മുംബൈ ∙ പുണെയിലെ ഭീമ–കൊറേഗാവ് കേസിൽ രണ്ടര വർഷമായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും തെലുങ്കു കവിയുമായ വരവരറാവുവിന് (82) ബോംബെ ഹൈക്കോടതി 6 മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
പ്രായവും അനാരോഗ്യവും ജയിലിലെ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്താണ് ഉത്തരവ്. കസ്റ്റഡിയിൽ തുടർന്നാൽ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുമെന്നും തങ്ങൾക്കു കാഴ്ചക്കാരായിരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
അന്ധേരിക്കടുത്ത് നാനാവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വരവരറാവുവിനെ ഉടൻ ഡിസ്ചാർജ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നു കോടതി നിർദേശിച്ചു. മുംൈബയിൽ, എൻഐഎ കോടതിയുടെ പരിധിയിൽ തന്നെ താമസിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.