ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റത്തിന് ഒരു വർഷം തികയുമ്പോൾ, ഇന്ത്യ ആ മേഖലയിൽ സേനാ സന്നാഹം ശക്തമാക്കി.  ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ദൈർഘ്യമേറിയ സംഘർഷം എന്ന നിലയിലേക്കാണു അതിർത്തിത്തർക്കം വളരുന്നത്. ലേ ആസ്ഥാനമായുള്ള 14–ാം കോറിലേക്ക് കൂടുതൽ സൈനികരെ ഉൾപ്പെടുത്തി. 

ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17–ാം പർവത പ്രഹര കോറിലേക്ക് പുതിയ ഡിവിഷൻ കൂടി ചേർത്ത് അംഗബലം വർധിപ്പിച്ചു. ഒരു ഡിവിഷനിൽ ഏതാണ്ട് 10,000 അംഗങ്ങളാണുള്ളത്. ഏതാനും മാസം മുൻപ് ഫ്രാൻസിൽ നിന്നു വാങ്ങിയ റഫാൽ യുദ്ധവിമാനങ്ങൾ മിസൈലുകൾ വഹിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ നിരീക്ഷണപ്പറക്കൽ നടത്തി. ചൊവ്വാഴ്ച അതിർത്തി മേഖലകൾ സന്ദർശിച്ച കരസേനാ മേധാവി ജനറൽ എം.എം. നരവനെ സ്ഥിതിഗതികൾ വിലയിരുത്തി. ജവാൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

2020 മേയിലെ ആദ്യ ദിവസങ്ങളിലാണു ചൈനീസ് സേനയുടെ സാന്നിധ്യം ഇന്ത്യൻ പ്രദേശങ്ങളിൽ കണ്ടെത്തിയത്. 

പാംഗോങ് തടാകത്തിന്റെ വടക്കൻ തീരം, ഗൽവാൻ, ഹോട്ട് സ്പ്രിങ്സ്, ഡെപ്സങ്, ഗോഗ്ര എന്നിവിടങ്ങളിലാണു ചൈന കടന്നുകയറിയത്. നേർക്കുനേർ നേരിടാൻ ഇന്ത്യൻ സേനയും അണിനിരന്നതോടെ സംഘർഷം കനത്തു. ജൂൺ 14നു രാത്രി ഗൽവാനിൽ ചൈനീസ് സേനയുടെ അതിക്രമത്തിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ ഭടന്മാർ വീരമൃത്യു വരിച്ചു. 

11 ചർച്ച, പരിഹാരം അകലെ

പാംഗോങ്, ഗൽവാൻ എന്നിവിടങ്ങളിൽ നിന്നു ചൈനീസ് സേന പിൻമാറിയെങ്കിലും ഡെപ്സങ്, ഹോട്ട് സ്പ്രിങ്സിലെ പട്രോളിങ് പോയിന്റ് 15 (പിപി 15), ഗോഗ്ര (പിപി 17 എ) എന്നിവിടങ്ങളിൽ സംഘർഷം തുടരുകയാണ്. ഇരു സേനകളുടെയും നേതൃത്വം അതിർത്തിയിൽ 11 വട്ടം കൂടിക്കാഴ്ച നടത്തിയെങ്കിലും പൂർണ പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞിട്ടില്ല. പാംഗോങ്, ഗൽവാൻ എന്നിവിടങ്ങളിലെ സേനാ പിന്മാറ്റം കൊണ്ട് ഇന്ത്യ തൃപ്തിപ്പെടണമെന്നാണു ചൈനയുടെ വാദം. കടന്നുകയറിയ സ്ഥലങ്ങളിൽ നിന്നെല്ലാം ചൈന പിന്മാറുക എന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയാറല്ലെന്നും 2020 ഏപ്രിൽ അവസാനം നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

ഇന്ത്യയുടെ വ്യോമതാവളമായ ദൗലത് ബേഗ് ഓൾഡി (ഡിബിഒ) എയർ സ്ട്രിപ് സ്ഥിതി ചെയ്യുന്ന ഡെപ്സങ്ങിൽ കണ്ണുവച്ചാണു അതിർത്തിത്തർക്കത്തിൽ ചൈന നിലപാട് കടുപ്പിക്കുന്നത്. അതിർത്തിയിലേക്ക് ദ്രുതഗതിയിൽ സന്നാഹങ്ങൾ എത്തിക്കുന്നതിൽ ഡിബിഒ താവളം ഇന്ത്യയ്ക്കു നിർണായകമാണ്. 

പ്രശ്നം വലിച്ചുനീട്ടി, നിലയുറപ്പിച്ചിരിക്കുന്ന പ്രദേശങ്ങളിൽ ആധിപത്യമുറപ്പിക്കാനാണു ചൈനയുടെ ശ്രമമെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വീണ്ടും ചർച്ച നടത്താൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. 14–ാം കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി.ജി.കെ. മേനോൻ ആണ് ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.

Content Highlights: India China border dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com