ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലും അസമിലും പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്നാട്ടിലും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന് ഊന്നൽ നൽകും.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പ്രചാരണ സമ്മേളനങ്ങളേറെയും കേരളവും അസമും കേന്ദ്രീകരിച്ചാകും. കേരളത്തിലെ തീരദേശത്തു രാഹുലും അസമിലെ തോട്ടം മേഖലയിൽ പ്രിയങ്കയും നടത്തിയ പ്രചാരണം പാർട്ടിക്ക് ഉണർവേകിയെന്നു കണക്കുകൂട്ടുന്ന ഹൈക്കമാൻഡ്, സമാനരീതിയിൽ ഇരുവരുടെയും കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

ഗ്രൂപ്പ് വ്യത്യാസം മാറ്റിവച്ച്, ജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ നിർത്തിയാൽ പ്രചാരണത്തിൽ സജീവമായി ഇടപെടാൻ ഒരുക്കമാണെന്നു സംസ്ഥാന നേതൃത്വത്തെ രാഹുൽ അറിയിച്ചിട്ടുണ്ട്.

രാഹുൽ ഉൾപ്പെട്ട നേതൃത്വത്തിന്റെ പ്രവർത്തനരീതിയെ ചോദ്യം ചെയ്ത ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കളുടെ വായടപ്പിക്കാനും കോൺഗ്രസിലെ ഒൗദ്യോഗിക പക്ഷത്തിനു വിജയം അനിവാര്യമാണ്.

അസം: ബിജെപിയുടെ ആദ്യ പട്ടികയായി

ന്യൂഡൽഹി ∙ അസം തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ധനമന്ത്രി ഹിമന്ത ബിശ്വശർമ, സംസ്ഥാന പ്രസിഡന്റും മുൻ സ്പീക്കറുമായ രഞ്ജിത് കുമാർ ദാസ് എന്നിവർ പട്ടികയിലുണ്ട്. മുഖ്യമന്ത്രി ആദ്യ ഘട്ടത്തിലും മറ്റു 2 പേർ 3–ാം ഘട്ടത്തിലുമാണ് മത്സരിക്കുന്നത്. 3 വനിതകളുൾപ്പെടെ 70 പേരുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. മാർച്ച് 27 മുതൽ 3 ഘട്ടങ്ങളിലായാണ് അസമിൽ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ഉന്നത നേതാക്കൾ പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയാണ് അന്തിമ പട്ടികയ്ക്ക് അംഗീകാരം നൽകിയത്.

English Summary: Congress campaign in kerala and assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com