ADVERTISEMENT

ന്യൂഡൽഹി ∙ ദക്ഷിണ ചൈനക്കടലിലും മറ്റു രാജ്യാന്തര സമുദ്രസഞ്ചാര സ്വാതന്ത്ര്യപ്രശ്നങ്ങളിലും അഭിപ്രായ സമന്വയമുണ്ടെങ്കിലും കാതലായ ചില സമുദ്ര പരമാധികാര പ്രശ്നങ്ങളിൽ ഇന്ത്യയും യുഎസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നു ലക്ഷദ്വീപ് കടലിലെ സംഭവം എടുത്തുകാട്ടുന്നു– പ്രധാനമായും എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (ഇഇസെഡ്) സംബന്ധിച്ച കാര്യങ്ങളിൽ.

തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള അതിർത്തിയാണു തീരരാജ്യത്തിന്റെ പരമാധികാര പ്രദേശമായി (ടെറിട്ടോറിയൽ വാട്ടേഴ്സ്) അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 200 നോട്ടിക്കൽ മൈൽ വരെയുള്ള ജലാതിർത്തി ‘യുഎൻ കൺവൻഷൻ ഓൺ ദ് ലോസ് ഓഫ് ദ് സീ’ ഇഇസെഡ് ആയി നിർവചിക്കുന്നു. യുഎൻ കൺവൻഷൻ രേഖ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെങ്കിലും യുഎസ് അംഗീകരിച്ചിട്ടില്ല. ഈ പ്രദേശത്തു തീരരാജ്യങ്ങൾ പരമാധികാരം അവകാശപ്പെടുന്നത് ‘എക്സസീവ് മാരിടൈം ക്ലെയിം’ അഥവാ കടന്നു കയറി ഉയർത്തുന്ന അവകാശമായാണ് അമേരിക്ക കാണുന്നത്.

അമേരിക്കയ്ക്ക് പൊതുവഴി

ഏതു രാജ്യത്തിന്റെയും ടെറിട്ടോറിയൽ വാട്ടേഴ്സ് അല്ലാത്ത സമുദ്രപ്രദേശം (12 നോട്ടിക്കൽ മൈലിനപ്പുറമുള്ള കടൽ) ലോകത്തിന്റെ പൊതുസ്വത്തോ അല്ലെങ്കിൽ ‘പൊതുവഴി’യോ ആയാണു യുഎസ് കാണുന്നതെന്ന് ഇന്ത്യൻ തീരസംരക്ഷണ സേന മുൻ തലവൻ ഡോ. പ്രഭാകരൻ പലേരി മനോരമയോടു പറഞ്ഞു. അവിടെ സ്വതന്ത്രമായി കടന്നുപോകാനും വേണ്ടിവന്നാൽ സൈനികാഭ്യാസം നടത്താനും അവകാശമുണ്ടെന്നാണു യുഎസിന്റെ വാദം.

എന്നാൽ ഇന്ത്യയ്ക്ക് 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രാതിർത്തി തീരരാജ്യത്തിന്റെ സ്വത്താണ്. ആ പ്രദേശത്തുനിന്നു ധാതുക്കളും മറ്റും ഖനനം ചെയ്യാനും മത്സ്യബന്ധനം നടത്താനും അതിനാവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും തീരരാജ്യത്തിനു മാത്രമേ അധികാരമുള്ളൂ. അവിടെക്കൂടി കടന്നുപോകുമ്പോൾ പടക്കപ്പലുകൾ തീരരാജ്യത്തെ അറിയിക്കണം, അഭ്യാസം നടത്താനാണെങ്കിൽ അനുമതി വാങ്ങിയിരിക്കണം.

യുഎസ് ലക്ഷ്യം ചൈന?

അതേസമയം സമുദ്ര സുരക്ഷാ കാര്യങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ സഹകരണം വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടായതിനു പിന്നിൽ മറ്റു ശാക്തിക നയതന്ത്ര കാരണങ്ങളാണു നാവികാസ്ഥാനത്തെ ഉദ്യോഗസ്ഥർ കാണുന്നത്. ദക്ഷിണ ചൈനക്കടലിൽ തങ്ങൾക്കു പരമാധികാരമുണ്ടെന്ന ചൈനയുടെ വാദത്തിനെതിരെ പ്രയോഗിക്കാനായി ഇന്ത്യൻ സമുദ്രാതിർത്തിയിൽ ഒരു പരീക്ഷണ സംഭവം സൃഷ്ടിക്കാനാകാം യുഎസ് ശ്രമിക്കുന്നത് എന്നാണ് ഒരു അഭിപ്രായം. ദക്ഷിണ ചൈനക്കടലെന്നല്ല, തങ്ങളുടെ സുഹൃത്തായ ഇന്ത്യയുടെ ലക്ഷദ്വീപ് കടലിലോ ലോകത്തെവിടെയുമോ 12 നോട്ടിക്കൽ മൈലിനപ്പുറത്തേക്ക് ഒരു തീരരാജ്യത്തിന്റെയും പരമാധികാരം അംഗീകരിക്കുന്നില്ലെന്ന്് ഊന്നിപ്പറയാൻ യുഎസ് ‘സൃഷ്ടിച്ച സംഭവം’ എന്നാണു വാദം. 

കടന്നുകയറ്റം മുൻപും

ഇന്ത്യയുടെ ഇഇസെഡിൽ മുൻപും അമേരിക്കൻ പടക്കപ്പലുകളും സൈനിക ഗവേഷണക്കപ്പലുകളും കടന്നുകയറിയിട്ടുണ്ട്. 1999–2000ൽ അമേരിക്കൻ ഗവേഷണക്കപ്പലായ റോൺ ബ്രൗണും നാവികസേനയുടെ പര്യവേഷണക്കപ്പലായ യുഎസ്എൻഎസ് ബൗഡിച്ചും 3 തവണയും ബ്രിട്ടിഷ് സൈനിക പര്യവേക്ഷണക്കപ്പലായ എച്ച്എംഎസ് സ്കോട് 5 തവണയും അനുമതിയില്ലാതെ കടന്നുകയറിയത് അന്ന് ‘ദ് വീക്ക്’ വാരിക റിപ്പോർട്ട് ചെയ്തിരുന്നു.

അന്ന് ബ്രിട്ടിഷ് കപ്പൽ, കാർ നിക്കോബാർ ദ്വീപുകളുടെ 30 നോട്ടിക്കൽ മൈൽ വരെയും ഗുജറാത്തിലെ പോർബന്തറിന്റെ 138 നോട്ടിക്കൽ മൈൽ വരെയും അടുത്തെത്തിയിരുന്നു. മുങ്ങിക്കപ്പൽ പ്രവർത്തനങ്ങൾക്കു വേണ്ടി കടലിന്റെ അടിത്തട്ടു പര്യവേഷണം ചെയ്യാനാകാം കപ്പലുകൾ എത്തിയതെന്നായിരുന്നു സംശയം. അന്നു നയതന്ത്രതലത്തിൽ സ്വകാര്യമായി പ്രശ്നം പരിഹരിക്കുകയായിരുന്നു.

Content Highlight: Exclusive maritime claim violation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com