ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ വാങ്ങുന്ന വാക്സീന് ഏർപ്പെടുത്തിയ വില നിയന്ത്രണം, ബാധകമാക്കാത്തതിൽ സംസ്ഥാന സർക്കാരുകൾക്ക് ആശങ്ക. ഈ നയംമാറ്റം കൊള്ളലാഭമെടുക്കാൻ കമ്പനികൾക്ക് അവസരമൊരുക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേന്ദ്രത്തിന് സഹായ വില, സംസ്ഥാനത്തിന് വിപണിവില
പുതിയ നയ പ്രകാരം വാക്സീൻ ഉൽപാദനത്തിന്റെ 50% കേന്ദ്ര സർക്കാരിനുള്ളതാണ്. ഇപ്പോഴത്തെ നിരക്കിൽ (ഡോസിന് 150 രൂപ) തുടർന്നും കേന്ദ്രത്തിനു വാക്സീൻ കിട്ടും. സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ മേഖലയ്ക്കുമായി നീക്കിവച്ച 50 ശതമാനത്തിന്റെ വില തീരുമാനിക്കാനുള്ള അധികാരം കമ്പനികൾക്കാണ്. വില പരസ്യപ്പെടുത്തണമെന്ന ഉപാധി മാത്രമാണുള്ളത്. ചുരുക്കത്തിൽ, കമ്പനികൾ നിശ്ചയിക്കുന്ന വില സംസ്ഥാന സർക്കാരുകളും നൽകേണ്ടി വരും.
ഇനി പഴി സംസ്ഥാനങ്ങൾക്ക്
നയംമാറ്റം വഴി, കോവിഡ് പ്രതിരോധത്തിന്റെ പൂർണ ഉത്തരവാദിത്തവും കനത്ത സാമ്പത്തിക ഭാരവുമാണ് സംസ്ഥാനങ്ങളുടെ മേൽ വരുന്നത്. വാക്സീൻ ക്ഷാമത്തിനു വിമർശിച്ചിരുന്ന സംസ്ഥാനങ്ങളെ ഇനി കേന്ദ്രത്തിനു പഴിചാരാം; വില ഉൾപ്പെടെയുള്ള ബാധ്യതകളിൽ പങ്കാളിയാകാതെ തന്നെ.
ആദ്യ ഘട്ടങ്ങളിൽ വാക്സീൻ കൊടുത്ത മുൻഗണനാ വിഭാഗത്തിലുള്ളവരുടെ രണ്ടാം ഡോസ് മാത്രമാകും ഇനി കേന്ദ്രത്തിന്റെ ബാധ്യത. കേന്ദ്ര വിഹിതമായ 50% സംസ്ഥാനങ്ങൾക്കു നൽകുമെന്നു വിശദീകരണമുണ്ടെങ്കിലും ഇതിൽ ഓഹരി കുറയുമെന്ന ഭയം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുണ്ട്.
സൗജന്യം തുടരുമോ?
വാക്സീൻ വിതരണത്തിന്റെ തുടക്കത്തിൽ വലിയ ചർച്ചകൾക്കു വഴിവച്ച സൗജന്യ പ്രഖ്യാപനത്തിന്റെ ഭാവി എന്താകുമെന്നതിലും വ്യക്തതയില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്നു പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും സമാന പ്രഖ്യാപനം നടത്തി. നേരത്തേ കേരളം, ഡൽഹി, തമിഴ്നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളും എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
English Summary: Vaccine policy, new burden for states