ADVERTISEMENT

ന്യൂഡൽഹി ∙ മുൻകൂട്ടി വിവരം പുറത്തുവിടാതെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെ എയിംസിലെത്തി കോവിഡ് വാക്സീൻ സ്വീകരിച്ചത്. വാക്സിനേഷന്റെ ആദ്യ ഘട്ടം ആരോഗ്യപ്രവർത്തകർക്കും മുൻനിര കോവിഡ് പോരാളികൾക്കുമായതിനാൽ ജനപ്രതിനിധികൾ സ്വാധീനമുപയോഗിക്കരുതെന്നു നിർദേശിച്ചു മോദി മാറിനിന്നിരുന്നു. എന്നാൽ, 60 വയസ്സിനു മുകളിലുള്ളവർക്കു വാക്സീൻ നൽകുന്ന ഘട്ടത്തിൽ സ്വാഭാവികമായി ഉൾപ്പെടുമെന്നതിനാലാണു പ്രധാനമന്ത്രി ഇന്നലെ കുത്തിവയ്പു സ്വീകരിച്ചത്. 

‘സർപ്രൈസ്’ എന്നായിരുന്നു മോദിയുടെ വരവിനെക്കുറിച്ചു കുത്തിവയ്പ് നടത്തിയ സംഘത്തിലെ മലയാളി നഴ്സ് റോസമ്മയുടെ പ്രതികരണം. ‌കൈകൂപ്പി വണക്കം പറഞ്ഞെത്തിയ പ്രധാനമന്ത്രി, തങ്ങളുടെ സ്വദേശം ഉൾപ്പെടെ വ്യക്തിവിവരങ്ങൾ ചോദിച്ചറിഞ്ഞതായി അവർ പറഞ്ഞു. 

രാഷ്ട്രീയക്കാർക്കു തൊലിക്കട്ടി കൂടുതലാണെന്നും മൃഗങ്ങൾക്കു കുത്തിവയ്ക്കുന്ന വലിയ സൂചിവച്ചാണോ കുത്തുന്നത് എന്നുമുള്ള പ്രധാനമന്ത്രിയുടെ നർമം നഴ്സുമാർക്ക് ആദ്യം മനസ്സിലായില്ല. അദ്ദേഹം തമാശ ആവർത്തിച്ചതോടെ ചിരിപൊട്ടി. 

അറിഞ്ഞതുപോലുമില്ല എന്നായിരുന്നു കുത്തിവയ്പിനുശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് സ്വീകരിക്കും. തൊടുപുഴ മുതലക്കോടം തെങ്ങിൻതോട്ടം സ്വദേശി റോസമ്മ 20 വർഷത്തിലധികമായി എയിംസിൽ നഴ്സാണ്. പ്രധാനമന്ത്രിക്കു കുത്തിവയ്പെടുത്ത പുതുച്ചേരി സ്വദേശിയായ നിവേദിത 3 വർഷമായി എയിംസിൽ ജോലി ചെയ്യുന്നു.

‘എയിംസിൽ നിന്നു കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തു. കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കുറഞ്ഞസമയം കൊണ്ടു ഡോക്ടർമാരും ശാസ്ത്രജ്ഞരും നടത്തിയ പ്രവർത്തനം ശ്രദ്ധേയമാണ്. അർഹരായ എല്ലാവരോടും വാക്സീനെടുക്കാൻ അഭ്യർഥിക്കുകയാണ്. ഇന്ത്യയെ നമുക്കു കോവിഡ് മുക്തമാക്കാം.’

പ്രധാനമന്ത്രി നരേന്ദ്ര മോദി

Content Highlights: Covid Vaccine: Modi's surprise visit in AIIMS

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com