ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിന്റെ രണ്ടാം തരംഗം കൂടുതൽ അപകടകാരിയാകുന്നതിനിടെയാണു കുത്തിവയ്പ് കൂടുതൽ കേന്ദ്രങ്ങളിലേക്ക് എന്ന നിർണായക തീരുമാനത്തിൽ ആരോഗ്യമന്ത്രാലയം എത്തിയത്. കഴിഞ്ഞ ആഴ്ച വരെ വിതരണകേന്ദ്രം വഴി മാത്രം കുത്തിവയ്പ് എന്ന ശാഠ്യത്തിലായിരുന്നു ആരോഗ്യമന്ത്രാലയം. 

80 വയസ്സിനു മുകളിലുള്ളവർക്കു വീട്ടിൽ ചെന്നു വാക്സീൻ നൽകാമെന്ന മഹാരാഷ്ട്ര, രാജസ്ഥാൻ സർക്കാരുകളുടെ നിർദേശം കേന്ദ്രം തുടക്കത്തിലെ തള്ളിയിരുന്നു. 

ഇപ്പോഴത്തെ തീരുമാനത്തിലൂടെ കൂടുതൽ പേരിലേക്ക് വാക്സീൻ എത്തിക്കാനും വാക്സീനെടുക്കാനുള്ള യാത്രയ്ക്കിടയിലെ വ്യാപനം തടയാനുമാണ് ഉദ്ദേശിച്ചിട്ടുള്ളത്. 45–59 പ്രായപരിധിയിലുള്ളവർ ഏറ്റവും കൂടുതലുള്ളത് തൊഴിൽ–നിർമാണ–സേവന മേഖലയിലെ സ്ഥാപനങ്ങളിലാണെന്നതും പ്രധാനം. 

ജോലിസ്ഥലങ്ങളിൽ കുത്തിവയ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ മാർഗരേഖയിൽ നിന്ന്:

∙ കലക്ടർ അധ്യക്ഷനായ ജില്ലാതല കർമസമിതിയാണു വർക്ക് പ്ലേസ് വാക്സിനേഷൻ കേന്ദ്രത്തിന് അനുമതി നൽകേണ്ടത്. ഇതിനു സ്ഥാപന മേധാവിയുമായി ചർച്ചയാകാം. അനുമതി കിട്ടിയാൽ കുത്തിവയ്പു കേന്ദ്രമെന്ന നിലയിൽ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

∙ അതതു സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ നോഡൽ ഓഫിസർ ആയി നിയമിക്കണം. റജിസ്ട്രേഷൻ മുതൽ സാങ്കേതിക സൗകര്യങ്ങളിൽ വരെ ഇദ്ദേഹം മേൽനോട്ടം വഹിക്കണം.

∙ അതതു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 45 വയസ്സോ അതിനു മുകളിലോ ഉള്ളവർക്കു മാത്രമാണ് വാക്സീൻ. കുടുംബാംഗങ്ങൾ ഉൾപ്പെടെ പുറത്തു നിന്നുള്ളവരെ അനുവദിക്കില്ല.

∙ പോർട്ടലിലെ റജിസ്ട്രേഷൻ ആവശ്യമാണ്. മറ്റ് കുത്തിവയ്പു കേന്ദ്രങ്ങളിലേതു പോലെ, കാത്തിരിപ്പു മുറി, നിരീക്ഷണ മുറി, കുത്തിവയ്പു മുറി തുടങ്ങിയ സൗകര്യങ്ങളും നിർബന്ധം. അതും സ്ഥിരം മുറികളായിരിക്കണം. പന്തൽ പോലെ താൽക്കാലിക സംവിധാനങ്ങൾ അനുവദിക്കില്ല.

∙ സ്ഥാപനത്തിന് ആശുപത്രിയോ ക്ലിനിക്കോ ഉണ്ടെങ്കിൽ ഉപയോഗപ്പെടുത്താം.

∙ തൊട്ടടുത്തുള്ള സ്ഥിരം വാക്സീൻ കേന്ദ്രവുമായി ചേർന്നായിരിക്കും ഇത്തരം കേന്ദ്രം പ്രവർത്തിക്കുക. ഈ കേന്ദ്രത്തിൽ നിന്നായിരിക്കും വാക്സീൻ എത്തിക്കേണ്ടത്.

English Summary: Covid vaccine campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com