ADVERTISEMENT

നന്ദിഗ്രാം, സിംഗൂർ സംഭവങ്ങൾ ഇത്തവണ ബംഗാൾ തിരഞ്ഞെടുപ്പിൽ ആരും ചർച്ച ചെയ്യുന്ന വിഷയമല്ല. പക്ഷേ, നന്ദിഗ്രാം ഈ തിരഞ്ഞെടുപ്പിൽ മുൻപില്ലാത്ത വിധം അണിഞ്ഞൊരുങ്ങുന്നുണ്ട്. മമത ബാനർജിയെ സ്ഥാനാർഥിയായി സ്വീകരിക്കാനാണിത്. നന്ദിഗ്രാമിലെ പൊടിപിടിച്ച ചുവരുകൾ മിനുക്കി മമതയ്ക്കു വോട്ട് തേടുന്ന ചുവരെഴുത്തുകൾ നിറയ്ക്കുന്നുണ്ട് തൃണമൂൽ കോൺഗ്രസുകാർ.

നന്ദിഗ്രാമിന്റെ ഗ്രാഫ് ഉയർത്തുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. മമതയെ എതിരിടുക അവരുടെ പഴയ വിശ്വസ്തൻ, തൃണമൂലിന്റെ സിറ്റിങ് എംഎൽഎ സുവേന്ദു അധികാരിയാകും. സുവേന്ദു അടുത്തിടെയാണു ബിജെപിയിൽ ചേർന്നത്.

നെൽക്കൃഷി മേഖലയായ നന്ദിഗ്രാമിനെ പ്രത്യേക സാമ്പത്തിക മേഖലയാക്കാൻ 2007 ൽ ഇടതു സർക്കാർ നടത്തിയ ശ്രമമാണ് പച്ചപ്പു നിറഞ്ഞ ഈ പ്രദേശം കർഷകരുടെ പ്രക്ഷോഭത്തിൽ ചെങ്കൊടിക്കെതിരെ ക്ഷോഭിച്ചു ചുവന്നത്. 2009 ൽ തൃണമൂൽ കോൺഗ്രസ് ആ അമർഷത്തിൽനിന്നു നേട്ടം കൊയ്യുകയും ചെയ്തു.

അന്നു മുതൽ മമതയ്ക്കു നന്ദിഗ്രാമിനോടു പ്രത്യേക നന്ദിയുണ്ട്. ഇത്തവണ ഇവിടെ മത്സരിക്കാനുള്ള ആഗ്രഹം അവർ നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ജനുവരി 18ന് നന്ദിഗ്രാമിൽ നടത്തിയ സമ്മേളനത്തിൽ വെളിപ്പെടുത്തിയ ആഗ്രഹം നാട്ടുകാർ ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തു.

അതിനു ശേഷം മമത നന്ദിഗ്രാമിലെത്തിയിട്ടില്ല. രണ്ടാം ഘട്ടത്തിൽ, ഏപ്രിൽ ഒന്നിനാണ് പൂർവ മേദിനിപ്പുർ ജില്ലയിലെ നന്ദിഗ്രാം മണ്ഡലത്തിൽ വോട്ടെടുപ്പ്. 

മമതയെ കാത്തിരിക്കുന്ന തൃണമൂൽ പ്രവർത്തകർ വലിയ ആവേശത്തിലാണ്. നന്ദിഗ്രാമിലെ തൃണമൂൽ ഓഫിസിലിരുന്നു സാധ്യതകൾ പറയുന്ന പാർട്ടി ബ്ലോക്ക് പ്രസിഡന്റ് സ്വരാജ് രഞ്ജൻ ദാസിനും പ്രവർത്തകൻ ഷെയ്ഖ് അമാനുല്ലയ്ക്കും സംശയമില്ല: ‘ദീദി ഇവിടെ അറുപതിനായിരത്തിലേറെ വോട്ടിനു ജയിക്കും.

കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച വിപ്ലവഭൂമിയുടെ മുഖപടമൊന്നും ഇന്നും നന്ദിഗ്രാമിനില്ല. പാടത്തു വിയർക്കുന്ന കർഷകരും തൊഴിലാളികളും ജനമിരമ്പുന്ന അങ്ങാടിയും ഇടുങ്ങിയ റോഡുകളുമൊക്കെയേ ഇപ്പോഴുമുള്ളൂ. പക്ഷേ, ഇക്കാണുന്നതിനപ്പുറം 10 വർഷം കൊണ്ട് ദീദി നന്ദിഗ്രാമിൽ ചെയ്തിട്ടുണ്ടെന്നാണ് സ്വരാജും അമാനുല്ലയും പറയുന്നത്. സ്കൂളുകളിലും ആശുപത്രികളിലും സൗകര്യങ്ങൾ മെച്ചപ്പെട്ടു.

