ന്യൂഡൽഹി∙ തൊഴിലുടമകൾ വിഹിതം അടയ്ക്കാത്തതു കാരണം ഇഎസ്ഐ അംഗങ്ങൾക്കു ചികിത്സ നിഷേധിക്കപ്പെടുന്ന വിഷയം ഇന്നു ചേരുന്ന ഇഎസ്ഐ കോർപറേഷൻ ബോർഡ് യോഗം പരിഗണിച്ചേക്കും. ആനുകൂല്യത്തിനു നിശ്ചിത ഹാജർ വേണമെന്ന നിബന്ധന ലോക്ഡൗൺ കാലയളവിൽ പൂർണമായും ഒഴിവാക്കണമെന്ന ആവശ്യവും യോഗത്തിനു മുൻപിലെത്തുന്നുണ്ട്.
ഇഎസ്ഐ അംഗങ്ങൾക്ക് അംഗത്വമെടുത്തയുടൻ വിദഗ്ധചികിത്സാ സൗകര്യം ലഭ്യമാക്കണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇഎസ്ഐ ബോർഡ് അംഗം വി.രാധാകൃഷ്ണൻ തൊഴിൽമന്ത്രി സന്തോഷ് ഗാങ്വാറിനും തൊഴിൽ സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഈ വിഷയവും യോഗത്തിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി വിഹിതമടച്ചാലും തൊഴിലുടമ നിശ്ചിതസമയത്തു കോർപറേഷനിൽ വിഹിതം അടയ്ക്കാത്തതു കാരണം തൊഴിലാളികൾക്കു ചികിത്സ നിഷേധിക്കപ്പെടുന്ന രീതിയിലാണ് ഇപ്പോഴത്തെ സംവിധാനം. അതു മാറ്റണമെന്നും തൊഴിലുടമയുടെ വീഴ്ചയ്ക്ക് തൊഴിലാളിക്ക് ചികിത്സ നിഷേധിക്കരുതെന്നുമാണു യൂണിയനുകളുടെ നിലപാട്.
ഇഎസ്ഐ ആനുകൂല്യം ലഭിക്കാനുള്ള ശമ്പളപരിധിയായ 21,000 രൂപയിൽ നിന്ന് ശമ്പളമുയർന്നാൽ ആനുകൂല്യം ലഭിക്കാത്ത അവസ്ഥയുണ്ട്. ഇതു മാറ്റാനായി 21,000 രൂപ അടിസ്ഥാന ശമ്പളപരിധിയായി നിശ്ചയിച്ച് ആജീവനാന്തം തൊഴിലാളികൾക്ക് ആനുകൂല്യം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.