ADVERTISEMENT

തൃണമൂൽ കോൺഗ്രസ് 291 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടത് – കോൺഗ്രസ് – ഐഎസ്എഫ് സഖ്യം സീറ്റ് വിഭജനം പൂർത്തിയാക്കി. ബിജെപി ആദ്യ ഗഡു സ്ഥാനാർഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കും – ബംഗാൾ ആദ്യ ഘട്ടം വോട്ടെടുപ്പിനായി ഉണർന്നു കഴിഞ്ഞു.

8 ഘട്ടങ്ങളിലേക്കുമുള്ള എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചാണ് തൃണമൂൽ കളത്തിലിറങ്ങിയത്. ബിജെപി ആദ്യ 2 ഘട്ടങ്ങൾക്കുള്ള സ്ഥാനാർഥികളെയാണ് ഇന്നു പ്രഖ്യാപിക്കുക.

ഇടത് – കോൺഗ്രസ് – ഐഎസ്എഫ് സഖ്യത്തിലെ തർക്കങ്ങൾ കാരണമാണു സീറ്റ് ധാരണ വൈകിയത്. സ്ഥാനാർഥികളെ അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേക്കും.

ഭവാനിപുർ ഉപേക്ഷിച്ച് മമത

മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കും; സിറ്റിങ് സീറ്റായ കൊൽക്കത്തയിലെ ഭവാനിപുർ ഉപേക്ഷിക്കും. 294ൽ 291 സീറ്റിലേക്കുമുള്ള പട്ടികയാണ് മുഖ്യമന്ത്രി മമത ബാനർജി പുറത്തുവിട്ടത്. കലിംപോങ്, ഡാർജിലിങ് മേഖലകളിലെ 3 സീറ്റുകൾ സഖ്യകക്ഷിയായ ഗൂർഖ ജൻമുക്തി മോർച്ചയ്ക്കു നൽകി.

ഏറെ പ്രത്യേകതകളുള്ളതാണ് തൃണമൂൽ പട്ടിക. ഇരുപത്തഞ്ചോളം സിറ്റിങ് എംഎൽഎമാർക്കു സീറ്റില്ല. ചെറുപ്പക്കാർക്കും വനിതകൾക്കും കൂടുതൽ അവസരം നൽകിയിട്ടുണ്ട്. അൻപതോളം വനിതകൾ പട്ടികയിലുണ്ട്. ചലച്ചിത്ര താരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. 80 വയസ്സു കഴിഞ്ഞവരെ ഒഴിവാക്കി. പക്ഷേ, അധികാരത്തിലെത്തിയാൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി വിധാൻ പരിഷത്ത് രൂപീകരിക്കുമെന്നു മമത ബാനർജി പറഞ്ഞു.

നന്ദിഗ്രാമിൽ മാത്രമേ മത്സരിക്കുന്നുള്ളൂ എന്നും ഭവാനിപുരിൽ സവൻദീപ് ചതോപാധ്യായ സ്ഥാനാർഥിയാകുമെന്നും മമത വ്യക്തമാക്കി. ‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇഷ്ടം പോലെ കേന്ദ്ര സേനയെ നിയോഗിക്കാം പക്ഷേ, തൃണമൂൽ കോൺഗ്രസ് തന്നെ ജയിച്ചു വരും’’ – മമത പറഞ്ഞു. തൃണമൂൽ നേരിട്ടതിൽ ഏറ്റവും അനായാസമായ തിരഞ്ഞെടുപ്പാണിതെന്ന് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സുവേന്ദു വരുമോ?

ബംഗാളിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നന്ദിഗ്രാമിലാവും നടക്കുക. 2011ൽ അധികാരത്തിലെത്താൻ മമതയെ ഏറെ സഹായിച്ച സുവേന്ദു അധികാരി മമതയ്ക്കെതിരെ ബിജെപി സ്ഥാനാർഥിയാകുമെന്നാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ അഭിപ്രായം നിർണായകമാണ്. തൃണമൂലിന്റെ സിറ്റിങ് എംഎൽഎയായ സുവേന്ദു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.

ഭൂമി ഏറ്റെടുക്കലിനെതിരായ സമരത്തിലൂടെ മമതയ്ക്ക് അധികാരത്തിലേക്ക് അടിത്തറയൊരുക്കിയ സിംഗൂരിൽ സിറ്റിങ് എംഎൽഎ രബീന്ദ്രനാഥ് ഭട്ടാചാര്യയ്ക്ക് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. പകരം മറ്റൊരു ശക്തനായ നേതാവ് ബേച്ചാറാം മന്നയ്ക്കാണ് സീറ്റ്. ഹരിപാൽ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ്.

