ADVERTISEMENT

ചെന്നൈ ∙ പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി; സഖ്യം വിട്ട് എൻആർ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങുന്നു. ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം കൊടുക്കാമെന്നു ബിജെപി വാക്കുനൽകാത്തതാണു കാരണം. സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് നിർമൽ കുമാർ അനുനയത്തിനെത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് എൻആർ കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. രംഗസാമി അറിയിച്ചതായാണു സൂചന.

മന്ത്രിസഭയിലെ രണ്ടാമനെ ഉൾപ്പെടെ ചാക്കിട്ടുപിടിച്ച് കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയ ബിജെപി, ഭരണം പിടിക്കാനുറച്ചു നീങ്ങുന്നതിനിടെയാണു രംഗസാമി ഇടഞ്ഞത്. 30 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ഒറ്റ സീറ്റുപോലും ജയിക്കാത്ത ബിജെപിക്കു മുന്നണിയുടെ ചുക്കാൻ കൊടുക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. ഒറ്റയ്ക്കു മത്സരിച്ച എൻആർ കോൺഗ്രസ് 7 സീറ്റിൽ ജയിച്ചിരുന്നു.

പുതുച്ചേരിയിൽ ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്നു കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ പ്രസംഗിച്ചതാണ് എൻആർ കോൺഗ്രസിനെ ചൊടിപ്പിച്ചത്. മുന്നണിയിലെ മറ്റൊരു കക്ഷിയായ അണ്ണാഡിഎംകെ നിലപാടു വ്യക്തമാക്കിയിട്ടില്ല. 4 സീറ്റാണു പാർട്ടി കഴിഞ്ഞ തവണ നേടിയത്.

മറുപക്ഷത്ത്, കോൺഗ്രസ് - ഡിഎംകെ സഖ്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. തമിഴ്നാട്ടിലേതുപോലെ, കോൺഗ്രസ് - ഡിഎംകെ - ഇടതു സഖ്യം പുതുച്ചേരിയിലും യാഥാർഥ്യമായാൽ മാഹി മണ്ഡലം ആർക്കു നൽകുമെന്നതും ചർച്ചാവിഷയമാണ്. കണ്ണൂരിനോടു ചേർന്നു കിടക്കുന്ന മാഹിയിൽ കോൺഗ്രസും ഇടതു പാർട്ടികളും തമ്മിലാണു പ്രധാന മത്സരം. അതിനിടെ, കഴിഞ്ഞദിവസം കോൺഗ്രസ് വിട്ട എംഎൽഎമാരിൽ ഒരാൾ എൻആർ കോൺഗ്രസിൽ ചേർന്നു.

തമിഴിസൈ ‘കാബിനറ്റിൽ’

പുതുച്ചേരി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിയമസഭയിലെ കാബിനറ്റ് മുറിയിൽ കൂടിയാലോചനാ യോഗം നടത്തിയതു ചർച്ചയായി. ലഫ്. ഗവർണർമാർ സാധാരണ രാജ്ഭവനിൽനിന്നാണു ഭരണനിർവഹണം നടത്തുന്നത്. എവിടെ യോഗം ചേർന്നുവെന്നല്ല, കാര്യങ്ങൾ നടക്കുന്നുണ്ടോയെന്നതാണു പ്രധാനമെന്നു തമിഴിസൈ പ്രതികരിച്ചു.

English Summary: Setback for BJP in Puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com