ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ കേന്ദ്രത്തിന്റെ വാക്സീൻ വിതരണ നയം ചോദ്യം ചെയ്യപ്പെടുന്നു. ഉൽപാദക കമ്പനികളിൽ നിന്നു വിദേശ രാജ്യങ്ങൾക്കു വാക്സീൻ വാങ്ങാമെന്നിരിക്കെ, സംസ്ഥാനങ്ങൾക്ക് ഈ സ്വാതന്ത്ര്യം വിലക്കുന്നതാണ് പരാതിക്കു വഴിവച്ചത്.

തുടക്കം മുതൽ രാജ്യത്തു വാക്സീൻ വിതരണം കേന്ദ്രസംവിധാനം വഴിയാണ്. കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ, മഹാരാഷ്ട്ര, ആന്ധ്ര, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, തെലങ്കാന, പഞ്ചാബ് എന്നീ സർക്കാരുകൾ ഇതിനെതിരെ രംഗത്തെത്തി. വാക്സീൻ ലഭ്യതക്കുറവാണ് ഈ സംസ്ഥാനങ്ങളുടെ പ്രശ്നം. 

ഒഡീഷയിൽ 700 വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. കൂടുതൽ പേർക്കു കുത്തിവയ്പ് നൽകണമെന്നു കേന്ദ്രസർക്കാർ തന്നെ പറയുന്നതിനിടെയാണു പ്രതിസന്ധി.

വിമർശിച്ച് ഹർഷ് വർധൻ

നേരത്തെ പ്രഖ്യാപിച്ച 7.3 ലക്ഷം ഡോസുകൾക്കു പകരം 10 ലക്ഷം ഡോസ് കൂടി മഹാരാഷ്ട്രയ്ക്ക് അനുവദിച്ചു. ഇതും മതിയാകില്ലെന്നും യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയവർക്കു നൽകിയതിനെക്കാൾ കൂടുതൽ വേണമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ‌ടോപെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ആരോപണം ഉന്നയിച്ച സംസ്ഥാന സർക്കാരുകൾക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ രംഗത്തു വന്നു. പ്രതിരോധത്തിലെ പാളിച്ച മറയ്ക്കാനാണു വൈറസും വാക്സീനും രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാക്സീനിൽ പക്ഷഭേദമെന്ന് മഹാരാഷ്ട്ര 

മുംബൈ ∙ കോവിഡ് പിടിവിട്ടുയരുന്ന മഹാരാഷ്ട്രയിൽ വാക്സീൻ സ്റ്റോക്ക് തീർന്നതിനെത്തുടർന്ന് ഒട്ടേറെ മേഖലകളിൽ കുത്തിവയ്പ് മുടങ്ങി. വാക്സീൻ വിതരണം കുറച്ചതിനെതിരെ സംസ്ഥാനം കേന്ദ്രത്തിനെതിരെ രംഗത്തെത്തി.

മഹാരാഷ്ട്രയ്ക്ക് 7.5 ലക്ഷം ഡോസ് മാത്രം നൽകിയപ്പോൾ യുപിക്ക് 48 ലക്ഷം, മധ്യപ്രദേശിന് 40 ലക്ഷം, ഗുജറാത്തിന് 30 ലക്ഷം ഡോസ് വീതമാണു കൈമാറിയത്. ഇത് ക്രൂരമായ അവഗണനയാണെന്നാണ് ആരോപണം. അതിനിടെ, കോവിഡ് ഭേദമായതിനെ തുടർന്ന് ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ആശുപത്രി വിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com