പാർട്ടി ഓഫിസിൽ ഒരു ബാനർ വലിച്ചു കെട്ടിയിട്ടുണ്ട്. ‘ദീദിയെ വിളിക്കാം’ എന്നാണു തലക്കെട്ട്. താഴെയൊരു ഫോൺ നമ്പറുണ്ട്. ജനങ്ങൾക്ക് പ്രശ്നങ്ങൾ പറയാനും അഭിപ്രായങ്ങൾ അറിയിക്കാനുമുള്ള ഹെൽപ്‌ലൈൻ.

അപ്പോൾ മമത സിറ്റിങ് മണ്ഡലമായ കൊൽക്കത്തയിലെ ഭബാനിപുർ വിടുമോ? അതോ അവിടെയും നന്ദിഗ്രാമിലും മത്സരിക്കുമോ? അത് അമാനുല്ലയ്ക്കറിയില്ല. ‘അതൊക്കെ വലിയ സംഗതിയല്ലേ. ഞങ്ങൾ എളിയ പ്രവർത്തകർ മാത്രം.’

ശരിയാണ്. മമതയുടെ മനസ്സിൽ എന്താണെന്ന് മുതിർന്ന നേതാക്കളും പറയുന്നില്ല. മമതയും അതു തെളിച്ചു പറഞ്ഞിട്ടില്ല.

നന്ദിഗ്രാം റാലിയിൽ മമത പറഞ്ഞത് ഇങ്ങനെയാണ്: ‘ഭബാനിപുരിനെ ഞാൻ അവഗണിക്കില്ല. അവിടെ നല്ലൊരു സ്ഥാനാർഥിയുണ്ടാകും. ഭബാനിപുർ എന്റെ മൂത്ത ചേച്ചിയാണ്. നന്ദിഗ്രാം മറ്റൊരു സഹോദരി. രണ്ടിടത്തും മത്സരിക്കാൻ ശ്രമിക്കും.’ – മൊത്തത്തിൽ നോക്കിയാൽ മമത നന്ദിഗ്രാമിൽ മാത്രം മത്സരിക്കാനാണു സാധ്യത.

നന്ദിഗ്രാമിൽ പോരാടാനുള്ള തീരുമാനത്തിൽ മമതയുടെ രോഷം കൂടി വായിക്കാം. പഴയ വിശ്വസ്തൻ സുവേന്ദു അധികാരിയെ നേരിടുകയെന്ന വാശി.

സുവേന്ദു ആളെങ്ങനെ, എന്നെങ്ങാനും ചോദിച്ചാൽ സ്വരാജും അമാനുല്ലയും പ്രതികരിക്കുക പഴയ നേതാവിനെ ഒട്ടും പരിചയമില്ലാത്തതു പോലെയാണ്. ‘അദ്ദേഹം മത്സരിക്കുമെന്നൊക്കെ കേൾക്കുന്നു. അറിയില്ല. ഇവിടെ അവരുടെ അനക്കമൊന്നുമില്ല.’ ദീദിയുടെ തണൽ പറ്റി മാത്രമാണ് സുവേന്ദു എംഎൽഎയായതെന്നു കൂടി അവർ പറയുന്നു.

നന്ദിഗ്രാമിൽ എവിടെയും തൃണമൂൽ, ബിജെപി കൊടികൾ കാണാം. ഇടയ്ക്കൊക്കെ നരേന്ദ്ര മോദിയുടെ പൂർണകായ കട്ടൗട്ട് കണ്ടു. പക്ഷേ, ധൈര്യമായി സ്ഥാനാർഥിയുടെ പേരു പറഞ്ഞു ചുവരെഴുതിയത് തൃണമൂൽ മാത്രമാണ്.

കൊൽക്കത്ത നഗരത്തിലും 116–ാം നമ്പർ ദേശീയപാതയിലും മാത്രമല്ല, നന്ദിഗ്രാമിലെ ചെറിയ ചുവരുകളിലും തൃണമൂലിന്റെ പുതിയ മുദ്രാവാക്യമുണ്ട്: ബംഗ്ല നിജേർ മെയെകെ ചായ് (ബംഗാളിനു വേണ്ടതു സ്വന്തം പെങ്ങളെയാണ്). മാ മട്ടി മനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്നതായിരുന്നു നന്ദിഗ്രാം, സിംഗൂർ സംഭവങ്ങൾക്കു പിന്നാലെ തൃണമൂലിന്റെ മുദ്രാവാക്യം. പുതിയ വെല്ലുവിളികൾക്കു നേരെ പുതിയ പരിച.

Content Highlights: Mamata Banerjee, Nandigram, West Bengal Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com