ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് വ്യാപനം മുൻപില്ലാത്ത വേഗത്തിലാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മരണവും കോവിഡ് മൂലമുള്ള അനുബന്ധ പ്രശ്നങ്ങളും രണ്ടാം തരംഗത്തിൽ കൂടുതലാണ്. മുൻഗണനാക്രമം തെറ്റിക്കാതെ ജനം വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും മുൻകരുതലുകളിൽ വീഴ്ച വരുത്തിയാൽ കനത്ത വില നൽകേണ്ടി വരുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമാണെങ്കിലും ഏറ്റവും ആശങ്ക മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്.

അനൗദ്യോഗിക കണക്കു പ്രകാരം ലോകത്താകെ മരണം 30 ലക്ഷം പിന്നിട്ടു. ആദ്യത്തെ 20 ലക്ഷം മരണം ഒരു വർഷത്തിനിടെയായിരുന്നുവെങ്കിൽ തുടർന്നുള്ള 10 ലക്ഷം വെറും 3 മാസത്തിനിടെയാണു സംഭവിച്ചത്. പ്രതിദിന മരണസംഖ്യ കൂടുതലുള്ള രാജ്യങ്ങൾ ഇപ്പോൾ ബ്രസീലും ഇന്ത്യയുമാണ്. ഇന്ത്യയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 4.64 ലക്ഷം കേസുകളും 2620 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

കേരളത്തിലും കൂടുന്നു; ഇന്നലെ 3502 പേർ

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്നലെ 3502 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. എണ്ണം ഇനിയും ഉയരുമെന്നാണു വിലയിരുത്തൽ.

ഇന്നലെ 59,051 സാംപിളുകളാണു പരിശോധിച്ചത്. പോസിറ്റിവിറ്റി നിരക്ക് 5.93 %. ഇന്നലെ 14 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4694.ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 487, കണ്ണൂർ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂർ 282, മലപ്പുറം 261, തിരുവനന്തപുരം 210, പത്തനംതിട്ട 182, കൊല്ലം 173, പാലക്കാട് 172, ആലപ്പുഴ 165, ഇടുക്കി 158, കാസർകോട് 128, വയനാട് 118.

പിടിവിട്ട് കോവിഡ്; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങൾ

ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ∙ കോവിഡ് പിടിവിട്ടുയർന്നതോടെ ഡൽഹിയിൽ രാത്രി കർഫ്യൂവും മഹാരാഷ്ട്രയിൽ പകൽ നിരോധനാജ്ഞയും നിലവിൽ വന്നു. രാത്രി കർഫ്യൂവിനും വാരാന്ത്യ ലോക്ഡൗണിനും പുറമേയാണു മഹാരാഷ്ട്രയിൽ പുതിയ നിയന്ത്രണം. ഇന്നലെ ഇവിടെ 55,469 പേരാണു പോസിറ്റീവ്, ഇതിൽ 10,030 പേർ മുംബൈയിലാണ്. ഇന്നലെ മൊത്തം മരണം 297. ഇതോടെ കോവിഡ് ജീവൻ കവർന്നവർ 56,330 ആയി. നടി കത്രീന കൈഫ്,  സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര  എന്നിവർ പോസിറ്റീവായി.

ഡൽഹിയിൽ 5100 പേർ കൂടി കോവിഡ് ബാധിതരായി; മരണം 17. യുവാക്കൾക്കും മധ്യവയസ്കർക്കുമിടയിൽ കോവിഡ് മരണനിരക്ക് ഉയരുന്നതു കർണാടകയെ ആശങ്കയിലാക്കുന്നു. പോസിറ്റീവ് ആകുന്ന കുട്ടികളും കൂടുന്നു. പ്രതിദിന കോവിഡ് 6150; ഇതിൽ 4266 പേർ ബെംഗളൂരുവിലാണ്. ഇന്നലെ സംസ്ഥാനത്തൊട്ടാകെ കോവിഡ് മരണം 39.  തമിഴ്നാട്ടിൽ പുതുതായി 3,645 പോസിറ്റീവ്; മരണം15.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com