ADVERTISEMENT

കൊൽക്കത്ത ∙ സീറ്റ് കിട്ടാത്ത 5 സിറ്റിങ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. സിംഗൂർ എംഎൽഎ രബീന്ദ്രനാഥ് ഭട്ടാചാര്യ, സോനാലി ഗഹ, ദീപേന്ദു ബിശ്വാസ്, ജത്തു ലാഹിരി, ശീതൾ സർദാർ എന്നിവരാണു പാർട്ടി വിട്ടത്.

തൃണമൂൽ സ്ഥാനാർഥിപ്പട്ടികയിലുണ്ടായിരുന്ന സരള മുർമുവും (ഹബീബ്പുർ) ബിജെപിയിലെത്തി. ആദ്യ പട്ടികയിലുണ്ടായിരുന്ന സരള മുർമുവിനെ ആരോഗ്യ കാരണങ്ങളാൽ മാറ്റിയെന്ന് തൃണമൂൽ‍‍ കോൺഗ്രസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ, സ്ഥാനാർഥി പാർട്ടി വിടുമെന്നു കണ്ടാണു മാറ്റമെന്ന് ഇപ്പോൾ വ്യക്തമായി. ഇവർക്കു മാൽഡയിൽ മത്സരിക്കാനായിരുന്നു താൽപര്യമെങ്കിലും സീറ്റ് കിട്ടിയത് ഹബീബ്‌പുരിലാണ്.

തൃണമൂൽ വിട്ടവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും നന്ദിഗ്രാമിൽ മമത ബാനർജിയുടെ എതിർ സ്ഥാനാർഥി സുവേന്ദു അധികാരിയും മറ്റും ചേർന്നു സ്വീകരിച്ചു.ഇവർ പാർട്ടി വിടുമെന്നു സംശയമുള്ളതിനാലാണു സ്ഥാനാർഥിയാക്കാഞ്ഞതെന്നാണ് തൃണമൂൽ നേതാക്കൾ പറയുന്നത്.

മൂന്നാം തവണയും അധികാരം നേടാനുള്ള തൃണമൂലിന്റെയും മമതയുടെയും ശ്രമങ്ങൾക്കു വലിയ തിരിച്ചടിയായാണ് സീറ്റ് കിട്ടാത്ത നേതാക്കളുടെ കൂടുമാറ്റം തുടരുന്നത്. അംഗങ്ങളുടെ കൂറുമാറ്റത്തിലൂടെ മാൽഡ ജില്ലാ പരിഷത്ത് ഭരണവും തൃണമൂലിനു നഷ്ടമായി. 14 തൃണമൂൽ അംഗങ്ങളാണ് ബിജെപിയിൽ ചേർന്നത്.

English Summary: TMC Candidate from Habibpur Sarala Murmu to Join BJP as Desertion Marks a New Trend in Bengal Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com