ADVERTISEMENT

ന്യൂഡൽഹി ∙ ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കി ബിഎസ്എൻഎൽ 4ജി വികസനത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. 

ടെലികോം സാങ്കേതിക മേഖലയിലെ ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണിത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കു ടെൻഡറിൽ പങ്കെടുക്കാനാവില്ലെന്നാണു വ്യവസ്ഥ. 

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എംപവേഡ് ടെക്നോളജി ഗ്രൂപ്പ് (ഇടിജി) ഇതു സംബന്ധിച്ച ശുപാർശ ബിഎസ്എൻഎല്ലിനു നൽകി. യൂറോപ്യൻ കമ്പനികളായ നോക്കിയ, എറിക്സൻ, ദക്ഷിണ കൊറിയൻ കമ്പനി സാംസങ് തുടങ്ങിയവയെ ടെൻഡറിൽ ഉൾപ്പെടുത്താം.

2ജി, 3ജി സേവനത്തിന് ഉപയോഗിക്കുന്ന 49,300 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (ബിടിഎസ്) ബിഎസ്എൻഎല്ലിനുണ്ട്. ഇവയെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള കരാറും നൽകിയേക്കും. 

ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കുന്നതിനു 8,000 കോടി രൂപയുടെ ടെൻഡർ നടപടികൾ കഴിഞ്ഞ വർഷം മാർച്ചിലാണ് ആരംഭിച്ചത്. ലഡാക്കിലെ ചൈനീസ് പ്രകോപനത്തിനു പിന്നാലെ ജൂലൈയിൽ ടെൻഡർ ബിഎസ്എൻഎൽ റദ്ദാക്കി. പിന്നീടു തദ്ദേശീയമായി ടെൻഡർ ക്ഷണിച്ചെങ്കിലും രാജ്യാന്തര കമ്പനികളെക്കാൾ 90 % വരെ അധികനിരക്കാണ് ആവശ്യപ്പെട്ടത്. 

ഇതോടെയാണു വിദേശ കമ്പനികളെയും ഉൾപ്പെടുത്താമെന്നു വ്യവസ്ഥ മാറ്റിയത്.

ടെലികോം കമ്പനികൾക്ക് നെറ്റ്‌വർക് ഒരുക്കാനും പരിഷ്കരിക്കാനും നാഷനൽ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്ററുടെ (എൻസിഎസ്‌സി) അനുമതി ആവശ്യമാണെന്നും സർക്കാർ അനുവാദം നൽകുന്ന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും മാത്രമേ ഉപയോഗിക്കാവൂ എന്നും കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ജൂൺ 15 മുതൽ ഇതും പ്രാബല്യത്തിൽ വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com