാദിന്റെ കാലാവധി കഴിയുന്നത്. നാസിർ അഹ്മദ് ലാവായ്, മിർ മുഹമ്മദ് ഫയാസ് (ഇരുവരും പിഡിപി), ഷംഷേർ സിങ് മൻഹാസ് (ബിജെപി) എന്നീ കശ്മീരി അംഗങ്ങളുടെയും കാലാവധി പൂർത്തിയായി.

ആസാദിനെ കേരളത്തിൽനിന്ന് രാജ്യസഭയിലേക്കു മത്സരിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com