ADVERTISEMENT

ന്യൂഡൽഹി∙ കേരളമടക്കം കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുള്ള സംസ്ഥാനങ്ങളോട്, ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായവർക്കും നിർബന്ധമായും ആർടി–പിസിആർ ടെസ്റ്റുകൾ നടത്തണമെന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ആർടി–പിസിആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. രോഗമുക്തി നിരക്കിലും രാജ്യത്ത് മുൻപിൽ തുടരുന്നതു കേരളമാണ്.

സജീവ കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും പ്രതിദിന കേസുകളിൽ വർധന ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞ 4 ആഴ്ചകളിൽ കേരളത്തിൽ പ്രതിവാര ശരാശരി കേസുകൾ 42,000 മുതൽ 34,800 വരെയാണ്. ഈ കാലയളവിൽ കേരളത്തിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 13.9% മുതൽ 8.9% വരെയാണ്. കേരളത്തിൽ, ആലപ്പുഴ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ആലപ്പുഴയിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.7 ശതമാനമായും പ്രതിവാര രോഗബാധിതരുടെ എണ്ണം 2,833 ആയും വർധിച്ചിട്ടുണ്ട്.

ആർടി–പിസിആർ ടെസ്റ്റുകൾ കൂട്ടുന്നതടക്കം 5 കാര്യങ്ങളാണു കത്തിൽ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ 4 ദിവസങ്ങളിലായി രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് വർധനയുണ്ടായിട്ടുണ്ട്. ഇതിൽ മഹാരാഷ്ട്രയിൽ കണ്ടെത്തിയിരിക്കുന്ന പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരിക്കൽ രോഗം വന്നവർക്കും ഇതു ബാധിക്കുന്നുണ്ട്. പടരുന്നതും അതിവേഗത്തിലാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു.

ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ള കോവിഡ് ബാധിതർ 1,45,634 ആണ്. 24 മണിക്കൂറിൽ 14,264 കേസുകൾ റിപ്പോർട്ട് ചെയ്തു. 90 മരണങ്ങളുമുണ്ടായി. പുതിയ കേസുകളിൽ 77% മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. മഹാരാഷ്ട്രയിൽ 6281 കേരളത്തിൽ 4650. 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 40 പേരും കേരളത്തിൽ 13 പേരും മരിച്ചു. കേരളത്തിലെ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിരക്ക് 7.9%.

കേന്ദ്രസർക്കാരിന്റെ 5 നിർദേശങ്ങൾ

∙ആർ‌ടി-പി‌സി‌ആർ‌ ടെസ്റ്റുകളുടെ അനുപാതം വർധിപ്പിക്കുക, ആകെ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക.

∙റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവ് ആയ എല്ലാവർക്കും നിർബന്ധമായും ആർടി-പി‌സി‌ആർ ടെസ്റ്റും നടത്തുക.

∙നിർദേശിക്കപ്പെട്ട ജില്ലകളിൽ കർശനവും സമഗ്രവുമായ നിരീക്ഷണവും, കർശന നിയന്ത്രണവും ഏർപ്പെടുത്തുക.

∙ വകഭേദം വന്ന വൈറസിനെ നിരീക്ഷിക്കുക.

∙കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക.

പാരമ്പര്യമരുന്നിന് അംഗീകാരമില്ല: ലോകാരോഗ്യസംഘടന

കോവിഡ് ചെറുക്കാൻ ഒരു പാരമ്പര്യ മരുന്നിനും അംഗീകാരം നൽകിയിട്ടില്ലെന്നു ലോകാരോഗ്യസംഘടന. പരിശോധന നടത്തുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. കൊറോനിൽ മരുന്നിന് ആയുഷ് മന്ത്രാലയം അംഗീകാരം നൽകിയെന്ന അവകാശവാദത്തിനിടെയാണു ലോകാരോഗ്യസംഘടനയുടെ വിശദീകരണം. പതഞ്ജലിയുടെ മരുന്നിന്റെ പേരു പറയാതെയാണു കുറിപ്പ്. അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി ഡോ.ഹർഷ്‌വർധന്റെ സാന്നിധ്യത്തിലാണു ബാബാ രാംദേവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

Content Highlights: RT-PCR test Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com