രണ്ട് എംഎൽഎമാരിൽ ആരെ പിണക്കിയാലും അയാൾ ബിജെപിയിലേക്കു പോകുമെന്ന സ്ഥിതിയായിരുന്നു. എംഎൽഎമാർ തമ്മിൽ ഏറെ നാളായി കടുത്ത പോരിലാണ്. ഇതിന്റെ പേരിൽ ബേച്ചാറാമിനെ മുൻപ് മമത ശകാരിക്കുകയും അദ്ദേഹം എംഎൽഎ സ്ഥാനം ഒഴിയാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും വാർത്ത പരന്നു. ബേച്ചാറാമിനെ കൂടെ നിർത്താൻ മമത താൽപര്യം കാട്ടിയപ്പോൾ രബീന്ദ്രനാഥ് ബിജെപിയോട് അടുത്തു തുടങ്ങിയെന്നും അഭ്യൂഹമുണ്ട്.

ചലച്ചിത്ര നടിമാരായ കൗശനി മുഖർജി, ലവ്‌ലി മൈത്ര, ജൂൺ മല്യ, സായന്തിക ബാനർജി, സായനി ഘോഷ്, നടൻമാരായ കാഞ്ചക് മല്ലിക്, സോഹം ചക്രവർത്തി, ഫുട്ബോൾ താരം ബിദേശ് ബോസ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ഹുമയൂൺ കബീർ എന്നിവരാണ് തൃണമൂൽ പട്ടികയിലുള്ള രാഷ്ട്രീയക്കാരല്ലാത്തവർ.

പേടിച്ചോടിയെന്ന് ബിജെപി

ഭവാനിപുരിൽനിന്നു മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിലേക്കു മാറുന്നതിനെ പരിഹസിച്ചു ബിജെപി നേതാക്കൾ. തോൽവി ഉറപ്പായതോടെ മമത ഭവാനിപുരിൽനിന്നു നന്ദിഗ്രാമിലേക്ക് ലോങ് ജംപ് നടത്തിയിരിക്കുന്നു എന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ട്വിറ്ററിൽ കുറിച്ചു. ഓടിക്കോളൂ പക്ഷേ, ഒളിക്കാനാവില്ല എന്നും അദ്ദേഹം എഴുതി.

ആദ്യ വോട്ട് ചെയ്യുന്നതിനു മുൻപേ മമത തോൽവി സമ്മതിച്ചെന്നാണ് ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യയുടെ ട്വീറ്റ്.

ഇടതു പാർട്ടികൾ 165 സീറ്റിൽ, കോൺഗ്രസിന് 92

തൃണമൂൽ, ബിജെപി വിരുദ്ധ മുന്നണിയായ സംയുക്ത മോർച്ച ഇന്നലെ സീറ്റ് വിഭജനം പൂർത്തിയാക്കി. ഇടതു പാർട്ടികൾ 165 സീറ്റിലും കോൺഗ്രസ് 92 സീറ്റിലും ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) 37 സീറ്റിലും മത്സരിക്കും.

ഇടതു മുന്നണിയിലെ പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം ബിമൻ ബോസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധിർ ചൗധരിയുമായി ചർച്ച നടത്തി. ആദ്യ രണ്ടു ഘട്ടങ്ങളിൽ വോട്ടെടുപ്പു നടക്കുന്ന 60 സീറ്റുകളിൽ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ കോൺഗ്രസും ഐഎസ്എഫും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രശ്നങ്ങൾ തീർന്നെന്നു വ്യക്തമാക്കി ഐക്യം പ്രഖ്യാപിച്ച് ഇന്നു മോർച്ച നേതാക്കൾ ഒന്നിച്ച് റാലി നടത്തും.

ബിജെപിയുടെ ആദ്യ പട്ടിക ഇന്ന്

ആദ്യ രണ്ടു ഘട്ടങ്ങളിൽ വോട്ടെടുപ്പു നടക്കുന്ന 60 സീറ്റുകളിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കൾ കൊൽക്കത്തയിൽ എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവർ പങ്കെടുക്കുന്ന ബിജെപിയുടെ ഉന്നത യോഗം ഇന്നു ഡൽഹിയിൽ ചേരുന്നുണ്ട്.

English Summary: Bengal assembly election - Trinamool Congress candidate list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com