ADVERTISEMENT

ന്യൂഡൽഹി ∙ പ്രായം മാത്രമല്ല, കോവിഡ് വൈറസ് ബാധയെ കൂടുതൽ അപകടകാരിയാക്കുന്ന 20 ഗുരുതര രോഗങ്ങൾ കൂടി പരിഗണിച്ചാണ് രണ്ടാം ഘട്ട വാക്സീൻ കുത്തിവയ്പിലേക്കു രാജ്യം കടക്കുന്നത്. ഈ രോഗങ്ങളുള്ളവരിൽ, 45 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണു കുത്തിവയ്പ്. പ്രായം വ്യക്തമാക്കുന്ന രേഖയ്ക്കൊപ്പം രോഗം സംബന്ധിച്ചു ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ഹാജരാക്കണം. വാക്സീൻ മുൻഗണനയ്ക്കായി പരിഗണിക്കുന്ന രോഗാവസ്ഥകൾ ഇവ:

∙ ഹൃദ്രോഗമുണ്ടായി കഴിഞ്ഞ ഒരു വർഷത്തിനിടെ ചികിത്സ തേടിയവർ.

∙ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും പേസ്മേക്കർ ഉൾപ്പെടെ ഉപയോഗിക്കുന്നവരും.

∙ ഹൃദയത്തിന്റെ അറകളിലെ പ്രവർത്തനത്തിൽ തകരാറുള്ളവർ, ഹൃദയ വാൽവിനു പ്രശ്നമുള്ളവർ.

∙ ജന്മനാ ഹൃദ്രോഗികളായവരും ശ്വാസകോശ അസുഖങ്ങളുള്ളവരും.

∙ ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയയ്ക്കു വിധേയരായവർ

∙ നെഞ്ചുവേദന, രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്കു ചികിത്സ തേടുന്നവർ.

∙ പക്ഷാഘാതമുണ്ടാകുകയും തുടർചികിത്സ തേടുകയും ചെയ്യുന്നവർ.

∙ ശ്വാസകോശ ധമനികൾക്കുണ്ടാകുന്ന രക്താതിസമ്മർദത്തിനു ചികിത്സ തേടുന്നവർ(പൾമനറി ആർട്ടറി ഹൈപ്പർടെൻഷൻ)

∙ പത്തോ അതിലധികമോ വർഷമായി പ്രമേഹമുള്ളവരും അനുബന്ധ പ്രശ്നങ്ങൾക്കു ചികിത്സ തേടുന്നവരും.

∙ കരൾ, വൃക്ക, മൂലകോശം എന്നിവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവരോ അതിനു തയാറായി ഇരിക്കുന്നവരോ.

∙ ഗുരുതര വൃക്ക രോഗികളും ഡയലാസിസിനു വിധേയരാകുന്നവരും.

∙ ദീർഘകാലമായി സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവരും പ്രതിരോധശേഷിയെ മന്ദീഭവിക്കുന്ന (ഇമ്യൂണോ സപ്രെഷൻ) മരുന്നുപയോഗിക്കുന്നവരും.

∙ ഗുരുതര കരൾ രോഗമുള്ളവർ.

∙ ഗുരുതര ശ്വാസകോശ രോഗത്തിനു ചികിത്സ തേടിയിട്ടുള്ളവർ.

∙ രക്താർബുദം അടക്കം എല്ലാത്തരം കാൻസറിനും ചികിത്സ തേടുന്നവർ.

∙ അരിവാൾ രോഗം, തലാസിമിയ രോഗം, മജ്ജയിലെ തകരാറുമായി ബന്ധപ്പെട്ട രോഗം എന്നിവയുള്ളവർ.

‌∙ എച്ച്ഐവി ബാധിതർ, മാനസിക വെല്ലുവിളി നേരിടുന്നവർ, മസ്കുലർ ഡിസ്ട്രോഫി, ശ്വസനവ്യവസ്ഥയെ ബാധിക്കുംവിധം ആസിഡ് ആക്രമണത്തിന് ഇരയായവർ, അന്ധത, കേൾവി പ്രശ്നം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങൾ തുടങ്ങിയവ ബാധിച്ചവരിൽ 45 വയസ്സിനു മുകളിലുള്ളവർക്കു വാക്സീനെടുക്കാൻ അർഹതയുണ്ട്.

യുഎസിൽ പുതിയ വാക്സീൻ, ഒറ്റ ഡോസ്

ന്യൂഡൽഹി ∙ ജോൺസൺ ആൻഡ് ജോൺസന്റെ (ജെ ആൻഡ് ജെ) ഒറ്റ ഡോസ് മാത്രമുള്ള കോവിഡ് വാക്സീന് യുഎസിൽ അടിയന്തര ഉപയോഗത്തിന് അനുമതിയായി. ഹൈദരാബാദിലെ ബയോളജിക്കൽ ഇ കമ്പനി ജെ ആൻഡ് ജെയുമായി നടത്തുന്ന ചർച്ചകൾ വിജയിച്ചാൽ ഇന്ത്യയിലും ലഭ്യമായേക്കും. 

   വാക്സീന്റെ ഫലപ്രാപ്തി 81–87% ആണ്. വാക്സീനെടുത്തിട്ടും ചെറിയ വൈറസ് ബാധയുണ്ടായതു പരിഗണിച്ചാൽ ഫലപ്രാപ്തി 66%.

തദ്ദേശീയമായി വികസിപ്പിച്ച ഒറ്റ ഡോസ് വാക്സീന് ചൈനയും അംഗീകാരം നൽകി. ‘Ad5-nCoV’ വാക്സീനെടുത്ത് 14–ാം ദിവസം പ്രതിരോധശേഷി ലഭിക്കുമെന്നാണ് അവകാശവാദം. 6 മാസത്തിനുശേഷം, മറ്റൊരു ഡോസ് കൂടിയെടുത്താൽ പ്രതിരോധശേഷി 10–20 മടങ്ങ് കൂടുമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com