വീഴ്ത്തിയും തളർത്തിയും; ഭൂരിപക്ഷമുള്ള സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി തന്ത്രം

amit-shah-narendra-modi
SHARE

നരേന്ദ്ര മോദി സർക്കാർ 2014 ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷം, സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ച് അധികാരം പിടിക്കുന്നത് ബിജെപി രാഷ്ട്രീയശൈലിയുടെ ഭാഗമായി മാറി. അരുണാചൽ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചാണ് ബിജെപി അധികാരം പിടിച്ചത്. ഇപ്പോൾ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരും വീണു.

ബംഗാളിൽ മമത ബാനർജിയുടെ സർക്കാരിനെ ദുർബലപ്പെടുത്താനും ഒട്ടേറെ നീക്കങ്ങൾ നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയിലും മണിപ്പൂരിലും കോൺഗ്രസിന് മുൻതൂക്കമുണ്ടായിട്ടും മന്ത്രിസഭയുണ്ടാക്കിയതു ബിജെപിയാണ്.

അരുണാചൽ പ്രദേശ്

2014 ൽ 60 അംഗസഭയിൽ 42 സീറ്റ് നേടി കോൺഗ്രസിനു വൻ വിജയം. ബിജെപിക്ക് 11 സീറ്റ്. നബാം തുക്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു. പിന്നീട് കോൺഗ്രസിലെ പേമ ഖണ്ഡു മുഖ്യമന്ത്രിയായി.

2016 ൽ പേമ ഖണ്ഡു അടക്കം 41 കോൺഗ്രസ് എംഎൽഎമാരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ എത്തിച്ചു. ആ വർഷം തന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബിജെപിയിൽ ചേർന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി.

മധ്യപ്രദേശ്

2018ൽ സ്വതന്ത്രർ അടക്കം 121 പേരുടെ പിന്തുണയോടെയാണ് കോൺഗ്രസ് നേതാവ് കമൽനാഥ് മുഖ്യമന്ത്രി പദത്തിലെത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ 26 കോൺഗ്രസ് എംഎൽഎമാരെ അടർത്തിയെടുത്താണ് കമൽനാഥ് സർക്കാരിനെ ബിജെപി വീഴ്ത്തിയത്. തുടർന്ന് ബിജെപിയിലെ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായി.

26 റിബൽ എംഎൽഎമാർ രാജിവച്ച് ഉപതിരഞ്ഞെടുപ്പ് നടത്തിയപ്പോൾ കോൺഗ്രസിന്റെ 19 സീറ്റ് സ്വന്തമാക്കി ബിജെപി ഭരണം ഉറപ്പിച്ചു.

മണിപ്പുർ

60 അംഗ നിയമസഭയിലേക്ക് 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും 21 സീറ്റ് നേടിയ ബിജപിക്കാണു മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചത്. കോൺഗ്രസിൽനിന്ന് 9 പേരെ ബിജെപി പക്ഷത്ത് എത്തിച്ചു. കോൺഗ്രസിൽ ബാക്കി വന്ന 19 പേർ പ്രതിപക്ഷത്ത്.

ഗോവ

40 അംഗ സഭയിലേക്ക് 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി കോൺഗ്രസ് വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം പിടിച്ചത് 13 സീറ്റ് മാത്രമുള്ള ബിജെപിയാണ്. 

കോൺഗ്രസിലെ ഒരംഗത്തെ അടർത്തിയെടുത്തു. കൂടാതെ മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണകൂടി ബിജെപി നേടിയെടുത്തു. 

കർണാടക

2018 ലെ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. 104 സീറ്റ് നേടി ബിജെപി വലിയ കക്ഷിയായി. കോൺഗ്രസിന് 80 സീറ്റും ജനതാദളിന് 37 സീറ്റും കിട്ടി. വലിയ ഒറ്റകക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു. 

യെഡിയൂരപ്പ സർക്കാർ വിശ്വാസവോട്ടിൽ വീണു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്– ജെഡിഎസ് സർക്കാർ അധികാരത്തിലെത്തി. 16 വിമത കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാരെ രാജിവെപ്പിച്ചാണ് ബിജെപി കർണാടകത്തിലെ രാഷ്ട്രീയ പോരാട്ടത്തിൽ വിജയം കണ്ടത്. യെഡിയൂരപ്പ 2019 ൽ വീണ്ടും അധികാരത്തിലെത്തി.

മഹാരാഷ്ട്ര

2019 ൽ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റും ലഭിച്ചു. മുഖ്യമന്ത്രിസ്ഥാനം പങ്കിടമെന്ന ശിവസേനയുടെ നിർബന്ധത്തിനു മുന്നിൽ മന്ത്രിസഭാ രൂപീകരണം നടന്നില്ല. നവംബർ 12 ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നിലവിൽ വന്നു. കോൺഗ്രസ്, എൻസിപി പിന്തുണയോടെ ശിവസേന സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പുതിയ നീക്കത്തിലൂടെ ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചു. 

എൻസിപിയിലെ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റത്. 

വിശ്വാസ വോട്ടെടുപ്പ് വേണമെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ മന്ത്രിസഭ രാജിവച്ചു. തുടർന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യം അധികാരത്തിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA