ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തങ്ങളുടെ സൈനികരുടെ മരണം ആദ്യമായി സ്ഥിരീകരിച്ച് ചൈന. ഗൽവാനിൽ മരിച്ച 4 സൈനികർക്കും ഗുരുതര പരുക്കേറ്റ കേണൽ റാങ്കിലെ ഉദ്യോഗസ്ഥനും ചൈന സേനാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷി ചിൻപിങ് തലവനായ സെൻട്രൽ മിലിറ്ററി കമ്മിഷനാണു പുരസ്കാരനിർണയം നടത്തിയത്.

ബറ്റാലിയൻ കമാൻഡർ ചെൻ ഹോങ്ജുൻ, ചെൻ ഷിയാങ്‌രോങ്, ഷാവോ സിയുവാൻ, വാങ് സൗറാൻ എന്നീ സൈനികരാണു മരിച്ചത്. 3 പേരെ ഇന്ത്യൻ സേന വധിച്ചപ്പോൾ ഒരാൾ പുഴ കടക്കുന്നതിനിടെയാണു മരിച്ചത്. ഷിൻജിയാങ് മിലിറ്ററി കമാൻഡ് റജിമെന്റൽ കമാൻഡർ കേണൽ കി ഫബാവോയ്ക്കു ഗുരുതര പരുക്കേറ്റു. സമൂഹം സത്യമറിയേണ്ടതിനാലാണ് ഏറ്റുമുട്ടലുണ്ടായി 8 മാസത്തിനുശേഷം വെളിപ്പെടുത്തൽ നടത്തുന്നതെന്നാണു ചൈനയുടെ നിലപാട്.

കഴിഞ്ഞ ജൂൺ 15നു രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ കേണൽ സന്തോഷ് ബാബു അടക്കം 20 ഇന്ത്യൻ സേനാംഗങ്ങളാണു വീരമൃത്യു വരിച്ചത്. ധീരസൈനികരെ സേനാ പുരസ്കാരങ്ങൾ നൽകി ഇന്ത്യ ആദരിച്ചപ്പോൾ, തങ്ങളുടെ ഭാഗത്തെ നഷ്ടങ്ങളെക്കുറിച്ചു ചൈന മൗനം പാലിക്കുകയായിരുന്നു. സൈനികരുടെ സംസ്കാരച്ചടങ്ങും ചൈന രഹസ്യമാക്കി വച്ചു. ചൈനയുടെ 45 സൈനികർ ഗൽവാനിൽ മരിച്ചതായി റഷ്യൻ വാർത്താ ഏജൻസി കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, സംഘർഷം പരിഹരിക്കുന്നതിന്റെ ഭാഗമായി കിഴക്കൻ ലഡാക്കിലെ പാംഗോങ് തീരത്തുനിന്ന് ഇരു സേനകളുടെയും പിൻമാറ്റം പൂർത്തിയായെന്നാണു വിവരം. ഡെപ്സാങ്, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ സംഘർഷത്തിനു പരിഹാരമാർഗം തേടി ഉന്നത സേനാ കമാൻഡർമാർ അതിർത്തിയിൽ ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ ഇന്നു കൂടിക്കാഴ്ച നടത്തും. ലേ ആസ്ഥാനമായ പതിനാലാം സേനാ കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി. ജി.കെ.മേനോൻ ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിക്കും. ഇരു രാജ്യങ്ങളുടെയും സേനാ കമാൻഡർമാർ തമ്മിലുള്ള പത്താം കൂടിക്കാഴ്ചയാണിത്.

English Summary: In a first, China acknowledges casualties in Galwan; reveals names

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com